ഏരിയാ സമ്മേളനം ഇവന്‍മാനേജ്മെന്റ്‌ ഗ്രൂപ്പിന്‌; സിപിഎം അണികള്‍ക്കിടയില്‍ അമര്‍ഷം

Friday 9 December 2011 10:25 pm IST

പള്ളുരുത്തി: സിപിഐ(എം) പള്ളുരുത്തി ഏരിയാ സമ്മേളനം ഇവന്‍ മാനേജ്മെന്റ്‌ ഗ്രൂപ്പിനെ ഏല്‍പ്പിച്ചതിനെത്തുടര്‍ന്ന്‌ പാര്‍ട്ടിക്കുള്ളില്‍ പടലപ്പിണക്കം. പള്ളുരുത്തി മുഴുവന്‍ അത്യാര്‍ഭാടംകാട്ടി അലങ്കാരങ്ങളും ഗോപുരങ്ങളുംവരെ ഉയര്‍ത്തി ജനങ്ങളെ അമ്പരപ്പിക്കുമ്പോള്‍ സമ്മേളനച്ചുമതല മുഴുവന്‍ പുറം ഏജന്‍സിക്ക്‌ ഏല്‍പ്പിച്ച പാര്‍ട്ടി നേതൃത്വത്തിനെതിരെ പിണറായി വിഭാഗം സംസ്ഥാന കമ്മറ്റിക്ക്‌ കത്തയച്ചു. 9, 10, 11, 12 തീയതികളിലാണ്‌ പള്ളുരുത്തി അര്‍ജുനന്‍ മാസ്റ്റര്‍ ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ സമ്മേളനം നടക്കുന്നത്‌. ഓരോ ദിനവും വ്യത്യസ്ത അലങ്കാരങ്ങളാണ്‌ ഗ്രൗണ്ടില്‍ നടക്കുന്നത്‌. ലക്ഷങ്ങള്‍ മുടക്കിയാണ്‌ ഓപ്പണ്‍ എയര്‍ ഗ്രൗണ്ടിന്റെ അലങ്കാര ജോലി പുരോഗമിക്കുന്നത്‌. 12 ന്‌ നടക്കുന്ന പ്രകടനത്തിന്‌ നിശ്ചലദൃശ്യങ്ങളും വിവിധ കലാരൂപങ്ങളും പങ്കെടുപ്പിക്കാന്‍ തീരുമാനമുണ്ട്‌. ഗ്രൗണ്ടിന്‌ ചുറ്റും ചുവപ്പുകോട്ടയെ അനുസ്മരിപ്പിക്കുന്ന അലങ്കാരമതില്‍ കെട്ടുന്ന ജോലികള്‍ ഇന്നലെ പൂര്‍ത്തിയായി. ഇതിനുപുറമെ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്‌.
പുറംകരാറുകാരെ സമ്മേളനച്ചുമതല ഏല്‍പ്പിച്ച വിഎസ്‌ വിഭാഗം നേതാക്കള്‍ക്കെതിരെ പിണറായി പക്ഷം മേല്‍ക്കമ്മറ്റിയില്‍ പരാതി നല്‍കിയതോടൊപ്പം സമ്മേളനത്തില്‍ ഇൌ‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനും ശ്രമം നടത്തുന്നുണ്ട്‌. ഏരിയായുടെ വിവിധ പ്രദേശങ്ങളില്‍നിന്നും പ്രവര്‍ത്തകര്‍ക്കെത്താന്‍ ഒാ‍രോ ബസ്സുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അണികളെ കൂട്ടാന്‍വേണ്ടി അയല്‍ ജില്ലകളില്‍നിന്നും പ്രത്യേക വാഹനം ഏരിയായുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
നിലവിലെ ഏരിയാ സെക്രട്ടറിക്കെതിരെ വിവിധ ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഏരിയാ സമ്മേളനത്തിന്റെ ആര്‍ഭാടക്കസര്‍ത്ത്‌ എവിടെയും ചര്‍ച്ചാവിഷയമാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.