കന്യാമറിയത്തിന്റെ തലമാറ്റി സരിതയുടെ തല പേരാവൂരില്‍ സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം കത്തുന്നു

Tuesday 20 October 2015 10:51 pm IST

ഇരിട്ടി: പേരാവൂരിലെ സിപിഎം നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദം കത്തുന്നു. ഇവിടുത്തെ പ്രാദേശിക നേതാവായ അരുണ്‍ പേരാവൂര്‍ തന്റെ ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റാണ് വിവാദമായത്. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റേതായി ഫേസ്ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റിന് കമന്റായി ആണ് പേരാവൂര്‍ ബംഗ്ലക്കുന്നു സ്വദേശിയും സിപിഎം പ്രാദേശിക നേതാവുമായ അരുണ്‍ തന്റെ ഫേസ്ബുക്കിലൂടെ വിവാദമായ പോസ്റ്റ് അപ്ലോഡ് ചെയ്തത്. കൃസ്തുമത വിശ്വാസികള്‍ ദൈവതുല്യം ആരാധിക്കുന്ന കന്യകാ മാതാവിന്റെ തലമാറ്റി അവിടെ സോളാര്‍ വിവാദ നായിക സരിതയുടെ തല വെച്ചാണ് അരുണ്‍ തന്റെ പോസ്റ്റ് ഇട്ടതു. 'അടിയങ്ങള്‍ വിചാരിച്ചതിലും കൂടുതല്‍ സീറ്റ് തന്ന് അനുഗ്രഹിക്കേണമേ എന്റെ സരിത മാതാവേ' എന്ന് ഇതോടൊപ്പം കമന്റ് ഇടുകയും ചെയ്തു. പോസ്റ്റ് വിവാദമായതോടെ പേരാവൂര്‍ ബ്ലോക്ക് യൂത്ത്‌കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശരത്ചന്ദ്രന്‍ പേരാവൂര്‍ സിഐ ക്കും, എസ്‌ഐ ക്കും പരാതി നല്‍കി. സിപിഎം നേതാവ് ഇട്ട പോസ്റ്റ് കന്യാ മാതാവിനെ ദൈവതുല്യയായിക്കാണുന്ന ക്രിസ്തു മത വിശ്വാസികളുടെ മത വികാരം വ്രണപ്പെടുത്തുന്നതാണെന്നും മത വിദ്വേഷം വളര്‍ത്തുന്നതാണെന്നും അതിനാല്‍ അരുണിനെ ഉടനെ അറസ്റ്റു ചെയ്യണമെന്നും പരാതിയില്‍ പറയുന്നു. ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് യൂത്ത്‌കോണ്‍ഗ്രസ് പത്ര സമ്മേളനവും നടത്തി. അരുണിനെ അറസ്റ്റ് ചെയ്യാത്ത പക്ഷം ബുധനാഴ്ച പേരാവൂര്‍ പോലീസ്സ്‌റ്റേഷന്‍ ഉപരോധിക്കുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ അരുണിനെതിരെ കേസ്സെടുത്ത പോലീസ് വിശദമായ അന്വേഷണത്തിനായി പരാതി സൈബര്‍ സെല്ലിന് കൈമാറിയിരിക്കയാണ്. പോസ്റ്റ് വിവാദമായതോടെ അരുണ്‍ താനിട്ട പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.