അറക്കലെ ബീവിയെ കെട്ടാന്‍ സിപിഎമ്മിന് അരസമ്മതം ലീഗ് നിലപാട് തെരഞ്ഞെടുപ്പിന് ശേഷം

Friday 23 October 2015 8:48 pm IST

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഇടതുമുന്നണി വിപുലീകരിക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെയാണ് സിപിഎം നേതൃത്വം ലക്ഷ്യമിടുന്നത്.സംസ്ഥാനത്തെ നിലവിലുള്ള രാഷ്ട്രീയ കാലാവസ്ഥയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം അസംതൃപ്തരാണ്. എന്തു വിലകൊടുത്തും കേരളത്തില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ കൂടെ നിര്‍ത്തണമെന്ന നിര്‍ദ്ദേശമാണ് ദേശീയ നേതൃത്വം സംസ്ഥാനത്തിന് നല്‍കിയിട്ടുളളത്. മുസ്ലീം ലീഗ് നേതൃത്വവുമായി ഔപചാരികമായിത്തന്നെ ചര്‍ച്ചനടത്താന്‍ സംസ്ഥാന നേതൃത്വത്തിന് അനുമതി നല്‍കിയതായാണ് വിവരം. ഇതിന്റെ പേരില്‍ സിപിഐ ഉയര്‍ത്തുന്ന എതിര്‍ശബ്ദത്തെ അവഗണിക്കാനാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ലീഗിനോടുള്ള എതിര്‍പ്പല്ല മുന്നണിയിലെ രണ്ടാംകക്ഷിയെന്ന പദവി നഷ്ടപ്പെടുമെന്ന ഭയമാണ് സിപിഐയുടെ എതിര്‍പ്പിന് പിന്നിലെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഏപ്രിലില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കണമെങ്കില്‍ ലീഗിനെ മുന്നണിയിലെത്തിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗവും ഉറച്ചു വിശ്വസിക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഈ ആവശ്യവുമായി കേന്ദ്ര നേതൃത്വത്തെ ആദ്യം സമീപിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഈ നിര്‍ദ്ദേശത്തിന് ആദ്യം എതിരായിരുന്നുവെങ്കിലും ഭൂരിപക്ഷം നേതാക്കളും പിണറായിയുടെ നിര്‍ദ്ദേശത്തിന് അനുകൂലമായതോടെ യച്ചൂരിയും ചുവട്മാറ്റുകയായിരുന്നു. ലീഗിനെതിരെ പരസ്യപ്രസ്താവന നടത്തിയ പിബി അംഗം എം.എ ബേബിയെ കഴിഞ്ഞദിവസം യച്ചൂരി തന്നെ ഫോണില്‍ വിളിച്ച് ഇക്കാര്യം സംസാരിച്ചതായാണ് വിവരം. ബേബിയോട് നിലപാട് തിരുത്താന്‍ യച്ചൂരി ആവശ്യപ്പെടുകയായിരുന്നു. നേതൃത്വം പച്ചക്കൊടി കാണിച്ചതോടെ ഇനി ലീഗിനെ മുന്നണിയിലെത്തിക്കുക എന്ന ദൗത്യമാണ് സംസ്ഥാന നേതൃത്വത്തിന് മുന്നിലുള്ളത്. ലീഗിന് പുറമേ മറ്റു മുസ്ലീം സംഘടനകളേയും പ്രീണിപ്പിക്കുന്ന നിലപാടുകള്‍ വരുംദിവസങ്ങളില്‍ സിപിഎം ശക്തിപ്പെടുത്തും. എന്നാല്‍ ലീഗ് നേതൃത്വം ഇതുവരെ ഇക്കാര്യത്തില്‍ മനസ്സു തുറന്നിട്ടില്ല. സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് അറക്കലെ ബീവിയെ കെട്ടാന്‍ അരസമ്മതം എന്ന് പറയുമ്പോലെ മാത്രമാണെന്ന് ഒരു മുതിര്‍ന്ന ലീഗ് നേതാവ് പറഞ്ഞു. ലീഗ് ഇപ്പോള്‍ യുഡിഎഫിലെ ഘടകകക്ഷിയാണ്. യുഡിഎഫ് വിടുന്ന കാര്യം ആലോചിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു. എന്നാല്‍ പുറമേക്ക് പറയുന്നില്ലെങ്കിലും ലീഗിനുള്ളില്‍ നേതാക്കള്‍ തമ്മില്‍ ഇക്കാര്യത്തില്‍ സജീവ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചിത്രം വ്യക്തമാകും. നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം എങ്ങോട്ട് ചായുമെന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തമാകും. ഇതിനു ശേഷം മനസ്സു തുറക്കാനാണ് ലീഗിന്റെ തീരുമാനം. യുഡിഎഫിന്റെ നില പരുങ്ങലിലായാല്‍ ലീഗ് മുന്നണി വിടുമെന്ന് ഉറപ്പാണ്. പി.കെ.കുഞ്ഞാലിക്കുട്ടിയുമായി ചില  നേതാക്കള്‍ക്കുള്ള അടുപ്പം ലീഗിനെ ഇടതുമുന്നണിയിലെത്തിക്കാന്‍ പ്രയോജനപ്പെടുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കേരള കോണ്‍ഗ്രസിനേയും മുന്നണിയിലെത്തിക്കാന്‍ സിപിഎമ്മിന് താത്പര്യമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോള്‍ കാര്യമായ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. ഒരു വര്‍ഷം മുന്‍പ് ഇക്കാര്യത്തില്‍ സജീവമായിരുന്ന ചര്‍ച്ചകള്‍ കെ.എം മാണിക്കതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതോടെ അവസാനിക്കുകയായിരുന്നു. മാണിയെ ഇനി മുന്നണിയിലെടുക്കുന്നതിനോട് അണികള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും പാര്‍ട്ടി നേതൃത്വത്തിനുണ്ട്. അതിനാല്‍ ലീഗിന്റെ കാര്യത്തിലുള്ള ആവേശം കേരള കോണ്‍ഗ്രസിന്റെ കാര്യത്തിലില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.