മനുഷ്യന്‍ മാംസഭുക്കല്ല

Wednesday 21 October 2015 8:49 pm IST

  മനുഷ്യരുടേയും മാംസഭുക്കുകളുടേയും പല്ലുകള്‍ക്ക് വെണ്മ കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും യാതൊരു സാമ്യവും ഇല്ല. എന്നു മാത്രമല്ല മൃഗങ്ങള്‍ക്ക് അവ ഏതു വിധം ഉപകരിക്കുന്നുവോ അതുപോലെ മനുഷ്യര്‍ക്ക് ഉപകരിക്കുന്നുമില്ല. മനുഷ്യരുടേയും മൃഗങ്ങളുടേയും കടവായിലെ പല്ലുകള്‍ വളരെ വ്യത്യസ്തപ്പെട്ടു കാണുന്നു. മനുഷ്യരുടേയും കുരങ്ങുകളുടേയും മുന്‍വരിയിലും അണകളിലും ഉള്ള പല്ലുകള്‍ക്കും ദഹനോപകരണങ്ങള്‍ക്കും വളരെ സാദൃശ്യമുണ്ട്. ഇതുകൊണ്ട് മനുഷ്യനെ മാംസഭുക്കുകളായ മൃഗങ്ങളോടു താരതമ്യപ്പെടുത്തുന്നത് അനുഭവത്തിന് വളരെ വിരുദ്ധമാണ്. മാംസഭുക്കുകളായ ജന്തുക്കള്‍ക്ക് ചെറുകുടല്‍ വളരെ നീളം കുറഞ്ഞാണ് കാണുന്നത്. ആയതിന് ആ ജന്തുക്കളുടെ മദ്ധ്യശരീരത്തിന്റെ മൂന്നിരട്ടി നീളം മാത്രമേ ഉണ്ടായിരിക്കയുള്ളൂ. അവയുടെ മൂലാന്ത്രം (പെരുംകുടല്‍) വളരെ മൃദുവാണ്. അതുകൊണ്ട് ആഹാരസാധനങ്ങളുടെ സാരകിട്ടവിഭജനം വളരെ ക്ഷണത്തില്‍ കഴിയുകയും അവ വളരെ കുറച്ചു സമയം മാത്രം ഇരിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ ചെറുകുടല്‍ മദ്ധ്യശരീരത്തിന്റെ പന്ത്രണ്ടു മടങ്ങ് നീളമുള്ളതും പെരുങ്കുടല്‍ ഒരു നീണ്ട സഞ്ചി പോലെയുള്ളതുമാണ്. അതുപോലെ തന്നെ ആഹാരസാധനം സാരകിട്ടവിഭജനത്തിന് മുമ്പ് വളരെ സമയം കുടലില്‍ സ്ഥിതിചെയ്യുന്നു. (വളരെ താമസിച്ചേ വിഭജനമുണ്ടാകുന്നുള്ളൂ) അതുകൊണ്ട് എത്രയും ക്ഷണത്തില്‍ സാരകിട്ടകള്‍ വേര്‍പെടുന്നതുമായ മാംസഭക്ഷണം മനുഷ്യന് ഒരു പ്രകാരേണയും സ്വാഭാവികവും ഹിതവും ആയിട്ടുള്ളതല്ലെന്നു മാത്രമല്ല അനേകം അപായകരങ്ങളായ രോഗങ്ങള്‍ക്ക് കാരണവുമാകുന്നു. ഈ അഭിപ്രായങ്ങളെ പ്രസിദ്ധ പ്രകൃതി ശാസ്ത്രജ്ഞന്മാരായ പ്രഫസേര്‍സ് വില്യംറാലിന്‍സ് എഫ്.ആര്‍.എസ്സ്., ബാരണ്‍ക്യൂറര്‍, സര്‍ചാര്‍ല്‌സ് ബെല്‍ എ.ഞ.ട., റിച്ചാര്‍ഡ് ചാര്‍ല്‌സ് ഡാര്‍വിന്‍ ഘ.ഘ.ഉ; എ.ഞ.ഇ.ട മുതലായ മാന്യന്മാര്‍ സയുക്തികം തെളിയിച്ചിരിക്കുന്നു. ഇതുകൊണ്ട് മനുഷ്യര്‍ സാധാരണയായി മാംസഭുക്കുകളാണെന്നുള്ള വാദം അസാധുവാകുന്നു. ഇനിയും ഒന്നിന്റെ സ്ഥിതിയോ നാശമോ ദീര്‍ഘകാലത്തേയ്ക്കുവെച്ചിരിക്കുന്നതെന്നു നോക്കാം. ഒരു പ്രാണിയുടെ എന്നല്ല, ഏതിന്റെ നാശവും നാം സാധാരണമായി കണ്ടുവരുന്നത് അതിന്റെ സ്ഥിതിയില്‍ നിന്നും ഏറ്റവും ലഘുവായ ഒരു സമയം കൊണ്ടാണ്. പത്തുകൊല്ലം ജീവിച്ചിരുന്ന ഒരു ജന്തുവിനു നാശം ഉണ്ടാകുന്നത് ഒരു മിനിട്ടുകൊണ്ടാണ്. എങ്ങിനെ നോക്കിയാലും ഓരോന്നിന്റേയും സ്ഥിതിയ്ക്കു(നിലനില്പ്പിനു)ള്ള കാലമാണ് അധികമായിട്ടുള്ളതെന്നു പ്രത്യക്ഷമാണ്. ആ കാലത്തില്‍ അവയുടെ രക്ഷയ്ക്കു വേണ്ടുന്ന സാധനങ്ങളെ അവയ്ക്കു ചുറ്റും പ്രത്യേകം സൂക്ഷിച്ചിരുന്നതായും കാണാം. അതുകൊണ്ട് നാശത്തേക്കാള്‍ അധികം പ്രകൃതി ദീര്‍ഘമായി സൂക്ഷിച്ചിട്ടുള്ളത് സ്ഥിതിയെ ആണെന്നു വെളിപ്പെടുന്നു. (തുടരും)  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.