വിപ്ലവഭൂമിയില്‍ തമ്മിലടിച്ച് ഇടതുപക്ഷം

Tuesday 20 October 2015 11:40 pm IST

ആലപ്പുഴ: വിപ്ലവ ഭൂമിയെന്ന് ഇടതുപക്ഷം അവകാശപ്പെടുന്ന വയലാറില്‍ സിപിഎമ്മും സിപിഐയും നേരിട്ട് ഏറ്റുമുട്ടുന്നു. ഇടതുമുന്നണിയുടെ ഒത്തുതീര്‍പ്പുകള്‍ തള്ളി സിപിഎം നേതാവ് പാര്‍ട്ടി ഔദ്യോഗിക ചിഹ്നത്തില്‍ റിബലായി മത്സര രംഗത്ത്. പുന്നപ്ര-വയലാര്‍ രക്തസാക്ഷിവാരാചരണത്തില്‍ ഈ മത്സരം ഏറെ കൗതുകകരമാകുകയാണ്. രക്തസാക്ഷികളുടെയും കണ്ണുതള്ളിച്ചുകൊണ്ടുള്ള ഈ രാഷ്ട്രീയം വളര്‍ന്നിങ്ങനെ: ബ്രാഞ്ച് കമ്മിറ്റി തീരുമാനം അട്ടിമറിച്ച് ഉപരികമ്മിറ്റി സിപിഐയ്ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് സിപിഎമ്മുകാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണവുമായി വയലാര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. പഞ്ചായത്തില്‍ സീറ്റ് വിഭജനത്തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ സിപിഎമ്മും സിപിഐയും മുന്നണിബന്ധം ഉപേക്ഷിച്ച് സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റ് സിപിഐ കൂടുതല്‍ ചോദിച്ചു. സിപിഎം വഴിങ്ങിയില്ല. ഇതോടെ സിപിഎം പതിനാല് വാര്‍ഡുകളിലും സിപിഐ പതിനൊന്നിടങ്ങളിലും പത്രിക നല്‍കി. പിന്‍വലിച്ചതുമില്ല. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം ഇടപെട്ടു, സിപിഎം എട്ടു സീറ്റിലും സിപിഐ ആറ് വാര്‍ഡുകളിലും മത്സരിക്കുവാനും ഓരോ സീറ്റ് ജെഎസ്എസിനും എന്‍സിപിക്കും നല്‍കാനാണ് തീരുമാനം. ധാരണ പക്ഷേ അണികള്‍ അംഗീകരിക്കുന്നില്ല. ധാരണ പ്രകാരം സിപിഐക്ക് അനുവദിച്ച പതിനൊന്നാം വാര്‍ഡില്‍ നേരത്തെ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം പത്രിക നല്‍കിയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ സ്ഥാനാര്‍ഥി പിന്മാറുവാന്‍ തയ്യാറല്ലെന്ന് നേതൃത്വത്തെ അറിയിച്ചു. അങ്ങനെ, സിപിഐയുടേത് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി. അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ മത്സരിക്കുന്ന സിപിഎം നേതാവ് റിബലും!! എന്നാല്‍, സിപിഐയ്ക്ക് വിട്ടു നല്‍കിയ 11-ാം വാര്‍ഡിലെ എന്നാല്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും സ്ഥാനാര്‍ഥി പിന്മാറുവാന്‍ തയ്യാറായില്ലെങ്കില്‍ റിബലാണെന്നു കാട്ടി പാര്‍ട്ടി നോട്ടീസിറക്കുമെന്നാണ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ വിശദീകരിയ്ക്കുന്നത്. പക്ഷേ, വയലാര്‍ പഞ്ചായത്തില്‍ സിപിഎം-സിപിഐ മത്സരം എല്ലാ മണ്ഡലത്തിലും നടന്നുവെന്ന് തെരഞ്ഞെടുപ്പു ചരിത്രം പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.