ലോ ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിധരിപ്പിച്ചു; ഡെപ്യൂട്ടേഷനില്‍ ഇരട്ടത്താപ്പ്

Tuesday 20 October 2015 11:58 pm IST

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രസര്‍വ്വകലാശാലയിലെ ഡെപ്യൂട്ടേഷന്  തെരഞ്ഞെടുപ്പ് കമ്മീഷന് ഇരട്ടത്താപ്പ്. അനധ്യാപക ഒഴിവു നികത്താന്‍ ഡെപ്യൂട്ടേഷനില്‍ ആളെ നിയമിക്കുന്നതിന് അനുമതി തേടി സര്‍വ്വകലാശാല കത്ത് നല്‍കിയിരുന്നു. പെരുമാറ്റ ചട്ടമുള്ളതിനാല്‍ തെരഞ്ഞെടുപ്പ് ഫലം വരുന്ന നവംബര്‍ ഏഴിന് ശേഷമേ അതനുവദിക്കാന്‍ സാധിക്കൂ എന്നാണ് ഇലക്ഷന്‍ കമ്മീഷന് ലോ ഓഫീസര്‍ പി.ഒ. ജോസഫ് നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശം. എന്നാല്‍ അതേ സര്‍വ്വകലാശാലയിലെ അധ്യാപകന്‍ ഡോ. ജയപ്രസാദിന്റെ ഡെപ്യൂട്ടേഷന്‍ റദ്ദ് ചെയ്തതിനെതിരെ ജയപ്രസാദ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയരുന്നു. കേന്ദ്ര അക്കാദമിക്ക് പെരുമാറ്റച്ചട്ടം ബാധകമല്ലെന്നായിരുന്നു മറുപടി. ഇത് നഗ്നമായ വിവേചനവും പെരുമാറ്റ ചട്ടത്തില്‍ ഇരട്ടത്താപ്പുമാണ് കാണിച്ചതെന്ന് ചൂണ്ടിക്കാട്ടി ജയപ്രസാദ് വീണ്ടും കമ്മീഷന് കത്ത് നല്‍കി.  അഴിമതിക്കെതിരെ പ്രതികരിച്ചതിനാണ് സംസ്ഥാന സര്‍ക്കാര്‍ അധ്യാപകന്റെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കിയത്. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കൊല്ലം എസ്എന്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ കെ. ജയപ്രസാദിനാണ് കമ്മീഷന്റെ ഇരട്ടത്താപ്പ് ബോധ്യമായത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തന്റെ ഡെപ്യൂട്ടേഷന്‍ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. മാത്രമല്ല തന്നെ തിരികെ കൊല്ലം എസ്എന്‍ കോളേജിലേക്ക് സ്ഥലംമാറ്റിയത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതാണ്. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് തടയണമെന്നും കമ്മീഷന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടുന്നതില്‍ എതിര്‍പ്പില്ലെന്ന് കൊല്ലം എസ്എന്‍ കോളേജ് മാനേജര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടറും ഡെപ്യൂട്ടേഷന്‍ നീട്ടുന്നതില്‍ അനുകൂല അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ധനകാര്യവകുപ്പിനും ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ല. മാത്രമല്ല ഡെപ്യൂട്ടേഷന്‍ സംസ്ഥാനസര്‍ക്കാരിന് ചെലവ് കുറയ്ക്കുന്നതുമാണ്. എത്രയോ വര്‍ഷങ്ങളായി സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ നിരവധി അധ്യാപകര്‍ ഡെപ്യൂട്ടേഷനില്‍ തുടരുന്നെന്നും ജയപ്രസാദ് കമ്മീഷന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനുള്ള മറുപടിയിലാണ് കേന്ദ്രസര്‍വ്വകലാശാല പെരുമാറ്റ ചട്ടത്തില്‍ വരില്ലെന്ന് പറഞ്ഞത്. അധ്യാപകേതര ജീവനക്കാരുടെ ഒഴിവ് നികത്താന്‍ 12-10-15നാണ് സര്‍വ്വകലാശാല തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയത്. അതിന് ഒക്‌ടോബര്‍ 16ന് അയച്ച കത്തിലാണ് പെരുമാറ്റ ചട്ടം തീരുംവരെ നിയമനം പാടില്ലെന്ന് അറിയിച്ചിരിക്കുന്നത്. അഴിമതിക്കാരെ സംരക്ഷിക്കാന്‍ മാത്രമാണ് ഡോ. ജയപ്രസാദിനെ നിയമവിരുദ്ധമായി മാറ്റിയതെന്ന് ഇതോടെ വ്യക്തമാവുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.