ബിജെപി ജില്ലാതല സ്ഥാനാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു: കണ്ണൂരില്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ത്തന്നെ ബിജെപി വിജയിച്ചു കഴിഞ്ഞു: എച്ച്.രാജ

Tuesday 20 October 2015 10:44 pm IST

കണ്ണൂര്‍: ബിജെപി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെയും എന്‍ഡിഎ മുന്നണി ഘടകകക്ഷികളുടെ സ്ഥാനാര്‍ത്ഥികളുടെയും സംഗമം കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ സംഘടിപ്പിച്ചു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജ സംഗമം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കണ്ണൂര്‍ ജില്ലയിലെ ബഹുഭൂരിപക്ഷം വരുന്ന തദ്ദേശ വാര്‍ഡുകളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിക്കൊണ്ട് ആസന്നമായ തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നാം ഘട്ടത്തില്‍ത്തന്നെ മുന്നേറ്രം കുറിച്ചിരിക്കുകയാണെന്നും സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷം മുമ്പ് 400 ഇടങ്ങളില്‍ മാത്രം മത്സരിച്ച പാര്‍ട്ടി ഇത്തവണ മൂന്നിരട്ടി സ്ഥലങ്ങളിലാണ് കരുത്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് പാര്‍ട്ടിക്കുണ്ടായ മുന്നേറ്റമാണ് ഇത് കാണിക്കുന്നത്. ബിജെപിയുടെ മുന്നേറ്റത്തില്‍ വിറളി പൂണ്ടിരിക്കുകയാണ് സിപിഎം. നിരവധി ബലിദാനികളെ ബലികൊടുക്കേണ്ടി വന്ന കണ്ണൂരിലെ കര്‍മ്മധീരരും ധീരരുമായ പ്രവര്‍ത്തകര്‍ക്ക് ഇതില്‍ അഭിമാനം കൊള്ളാമെന്നും സിപിഎം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ് എന്നായി മാറിയിരിക്കുകയാണെന്നും രാജ പറഞ്ഞു. ഭാരതം മുഴുവന്‍ കേരളത്തെ ഉറ്റു നോക്കുകയാണ്. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് മുക്ത കേരളം എന്ന ആശയത്തിന് ഈ തെരഞ്ഞെടുപ്പോടെ പ്രസക്തി വര്‍ധിക്കും. ബിജെപിയുടെ മുന്നേറ്റം ഭയന്ന മുന്നണികള്‍ മൂന്നാം മുന്നണി കേരളത്തില്‍ വിലപ്പോവില്ലെന്ന് പറഞ്ഞ് അതിന്റെ വളര്‍ച്ചയെ തടയാനുള്ള അടവുകള്‍ പയറ്റുകയാണ്. 30 വര്‍ഷത്തെ മുന്നണി ഭരണത്തില്‍ കേരളം സര്‍വ്വമേഖലയിലും പിന്നോക്കം പോവുകയും പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവനായി മാറുകയുമാണ് ചെയ്തത്. ജന്‍ധന്‍ യോജന ഉള്‍പ്പെടെ ജനോപകാരപ്രദമായ നിരവധി പദ്ധതികളാണ് ഒന്നര വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ ഭാരതത്തില്‍ നടപ്പിലാക്കിയത്. വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാറാണ് മോദിയുടേതന്ന് തെളിയിച്ചു കഴിഞ്ഞു. അധര്‍മ്മ ശക്തികള്‍ക്കെതിരെ ധര്‍മ്മശക്തിയുടെ പോരാട്ടമാണ് കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. തീര്‍ച്ചയായും കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ബിജെപി പ്രാതിനിധ്യം കാണിച്ചുവെന്ന വാര്‍ത്തയാണ് തെരഞ്ഞെടുപ്പ് ഫല ദിവസം പുറത്തു വരികയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസ്, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് വര്‍ക്കി വട്ടപ്പാറ, ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ സത്യപ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.പി.ഗംഗാധരന്‍ സ്വാഗതവും അഡ്വ.വി.രത്‌നാകരന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.