തെരഞ്ഞെടുപ്പ് ചെലവിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

Tuesday 20 October 2015 10:49 pm IST

കോട്ടയം: സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ നിയന്ത്രിക്കുതിന് കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചതായി ജില്ലാ വരണാധികാരി അറിയിച്ചു. ചെലവഴിക്കാവുന്ന തുക, സമര്‍പ്പിക്കേണ്ട രീതി, തീയതി, ശിക്ഷ നടപടികള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തു വാര്‍ഡുകളില്‍ യഥാക്രമം 10,000, 30,000, 60,000 രൂപയും മുനിസിപ്പാലി റ്റി 30,000 രൂപയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 60,000 രൂപയുമാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക സ്ഥാനാര്‍ത്ഥി നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട ദിവസം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള ദിവസങ്ങളില്‍ സ്ഥാനാര്‍ഥിയോ ഏജന്റോ സ്ഥാനാര്‍ഥിക്ക് വേണ്ടി മറ്റാരെങ്കിലുമോ ചെലവഴിക്കാവുന്ന പരമാവധി തുകയാണിത്. ഫലപ്രഖ്യാപനം മുതല്‍ മുപ്പത് ദിവസത്തിനകം വിശദവും കൃത്യവുമായ കണക്ക് രസീത്, വൗച്ചര്‍, ബില്ല് എന്നിവയുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട അധികാരിക്ക് നല്‍കണം. ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്ഥാനാര്‍ഥികള്‍ ജില്ലാ കളക്ടര്‍ക്കുമാണ് കണക്കുകള്‍ നല്‍കേണ്ടത്. വരണാധികാരിയുടെ പക്കല്‍ നിന്നും ലഭിക്കു ഫോറത്തില്‍ വേണം കണക്കുകള്‍ രേഖപ്പെടുത്തേണ്ടത്. ചെലവാക്കുന്നതിലും എഴുതുന്നതിലും സമര്‍പ്പിക്കുന്നതിലും പിഴവുവരുത്തുന്ന സ്ഥാനാര്‍ത്ഥികളെ അഞ്ചുവര്‍ഷത്തേക്ക് കമ്മീഷന്‍ അയോഗ്യരായി പ്രഖ്യാപിക്കാം. സ്ഥാനാര്‍ത്ഥി നല്‍കുന്ന കണക്കുകള്‍ അഞ്ചുരൂപ അടച്ച് അപേക്ഷിക്കുന്ന ആര്‍ക്കും പരിശോധിക്കാം. 25 രൂപ ഫീസ് നല്‍കുന്നവര്‍ക്ക് കണക്കിന്റെ ഭാഗികമോ പൂര്‍ണമോ ആയ പകര്‍പ്പും നല്‍കാം. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുതിനുമുമ്പ് ഏത് തീയതിയിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ കമ്മീഷന്‍ നിയോഗിക്കുന്ന നിരീക്ഷകനോ കണക്കുകള്‍ പരിശോധിക്കാവുന്നതും സ്ഥാനാര്‍ത്ഥികള്‍ കണക്കുകള്‍ ഹാജരാക്കേണ്ടതുമാണ്. ഈ പരിശോധനാ റിപ്പോര്‍ട്ട് കണക്ക് സൂക്ഷിക്കുന്ന ഫോറത്തില്‍ രേഖപ്പെടുത്തുന്നതും പരിശോധനയില്‍ പരിഗണിക്കുന്നതുമാണ്. കൂടാതെ ദൈനംദിന കണക്കുകള്‍ അതാതിടങ്ങളില്‍ പരിശോധിക്കുന്നതിന് ചെലവു നിരീക്ഷകരുണ്ടാകും.സ്ഥാനാര്‍ത്ഥികളുടെ വാഹനങ്ങള്‍, നോട്ടീസുകള്‍, ചുവര്‍പരസ്യങ്ങള്‍, ബാനറുകള്‍, കമാനങ്ങള്‍, യോഗങ്ങള്‍ എന്നിവയുടെ ചെലവുകള്‍ നിരീക്ഷകന്‍ അന്വേഷിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളോ ഏജന്റുമാരോ ഹാജരാക്കണം.