ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ യശസ്സ് ഉയര്‍ന്നു: ഡോ. മോഹന്‍ ഭാഗവത്

Thursday 22 October 2015 11:00 am IST

നാഗ്പൂര്‍: ലോകത്തിന് പിന്നില്‍ ഭാരതത്തിന്റെ  യശസ് വര്‍ധിച്ചതായി ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഇന്ന് രാജ്യത്ത് പ്രതീക്ഷയുടേതായ ഒരു അന്തരീക്ഷമുണ്ടെന്നും ഭഗവത് പറഞ്ഞു.വിജയദശമി ദിനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ഷികപ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചു. ഭാരത്തിന്റെ പുതിയ ആശയം ലോകമെമ്പാടും ഉയരുന്നുണ്ട്.  ലോകത്തിന് മുമ്പില്‍ ഇന്ത്യയെക്കുറിച്ച് പുതിയ കാഴ്ചപ്പാടാണുള്ളത്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്. ലോകത്തില്‍ എപ്പോഴൊക്കെ പ്രതിസന്ധിയുണ്ടാകുന്നോ, അപ്പോഴെല്ലാം സഹായവുമായി നാം എത്തുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. വികസനത്തിനു കൂട്ടുപ്രവര്‍ത്തനം അനിവാര്യമാണ്. നമ്മുടെ സംസ്‌കാരം അനുസരിച്ച് എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള നയങ്ങള്‍ രൂപീകരിച്ചാല്‍ മാത്രം പോര. അതെങ്ങനെ നടപ്പാക്കുമെന്നും നയങ്ങളെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ചും വിലയിരുത്തണം. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. വികസനത്തിന് ഒത്തൊരുമയാണ് പ്രധാനം. പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിയാകണം നയരൂപീകരണങ്ങളുടെ അടിസ്ഥാനം. ജനസംഖ്യ നിയന്ത്രിക്കണം. രാജ്യമെങ്ങും ഒരേ നയം പിന്തുടരണം. സന്താര അനുഷ്ഠിക്കുന്ന വിഷയത്തില്‍ ജൈന സമുദായവുമായി ചര്‍ച്ചകള്‍ നടത്തണം. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജ്യത്ത് ഉണ്ടായിരുന്ന നിരാശയുടെ അന്തരീക്ഷം ഇപ്പോള്‍ അപ്രത്യക്ഷമായി. ഇന്നു ലഭിക്കുന്ന സൗകര്യങ്ങളില്‍ കുറച്ചുകൂടി ഭേദപ്പെട്ടത് ലഭിക്കാതെ വരുമ്പോള്‍ ജനങ്ങള്‍ ചോദ്യം ചെയ്യും. ധാര്‍മിക വിദ്യാഭ്യാസം നമ്മുടെ വിദ്യാഭ്യാസനയത്തില്‍ ഉള്‍പ്പെടുത്തണം, എങ്കിലേ സാമൂഹിക, സാംസ്‌കാരിക മൂല്യങ്ങള്‍ നശിക്കപ്പെടാതിരിക്കൂ. സമൂഹത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായിരിക്കണം വിദ്യാഭ്യാസം മുന്‍ഗണന നല്‍കേണ്ടത്. തൊട്ടുകൂടായ്മയ്ക്കും അയിത്തത്തിനുമെതിരെ അംബേദ്കര്‍ ആക്രമണം നടത്തിയില്ല, പകരം മറ്റൊരു പാത തിരഞ്ഞെടുത്തു. സാഹചര്യങ്ങള്‍ മാറുകയാണ്, ഏകത്വമുണ്ടെന്നു നാം ഉറപ്പുവരുത്തണം. വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടെങ്കില്‍ അതു ചര്‍ച്ചചെയ്തു പരിഹരിച്ചു മുന്നോട്ടുപോകണം. നീത് ആയോഗിന്റെ ലക്ഷ്യപ്രഖ്യാപനത്തില്‍ ആത്മീയതയില്‍ അധിഷ്ഠിതമായ സമഗ്രമായ വികസനത്തെക്കുറിച്ചു പറയുന്നുണ്ട്. ഭാരതീയത മനസ്സിലും ആത്മാവിലും അടിസ്ഥാനമാക്കി ലോകത്ത് എന്താണോ നല്ലത് അതു നമ്മുടെ രാജ്യത്തിനായി എടുക്കണം. മറ്റു രാജ്യങ്ങളുമായി മികച്ച ബന്ധം വേണം, നമ്മുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കണം അത്. രാവണന്‍ ഒരു മഹാനായ രാജാവായിരുന്നു. ഒരു രാജ്യം എങ്ങനെ ഭരിക്കണമെന്നത് പഠിക്കാന്‍ രാമന്‍ ലക്ഷ്മണനെ രാവണന്റെ അടുത്തേക്ക് അയച്ചു. ഇന്നും രാമഭരണത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.