സ്വാശ്രയവിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പെന്റ്: സര്‍ക്കാര്‍ തീരുമാനമുണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Tuesday 20 October 2015 10:53 pm IST

കണ്ണൂര്‍: സ്വാശ്രയസ്ഥാപനങ്ങളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പെന്റ് നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങില്‍ സ്വാശ്രയ ആയുര്‍വേദ കോളേജിലെ പി ജി വിദ്യാര്‍ത്ഥി നല്‍കിയ പരാതി പരിഗണിച്ചാണ് നിര്‍ദേശം. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ അപര്യാപ്തതകള്‍ പരിഹരിക്കണമെന്ന ആവശ്യം പരിഗണിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ഭാരതീയ ചികിത്സാ വകുപ്പ് ഡയരക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. പൊതുസ്ഥലങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലും സ്ഥലനാമങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ഉചിതമായ രീതിയില്‍ പരിഗണിക്കാന്‍ ഗതാഗത, പിഡബ്ല്യുഡി സെക്രട്ടറിമാരോട് നിര്‍ദേശിച്ചു. മാല പിടിച്ചുപറിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടുന്നില്ലെന്ന പരാതി പരിഗണിച്ച് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും കമ്മീഷന്‍ നിര്‍ദേശിച്ചു. കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിന്റെ നിര്‍മാണത്തില്‍ അപാകതകള്‍ സംഭവിച്ചതായ പരാതിയില്‍ പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ നിര്‍മാണച്ചുമതല നിര്‍വഹിച്ച സ്ഥാപനത്തോട് ആവശ്യപ്പെട്ടതായി ടൂറിസം ഡയരക്ടര്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. ആകെ 119 പരാതികളാണ് കമ്മീഷന്‍ സിറ്റിങ്ങില്‍ പരിഗണിച്ചത്.