ഗായകന്‍ അഡ്‌നാന്‍ സാമിക്ക് ഭാരത പൗരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

Saturday 24 October 2015 1:13 pm IST

ന്യൂദല്‍ഹി: പാക് ഗായകന്‍ അഡ്‌നാന്‍ സാമിക്ക് ഭാരത പൗരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അറ്റോര്‍ണി ജനറല്‍ മുകുള്‍ റൊഹാത്ഗി ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പത്തു വര്‍ഷത്തിലധികമായി ഭാരതത്തില്‍ സ്ഥിരതാമസമാക്കിയ അഡ്‌നാന്‍ സാമി  തന്നെ ഭാരതത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് കാണിച്ച് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.പാകിസ്താനിലെ ലാഹോര്‍ സ്വദേശിയായ അഡ്‌നാന്‍ സാമി 2001 മാര്‍ച്ച് 13നാണ് ഇന്ത്യയില്‍ ഒരു വര്‍ഷത്തെ സന്ദര്‍ശനത്തിനായി എത്തിയത്. പിന്നീട് അദ്ദേഹം ഭാരതത്തില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. കലയില്‍ നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് സാമിക്ക് ഭാരത പൗരത്വം നല്‍കുന്നത്. ഇന്ത്യന്‍ കലാരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1955ലെ ഇന്ത്യന്‍ സിറ്റിസണ്‍ഷിപ്പ് നിയമത്തിലെ ആറാം വകുപ്പ് പ്രകാരം സ്വാഭാവിക ഇന്ത്യന്‍ പൗരത്വത്തിന് അഡ്‌നാന്‍ സാമി അര്‍ഹനാണെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. കല, ശാസ്ത്രം, തത്വശാസ്ത്രം, കല, സാഹിത്യം, ലോകസമാധാനം, മനുഷ്യപുരോഗതി തുടങ്ങിയ മേഖലകളില്‍ സമഗ്രസംഭാവന നല്‍കിയിട്ടുള്ള വ്യക്തികള്‍ പൗരത്വത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ അവര്‍ക്ക് 'സര്‍ട്ടിഫിക്കറ്റ് ഓഫ് നാച്ചുറലൈസേഷനിലൂടെ' പൗരത്വം നല്‍കാനുള്ള വ്യവസ്ഥ ഇന്ത്യന്‍ ഭരണഘടനയില്‍ തന്നെ അനുശാസിക്കുന്നുണ്ട്. 2001 മുതല്‍ ഭാരതത്തില്‍ താമസിക്കുന്ന അഡ്‌നാന്‍ സാമിയുടെ വിസാ കാലാവധി പൂര്‍ത്തിയായെങ്കിലും, പാകിസ്താന്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചെങ്കിലും .ഭാരതത്തില്‍ തുടരാന്‍  ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയായിരുന്നു. നിരവധി തവണ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും അപേക്ഷ പരിഗണിച്ചത് ഇപ്പോഴാണ് നിരവധി ബോളിവുഡ് സിനിമകളില്‍ പാടിയിട്ടുള്ള അഡ്‌നാന്‍ ഏറ്റവും ഒടുവിലായി പാടി അഭിനയിച്ചത് സല്‍മാന്‍ഖാന്‍ ചിത്രം ഭജറംഗി ഭായ്ജാനിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.