എസ്എന്‍ഡിപിയെ അപകീര്‍ത്തിപ്പെടുത്താന്‍ മുന്നണികള്‍ ശ്രമിക്കുന്നു: തുഷാര്‍

Tuesday 20 October 2015 11:51 pm IST

കോട്ടയം: എസ്എന്‍ഡിപിയെ വിലകുറച്ച് കാട്ടാനും അപകീര്‍ത്തിപ്പെടുത്താനുമാണ് ഇടതുവലതു മുന്നണികള്‍ ശ്രമിക്കുന്നതെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റയാത്രയുടെ കോട്ടയം ജില്ലാ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഇടതുവലതു മുന്നണികള്‍ യോഗത്തെ കടന്നാക്രമിക്കുകയാണ്. ഈ മുന്നണികള്‍ തെരെഞ്ഞെടുപ്പ് സമയത്ത് വോട്ട് ചോദിച്ചു വരികയും അധികാരം നേടിയാല്‍ യോഗത്തെ മറക്കുകയും ചെയ്യുന്നു. നാളിതുവരെയായി ഈ മുന്നണികള്‍ നമ്പൂതിരി മുതല്‍ നായാടിവരെയുള്ള ഹൈന്ദവ സമൂഹത്തിന് വേണ്ടി ഒന്നുംതന്നെ ചെയ്തിട്ടില്ല. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഹിന്ദുസമൂഹത്തോട് ചെയ്തത് ഒരിക്കലും മറക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്. ഗുരുദേവനെ എങ്ങനെയൊക്കെ അവഹേളിക്കാമെന്നാണ് പാര്‍ട്ടി നേതാക്കള്‍ ആലോചിക്കുന്നത്. കാന്തപുരം സ്ത്രീകളെ ഒഴിവാക്കി രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചപ്പോള്‍ അനുകൂലിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മതേതരത്വം പറയാന്‍ യാതൊരു അവകാശവുമില്ല. വിവിധ സമുദായങ്ങളുടെ മാത്രം കൂട്ടായ്മയാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി. മൂന്നാം മുന്നണി ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തുഷാര്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോഫിനാന്‍സിനെക്കുറിച്ച് വ്യാജക്കഥകള്‍ കെട്ടിച്ചമച്ച് ഇക്കൂട്ടര്‍ 15 ലക്ഷം കുടുംബങ്ങളുള്ള സമുദായത്തിനെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് ആരു ശ്രമിച്ചാലും നടക്കില്ല. എസ്എന്‍ഡിപിക്കെതിരെ ഇനിയും ഇത്തരത്തിലുള്ള ആരോപണങ്ങളുമായി ഇരുമുന്നണികളും വരും. അത് എസ്എന്‍ഡിപി ഉണ്ടാക്കാന്‍ പോകുന്ന രാഷ്ട്രീയ പാര്‍ട്ടിയോടുള്ള ഭയംമൂലമാണ്. എസ്എന്‍ഡിപിയുടെ കണക്കുകള്‍ ചോദിക്കുന്ന രാഷ്ട്രീയക്കക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിച്ചത് ഏങ്ങനെയാണെന്ന് വ്യക്തമാക്കണം.  എസ്എന്‍ഡിപിയുടെ അംഗങ്ങള്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തൊഴിലുകളും മറ്റ്ബിസിനസുകളും നടത്തി വരുമാനമുണ്ടാക്കിയാണ് ജീവിക്കുന്നത്. എസ്എന്‍ഡിപി ഉണ്ടാക്കാന്‍ പോകുന്ന രാഷ്ട്രീയ പാര്‍ട്ടി ആരോടൊപ്പമാണോ നില്‍ക്കുന്നത് അവരായിരിക്കും നാളെ കേരളം ഭരിക്കുക. തദ്ദേശ തെരെഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി അനുകൂലിക്കുന്ന പാര്‍ട്ടിയായിരിക്കും ഭരണം പിടിച്ചെടുക്കുന്നത്. ആ ഭരണത്തില്‍ എസ്എന്‍ഡിപിയും ഭാഗമായിരിക്കുമെന്നും തുഷാര്‍ അഭിപ്രായപ്പെട്ടു. ഇരുമുന്നണികളും അഴിമതിയുടെ കാര്യത്തില്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. രാജഭരണകാലത്ത് ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കാണുന്ന മിക്കതും. ഫാക്ടറികളും മറ്റും ഇവര്‍ സമരംചെയ്ത് പൂട്ടിച്ചു. പുതിയ ഫാക്ടറികള്‍ ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുന്നില്ലെന്നും തുഷാര്‍ പറഞ്ഞു. സ്വാമി ശാശ്വതീകാനന്ദയുടെ നിര്‍ബന്ധ പ്രകാരമാണ് താന്‍ എസ്എന്‍ഡിപിയുടെ കേന്ദ്രസമിയുടെ ചെയര്‍മാനായത്. തന്നെ സ്വാമിയാണ് എസ്എന്‍ഡിപിയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഇല്ലാത്ത ആരോപണങ്ങളാണ് ചിലര്‍ പറഞ്ഞുപരത്തുന്നത്. ബിജു രമേശ് പറയുന്നത് പച്ചക്കള്ളമാണ്. അദ്ദേഹത്തിന് ശാശ്വതീകാനന്ദയെക്കുറിച്ച് ഒന്നും അറിയില്ല. ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍കണ്ട് ആവശ്യപ്പെടാന്‍ തയ്യാറാണെന്നും തുഷാര്‍ പറഞ്ഞു. കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.വി. ബാബു അദ്ധ്യക്ഷത വഹിച്ചു. ധീവരസഭ ആചാര്യന്‍ സ്വാമി ഗോരഗ്‌നാഥ്, സാംബവ സൊസെറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എം.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.മധു, കൗണ്‍സിലര്‍ ഗിരീഷ് കോനാട്ട്, കോട്ടയം യൂണിയന്‍ പ്രസിഡന്റ് എ.ജി. തങ്കപ്പന്‍, സെക്രട്ടറി ആര്‍. രാജീവ്. മീനച്ചില്‍ യൂണിയന്‍ സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍, ബാബു ഇടയാടികുഴി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.