കാസര്‍കോട്: ഭാരതത്തിന്റെ നികുതി ഘടനയില്‍ ഒരു വലിയ മാറ്റത്തിന് വഴി തുറക്കുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) യുടെ കരട് നടപടിക്രമങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി. റവന്യു വകുപ്പിന്റെ http://dor.gov.in/SCGST/ എന്ന വെബ്സൈറ്റില്‍ ഇവ ലഭ്യമാണ്.
ജിഎസ്ടി നടപ്പാക്കുന്ന രീതികളെകുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും നികുതി സംവിധാനവുമായി നേരിട്ട് ബന്ധമുള്ള വ്യവസായികള്‍, മറ്റ് തല്പര്യ സംഘടനകള്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുകയുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
പൊതുജങ്ങള്‍ക്ക് ചരക്ക് സേവന നികുതിയെക്കുറിച്ചുള്ള ആഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്താനുള്ള സൗകര്യം MyGov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ജിഎസ്ടി സംവിധാനം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ അടുത്തിടെ ലോകസഭ പാസാക്കിയിരുന്നു. രാജ്യസഭയില്‍ കൂടി പാസാക്കുന്നതോടുകൂടി അടുത്ത സാമ്പത്തികവര്‍ഷം തന്നെ പുതിയ നികുതി നിലവില്‍ വരും.
സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരുടെ ഒരു ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പാണ് ജിഎസ്ടി നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഭരണഘടാ ഭേദഗതി ബില്‍ തയ്യാറാക്കിയത്.
നികുതി ഘടന കൂടുതല്‍ ലളിതവും സുതാര്യവുമാക്കുകയാണ് ലക്ഷ്യം. നികുതിക്ക് മേല്‍ നികുതി എന്ന ഇന്നത്തെ അവസ്ഥ ഇല്ലാതാക്കി രാജ്യത്തൊട്ടാകെ എകീകൃത നികുതി നിരക്ക് നടപ്പാക്കുകയാണ് ജിഎസ്ടിയുടെ ഉദ്ദേശം.
നിലവില്‍ ഭാരതത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഉല്‍പ്പന്നത്തിനും സേവനത്തിനും ഒട്ടനവധി നികുതികള്‍ ചുമത്തപ്പെടുന്നുണ്ട്. ഇതില്‍ ചിലത് കേന്ദ്ര സര്‍ക്കാരിന്റേതാണെങ്കില്‍ മറ്റ് ചിലത് സംസ്ഥാന സര്‍ക്കാരിന്റേതാണ്. എക്സൈസ് ഡ്യൂട്ടി, മൂല്യവര്‍ധിത നികുതി, സെന്‍ട്രല്‍ സെയ്ല്‍സ് ടാക്സ്, പര്‍ച്ചേസ് ടാക്സ്, എന്‍ട്രി ടാക്സ്, സര്‍വീസ് ടാക്സ് തുടങ്ങിയവ അവയില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല ഒട്ടനവധി നികുതി ചുമത്തല്‍ വേളകള്‍ കൂടി ഇപ്പോഴുണ്ട്.
മാനുഫാക്ചറര്‍, ഡീംഡ് മാനുഫാക്ചറര്‍, സെയ്ല് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അവയില്‍ ചിലത് മാത്രം. ഒന്നിനു മേലെ മറ്റൊന്നായി ഒരു ഉല്‍പ്പന്നത്തിന്മേല്‍ അല്ലെങ്കില്‍ സേവനത്തിന്മേല് വിവിധ നികുതികള്‍ വ്യത്യസ്ത തലങ്ങളില്‍ ചുമത്തിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇതിന്റെ ഫലമായി ഇടപാടുകാരന് കടുത്ത നികുതിഭാരം വഹിക്കേണ്ടി വരുന്നു. അത് വാണിജ്യ, വ്യവസായമേഖലയ്ക്ക് പ്രതികൂലമായി ഭവിക്കുകയും ചെയ്യുന്നു. അതിനാല്‍ രാജ്യം മുഴുവന്‍ ഏകീകൃതമായ നികുതി നിരക്ക് നടപ്പാക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ജിഎസ്ടിയിലൂടെ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: