ഹരിത തെരഞ്ഞെടുപ്പ് : അധ്യാപകര്‍ക്ക് പരിശീലനം നല്‍കി

Tuesday 20 October 2015 10:53 pm IST

കണ്ണൂര്‍: ജില്ലയില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മാലിന്യമുക്തമാക്കാന്‍ ശുചിത്വമിഷന്‍ നടപ്പാക്കുന്ന ഹരിത ഇലക്ഷന്‍ പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഓരോ പോളിങ് ബൂത്തുകളിലും രണ്ട് വളണ്ടിയര്‍മാരെ വീതം നിയോഗിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. രാജ്യത്താദ്യമായിട്ടാണ് ഒരു ജില്ലയില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാതൃക പിന്‍തുടര്‍ന്ന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഹരിത ഇലക്ഷന്‍ നടത്താന്‍ തീരുമാനിച്ചതായി ശുചിത്വ മിഷന്‍ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിത സേനയില്‍ അംഗങ്ങളാകാന്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്ക് പരിശീലനം നല്‍കുന്നതിനുമായാണ് അധ്യാപകര്‍ക്ക് ക്ലാസ്സ് നല്‍കിയത്. പതിനെട്ട് വയസ്സില്‍ താഴെയുള്ള ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളെയാണ് ഹരിത സേനാംഗങ്ങളായി തിരഞ്ഞെടുക്കുക. അവരവരുടെ വീടിന് അടുത്തുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളിലായിരിക്കും നിയോഗിക്കുക. വോട്ടെടുപ്പ് നടക്കുന്ന ദിവസം രാവിലെ 7 മണി മുതല്‍ 5 മണി വരെയാണ് ഇവരുടെ സേവനം ഉപയോഗിക്കുക. ശുചിത്വ സേനയുടെ യൂണിഫോമും ഇവര്‍ക്കുണ്ടാകും. ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വസന്തന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.സുദേശന്‍, അസി. കോ-ഓര്‍ഡിനേറ്റര്‍ ഇ.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.