വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

Friday 23 October 2015 8:41 pm IST

പൈതൃകമായി ഹൈന്ദവാചാര്യന്മാര്‍ പകര്‍ന്നു നല്കിയ ആചാരനുഷ്ഠാനങ്ങളിലെ മുഖ്യഘടകമായ വ്രതാനുഷ്ഠാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏകാദശി വ്രതം തന്നെയാണ്. ഏകാദശിവ്രതങ്ങളില്‍ മഹാഖ്യാതി ഗുരുവായൂര്‍ ഏകാദശിവ്രതത്തിനാണെന്നാണ് ഐതിഹ്യം. വ്രതങ്ങള്‍ മനുഷ്യന് മാനസികവും ശാരീരികവുമായ പരിശുദ്ധി പ്രദാനം നല്‍കുന്നതോടൊപ്പം തന്നെ ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള ലളിതമാര്‍ഗ്ഗരേഖ കൂടിയാണ്. മാത്രമല്ല ഭൗതിക ജീവിതത്തില്‍ നിന്നും ആദ്ധ്യാത്മിക ജീവിതത്തിലേക്കുയര്‍ത്തുന്ന ചവിട്ടുപടിയുമാണ്. സനാതനധര്‍മ്മമായ ഹിന്ദുധര്‍മ്മം വ്രതാനുഷ്ഠാനങ്ങള്‍ക്ക് മഹനീയ സ്ഥാനമാണ് കല്പിച്ചിരിക്കുന്നത്. മാനസികം-വാചികം-കായികം എന്നീ മൂന്ന് വിധത്തില്‍ വ്രതങ്ങളുണ്ടെന്ന് വരാഹപുരാണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സത്യം-അഹിംസ-അസ്‌തേയം-ബ്രഹ്മചര്യം എന്നിവ മാനസികവ്രതം. ഒരു നേരത്തെ ഭക്ഷണം കഴിച്ചോ- കഴിയ്ക്കാതെയോ - ഉറക്കമിളച്ചോ നടത്തുന്ന വ്രതം കായികം. മൗനം - മിതഭാഷണം-ഭൂതദയ - ഹിതമായ പെരുമാറ്റം എന്നിവയാലുള്ള വ്രതം വാചികം. നിത്യവ്രതം - നൈമത്തികവ്രതം - കാമ്യവ്രതം എന്നിങ്ങനെ വ്രതങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. പുണ്യകര്‍മ്മങ്ങള്‍ക്കായി നിത്യവും അനുഷ്ഠിച്ചു വരുന്ന ഏകാദശിവ്രതം, സപ്തവാരവ്രതം എന്നീ വ്രതങ്ങളെല്ലാം നിത്യവ്രതങ്ങളാണ്. വിശേഷാവസരങ്ങളില്‍ വിശേഷങ്ങളായ ഒരുക്കങ്ങളോടെ നടത്തുന്ന ചന്ദ്രായണങ്ങള്‍ പോലെയുള്ള വ്രതങ്ങള്‍ നൈമത്തിക വ്രതങ്ങളാണ്. പ്രത്യേക അഭീഷ്ടസിദ്ധികള്‍ക്കായി നടത്തുന്ന വ്രതങ്ങല്‍ കാമ്യവ്രതങ്ങളുമാണ്. വ്രതമനുഷ്ഠിക്കുന്നവര്‍ മനസാ -വാചാ-കര്‍മ്മണാ ദുഷ്‌കര്‍മ്മങ്ങളൊന്നും ചെയ്യാന്‍ പാടില്ലയെന്നും മാത്രമല്ല ചൂതുകളി, മദ്യപാനം, ദുര്‍ജ്ജനസംസര്‍ഗ്ഗം, മനുഷ്യനെ ദുഷ്ചിന്തയിലേക്കു നയിക്കുന്ന സിനിമ - നാടകം എന്നിവ കാണുവാനും പാടില്ല. നാമജപം - മൗനം - ധ്യാനം - ഉപവാസം - പൂജ - പുണ്യഗ്രന്ഥപാരായണം - സത്സംഗം എന്നിവ നടത്തുന്നത് വളരെ ഉത്തമം. മാത്രമല്ല ഭൂതദയ - സത്യനിഷ്ഠ - അഹിംസ എന്നിവ പാലിക്കണം. വ്രതനുഷ്ഠിക്കുന്നവര്‍ ഓരോ വ്രതങ്ങള്‍ക്ക് നിശ്ചയിട്ടുള്ള നിഷ്ഠകള്‍ കൃത്യതയോടെ അനുഷ്ഠിക്കണം. ഏകാദശിവ്രതം, നവരാത്രിവ്രതം, തിരുവാതിര വ്രതം, തിരുവോണവ്രതം, ശ്രീരാമനവമിവ്രതം, ശ്രീകൃഷ്ണാഷ്ടമിവ്രതം, ശിവരാത്രിവ്രതം, പ്രദോഷവ്രതം, ഷഷ്ഠിവ്രതം, അഷ്ടമിവ്രതം, മണ്ഡലവ്രതം, ദീപാവലിവ്രതം, വിജയദശമിവ്രതം, ചാതുര്‍മാസ്യവ്രതം, ശ്രാവണവ്രതം, ഹോളിവ്രതം, രവിവാരവ്രതം, സോമവാരവ്രതം, മംഗളവാരവ്രതം, ബുധവാരവ്രതം, ബൃഹസ്പതിവ്രതം, ശുക്രവാവ്രതം, ശനിവാരവ്രതം തുടങ്ങിയവയാണ് പ്രധാനവ്രതങ്ങള്‍. ദേവന്മാര്‍, ഋഷികള്‍, യോഗികള്‍, മഹാത്മാക്കള്‍ എന്നിവരുടെ ജന്മനാളുകളില്‍ ജയന്തി വ്രതങ്ങളും അനുഷ്ഠിച്ചുവരുന്നുണ്ട്. അമാവാസി, പൗര്‍ണ്ണമി, സംക്രാന്തിഗ്രഹണം തുടങ്ങിയ വിശേഷദിവസങ്ങളിലും വ്രതം, തീര്‍ത്ഥസ്‌നാനം, ശ്രാദ്ധം തുടങ്ങിയവ നടത്തിവരുന്നു. വെളുത്തപക്ഷത്തിലെ ഏകാദശിമഹാവിഷ്ണുപ്രീതിയ്ക്ക് പ്രസിദ്ധവും കറുത്തപക്ഷഏകാദശിപിതൃകര്‍മ്മങ്ങള്‍ക്ക് ഏറ്റവും ശ്രേഷ്ഠവുമാണ്. പത്മപുരാണം, വിഷ്ണുപുരാണം, ബ്രഹത്‌നാരദപുരാണം, ഭിഷോത്തമപുരാണം, ശ്രീമദ്ഭാഗവതം, ഗര്‍ഗ്ഗഭാഗവതം, രുക്മാംഗദചരിത്രം, അംബരീഷചരിത്രം തുടങ്ങിയ മഹദ്ഗ്രന്ഥങ്ങളിലെല്ലാം ഏകാദശിവ്രതമഹാത്മ്യത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. ഏകാദശിവ്രതങ്ങളില്‍ മുഖ്യസ്ഥാനം ഹരിബോധിനിയെന്നറിയപ്പെടുന്ന ഉത്ഥാനഏകാദശിയ്ക്കാണ്. ഇത് ഗുരുവായൂര്‍ ഏകാദശിയെന്ന നാമധേയത്തില്‍ വളരെ പ്രസിദ്ധവുമാണ്. ഭഗവാന്‍ ശ്രീനാരായണന്‍ നിദ്രയില്‍ നിന്നുണര്‍ന്നെഴുന്നേല്‍ക്കുന്ന ഉത്ഥാന ഏകാദശി സുദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ മേരുതുല്യമായ പാപങ്ങള്‍ പോലും നശിയ്ക്കുമെന്ന് സ്‌കന്ദപുരാണം വ്യക്തമാക്കുന്നു. സാക്ഷാല്‍ വൈകുണ്ഠനാഥനായ ശ്രീമഹാവിഷ്ണു ഈ ഏകാദശിദിനത്തില്‍ ഗുരുവായൂര്‍ക്കെഴുന്നുള്ളുമെന്നാണ് ഐതിഹ്യം. ദേവേന്ദ്രനും മറ്റു ദേവീദേവന്മാരും ഗുരുവായൂര്‍ ഏകാദശിയില്‍ പങ്കുകൊള്ളുവാനെത്തുമെന്നും വിശ്വാസമുണ്ട്. ഈ മഹിമയില്‍ ഗുരുവായൂര്‍ ഏകാദശി മഹാശ്രേഷ്ഠവും പാപഹരവും പരിപാവനവുമായ ഏകാദശിയെന്ന ഖ്യാതി കരസ്ഥമാക്കി. ആയിരം അശ്വമേധയാഗങ്ങള്‍ക്കും നൂറുകണക്കിനു വാജപേയയാഗങ്ങള്‍ക്കും ഈ ഏകാദശിയുടെ പതിനാറിലൊരംശത്തോളം നന്മവരുത്തില്ലയെന്ന് നാരദപുരാണം ഓര്‍മ്മിപ്പിക്കുന്നു. കൃതയുഗത്തില്‍ ദേവലോകം ആക്രമിച്ച് കൈയ്യടക്കിയ മുരാസുരനെ തോല്പിക്കാന്‍ ദേവഗണങ്ങളെല്ലാവരും ഒത്തുച്ചേര്‍ന്നു. യുദ്ധം തുടങ്ങിയതിനിടയില്‍ യോഗനിദ്രയിലായിരുന്ന ശ്രീമഹാവിഷ്ണുവിന്റെ ദേഹത്തുനിന്ന് വിവിധ ആയുധങ്ങളുമേന്തിയ ദിവ്യതേജസ്സിയായ സ്ത്രീരൂപം പ്രത്യേക്ഷപ്പെട്ട് മുരാസുരനേയും സംഘത്തേയും ഭസ്മീകരിച്ചു. ഈ ബഹളത്തിനിടയില്‍ യോഗനിദ്രയില്‍ നിന്ന് ഉണര്‍ന്ന മഹാവിഷ്ണുവിനെ നമസ്‌കരിച്ചുനിന്ന സ്ത്രീരൂപത്തോട് ആരാണുനീയെന്ന് ഭഗവാന്‍ ചോദിച്ചു. ഞാന്‍ ഏകാദശിയാണെന്നവള്‍ മറുപടി നല്‍കി. സന്തുഷ്ടനായ ഭഗവാന്‍ എന്തുവരം വേണമെന്നു ചോദിച്ചു. എന്റെ ദിവസം എല്ലാ പുണ്യദിനങ്ങളിലും വെച്ച് പുണ്യദിനമാക്കി, അനുഗ്രഹിക്കണമെന്നും വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അശ്വമേധഫലവും വിഷ്ണുലോകം പുല്‍കുമാറാകണമെന്നും, പാപനാശനവും മഹാപുണ്യവും സിദ്ധിയ്ക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. സന്തുഷ്ടനായ മഹാവിഷ്ണു അവളെ അനുഗ്രഹിച്ചുകൊണ്ട് ഭവതി ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റമെന്നും ഏകാദശിവ്രതം കൃത്യനിഷ്ഠയോടെ ഭക്ത്യാദരപൂര്‍വ്വം അനുഷ്ഠിക്കുന്നവര്‍ക്കെല്ലാം ഐഹികസുഖങ്ങളും ഒടുവില്‍ പരമസായൂജ്യവും ലഭിക്കുമെന്നും അനുഗ്രഹിച്ചു. ഭൂലോക വൈകുണ്ഠമെന്ന ഖ്യാതിയുള്ള ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ ശുകഌപക്ഷ ഏകാദശിയാണ്. ക്ഷീരസാഗരത്തില്‍ അനന്തശായിയായിപള്ളികൊള്ളുന്ന ഭഗവാന്‍ യോഗനിദ്രയില്‍ നിന്നുണര്‍ന്ന് ലക്ഷ്മീദേവിയോടുകൂടി ലോകത്തെ മുഴുവന്‍ അനുഗ്രഹിക്കുന്ന മഹാപുണ്യദിനം കൂടിയാണിത്. ഭഗവദ്ഗീത അര്‍ജുനന് ഭഗവാന്‍ ഉപദേശിച്ച ഈ പുണ്യദിനത്തെ ഗീതാദിനമായും വിശേഷിപ്പിക്കുന്നു. ദേവേന്ദ്രന്‍ സുരഭിയുമായി വൃന്ദാവനത്തിലെത്തി ഭഗവാനെവന്ദിച്ചതും സുരഭി പാല്‍ ചുരത്തിഗോവിന്ദാഭിഷേകം നടത്തിയതും ഈ ഏകാദശി ദിനത്തിലായിരുന്നുവെന്നാണ് ഐതിഹ്യം. അദ്വൈതാചാര്യനും ശൈവാവതാരവുമായ ആദിശങ്കരാചാര്യര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പൂജാക്രമങ്ങള്‍ ഇന്നുകാണുന്ന വിധം ചിട്ടപ്പെടുത്തിയതും ശുകഌപക്ഷ ഏകാദശിദിനത്തിലായിരുന്നുവത്രെ. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രികചടങ്ങുകളൊന്നുമില്ലാതെ ഭഗവാന്‍ ഭക്തജനങ്ങളെ നേരില്‍ക്കണ്ട് അനുഗ്രഹി്ക്കുവാന്‍ പുറത്തിറങ്ങുന്ന മഹാസുദിനം കൂടിയാണിത്. ഭക്തോത്തമന്മാരായ മേല്പുത്തൂര്‍ ഭട്ടതിരിപ്പാട്, വില്വമംഗലംസ്വാമികള്‍, പൂന്താനം, ശ്രീശങ്കരാചാര്യസ്വാമികള്‍, കുറൂരമ്മ തുടങ്ങിയവര്‍ക്കെല്ലാം ഭഗവദ്ദര്‍ശനം ലഭിച്ചതും ഗുരുവായൂരിലെ സമസ്തചരാചരങ്ങളിലും വൈഷ്ണവചൈതന്യം അനുഭവപ്പെട്ടതും ഈ സുദിനത്തിലാണ്. ചെമ്പൈവൈദ്യനാഥഭാഗവതര്‍ക്ക് നഷ്ടപ്പെട്ട ശബ്ദം തിരിച്ചുകിട്ടിയതും ശിഷ്യഗണങ്ങളുമായി ഗുരുവായൂരിലെത്തി സംഗീതാരാധന നടത്തിയതും ഈ മഹാദിനത്തിലാണ്. ഗുരുവായൂര്‍ക്ഷേത്രത്തില്‍ താന്ത്രികചടങ്ങുകള്‍ക്കൊഴികെ മുഴുവന്‍ സമയവും ദര്‍ശനത്തിനായി ശ്രീ കോവില്‍ തുറന്നിരിക്കുന്ന ദിനവും, ഗുരുവായൂര്‍ ക്ഷേത്രപ്രതിഷ്ഠ നടത്തിയതും ഈ സുദിനത്തിലാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മേല്പുത്തൂര്‍ ഭട്ടതിരിപ്പാട് തന്റെ പ്രസിദ്ധമായ നാരായണീയഗ്രന്ഥം ഗുരുവായൂര്‍ ഭഗവത് സന്നിധിയില്‍ സമര്‍പ്പിച്ചതും ഏകാദശി മഹാപുണ്യദിനത്തിലാണ്. ഗുരുവായൂര്‍ ഏകാദശി മഹത്വം ഉള്‍ക്കൊണ്ട് കൃത്യനിഷ്ഠയോടെ വ്രതാനുഷ്ഠാനങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നവര്‍ക്ക് ഭഗവത്ദര്‍ശനസൗഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഫോണ്‍ : 9846748474

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.