ലക്ഷങ്ങള്‍ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങള്‍ പിടികൂടി

Friday 23 October 2015 8:53 pm IST

അമ്പലപ്പുഴ: വീടിനോടു ചേര്‍ന്നുള്ള കടമുറിയില്‍ സൂക്ഷിച്ചിരുന്ന ആറരലക്ഷം രൂപയുടെ നിരോധിത പുകയി ഉത്പന്നങ്ങള്‍ പിടികൂടി. പുറക്കാട് പഴയങ്ങാടി ബംഗ്ലാവില്‍ സത്താറിന്റെ ഉടമസ്ഥതയിലുള്ള വീടിനോടു ചേര്‍ന്നുള്ള രണ്ടുമുറി കടയില്‍ സൂക്ഷിച്ചിരുന്ന 15,400 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് നാര്‍കോടിക് സെല്‍ ഡിവൈഎസ്പി കെ. മോഹനന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ഓട്ടോറിക്ഷയിലാണ് സത്താര്‍ ഇവ വിറ്റഴിച്ചിരുന്നത്. പരിശോധനയ്‌ക്കെത്തിയ സംഘം വീടു തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ ഇതിന് തയ്യാറായില്ല. പിന്നീട് വാതില്‍ തല്ലിപ്പൊളിക്കുമെന്ന് പറഞ്ഞപ്പോഴാണ് വാതില്‍ തുറന്നത്. പുകയില ഉത്പന്നങ്ങളുടെ മൊത്തവിതരണക്കാരനാണ് ഇയാളെന്നും പോലീസ് പറഞ്ഞു. എഎസ്‌ഐ അലി അക്ബര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിക്കുട്ടന്‍, ടോണി, സുരേഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. വണ്ടാനത്തും വ്യാപകമായി പുകയില ഉത്പന്നവേട്ട നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.