പിണറായി ലീഗിനെ സ്തുതിക്കുന്നത് മുസ്ലിം വോട്ടിന്: വി.മുരളീധരന്‍

Tuesday 20 October 2015 11:59 pm IST

തിരുവനന്തപുരം: പിണറായി വിജയന്‍ മുസ്ലിം ലീഗിന്റെ സ്തുതിപാഠകനാകുന്നത് മുസ്ലിം വോട്ട് ലക്ഷ്യമിട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന മുന്‍ അഭിപ്രായം മാറ്റി, മതേതര പാര്‍ട്ടിയെന്ന സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത് ലീഗിന്റെ സ്വാധീന മേഖലകളില്‍ വോട്ടു നേടാമെന്ന് പ്രതീക്ഷിച്ചാണ്. തദ്ദേശ തെരഞ്ഞെടുപ്പിനപ്പുറം നിയമസഭാ തെരഞ്ഞെടുപ്പിലേക്കും നീളാന്‍ സാധ്യതയുള്ള മുസ്ലിം ലീഗ്-സിപിഎം ബാന്ധവമാണ് പിണറായിയുടെ അഭിപ്രായത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നും വി. മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫിനെ പരസ്യമായി വിമര്‍ശിച്ച് ലീഗ് നേതാവും മന്ത്രിയുമായ കുഞ്ഞാലിക്കുട്ടി രംഗത്തു വന്നതും ഇതിനു തെളിവാണ്. പിണറായിയുടെ നയം മാറ്റം സിപിഎമ്മിന്റെ ഔദ്യോഗികമായ തീരുമാനമാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണം. ഇക്കാര്യത്തില്‍ വി. എസ്.അച്യുതാനന്ദന്റെ അഭിപ്രായമറിയാനും കേരളീയസമൂഹത്തിന് താല്പര്യമുണ്ട്. ലീഗിന് സ്വാധീനമുള്ള മലപ്പുറം ജില്ലയില്‍ ലീഗും സിപിഎമ്മും പരസ്പര സഹായമുന്നണിയായാണ് മത്സര രംഗത്തുള്ളത്. ഇവിടെ ലീഗിന്റെ മുഖ്യശത്രു കോണ്‍ഗ്രസാണ്. മുസ്ലിം ലീഗ് ഈ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പമാണോ അതോ യുഡിഎഫിലാണോ എന്ന് പരസ്യമാക്കണം. ജില്ലയില്‍ 24 പഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും പ്രത്യേകം പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ജില്ലാ ഡിവിഷനില്‍ ആകെയുള്ള 32 സീറ്റുകളില്‍ 20 എണ്ണം ലീഗിന്റെ കൈകളിലാണ്. പത്തിടങ്ങളില്‍ കോണ്‍ഗ്രസും രണ്ടിടത്ത് സിപിഎമ്മും ഭരണം കൈയാളുന്നു. സിപിഎമ്മിന് മലപ്പുറത്ത് കൂടുതല്‍ സീറ്റ് നേടിക്കൊടുക്കുക എന്ന ധാരണയിലാണ് കുഞ്ഞാലിക്കുട്ടി-പിണറായി സഖ്യത്തിന്റെ പ്രവര്‍ത്തനം. മതേതരത്വം പ്രസംഗിക്കുന്ന പിണറായി വിജയന്റെയും സിപിഎം നേതാക്കളുടെയും തനിനിറമാണ് മുസ്ലിം ലീഗിനെ മതേതരപാര്‍ട്ടിയായി പ്രഖ്യാപിച്ചതിലൂടെ പുറത്തുവന്നിരിക്കുന്നത്. മതനിരപേക്ഷത പ്രസംഗത്തില്‍ മാത്രം പുലര്‍ത്തുന്നവരുടെ കാപട്യം ജനം തിരിച്ചറിയുമെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.