അങ്കമാലിയില്‍ സിപിഐയില്‍ ഭിന്നത രൂക്ഷം

Friday 23 October 2015 10:09 pm IST

അങ്കമാലി: അങ്കമാലി നഗരസഭയില്‍ ഇടതുമുന്നണിയില്‍ നിന്ന് ആദ്യമായി മത്സരിക്കുന്ന സിപിഐയില്‍ ഭിന്നിപ്പ് രൂക്ഷം. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികളെ പ്രാഖ്യാപിക്കുവാന്‍ സിപിഐ മണ്ഡലം തയ്യാറാകാത്തതാണ് പാര്‍ട്ടിയില്‍ ഭിന്നിപ്പ് രൂക്ഷമാകുവാന്‍ കാരണം. അങ്കമാലി നഗരസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ നടന്ന സീറ്റ് ചര്‍ച്ചയില്‍ സിപിഐ ചോദിക്കേണ്ട സീറ്റുകളെ കുറിച്ച് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ട സീറ്റുകള്‍ പാര്‍ട്ടി നേതൃത്വം ചോദിച്ചില്ലായെന്ന് മാത്രമല്ല കിട്ടിയ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലായെന്ന് ആരോപിച്ച് സിപിഐയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ഇറങ്ങുവാന്‍ തയ്യാറായില്ല. മാത്രമല്ല വാര്‍ഡില്‍ പാര്‍ട്ടി മഹിളാ സംഘം ജില്ലാകമ്മിറ്റിയംഗം റിബല്‍ സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരികയും ചെയ്തു. ജനതാദളിന് നല്‍കിയിട്ടുള്ള ഏഴാം വാര്‍ഡില്‍ സിപിഐ ലോക്കല്‍ മണ്ഡലം ജില്ലാകമ്മിറ്റിയംഗവുമായ ലിസി ജോണാണ് റിബല്‍ സ്ഥാനാര്‍ത്ഥി. പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ലിസി ജോണ്‍ മാറിയില്ല. പാര്‍ട്ടിക്ക് കിട്ടിയ 17, 26, 28 വാര്‍ഡുകളില്‍ മാത്രമാണ് സിപിഐ ഇപ്പോള്‍ മത്സരിക്കുന്നത്. പാര്‍ട്ടിയ്ക്ക് ലഭിച്ച 26-ാം വാര്‍ഡില്‍ പാര്‍ട്ടിസ്ഥാനാര്‍ഥിയല്ല മത്സരിക്കുന്നത്. 26-ാം വാര്‍ഡില്‍ ഒ. ജി. കിഷോറിനെയും 28-ാം വാര്‍ഡില്‍ പി. എ. വര്‍ഗീസിനെയും സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടത്. എന്നാല്‍ 26-ാം വാര്‍ഡില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെന്നു മാത്രമല്ല 28-ാം വാര്‍ഡില്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത സി.പി. ജോസിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.