അനാസ്ഥ തുടരുന്നു: 600 ടണ്‍ നെല്ല് നശിക്കുന്നു

Saturday 24 October 2015 9:01 pm IST

അമ്പലപ്പുഴ: അധികൃതരുടെ അനാസ്ഥമൂലം 600ടണ്‍ നെല്ല് പാടശേഖരത്ത് കെട്ടിക്കിടക്കുന്നു. തകഴി കുന്നുമ്മ കരിയാര്‍ മുടിയിലക്കരി പാടശേഖരത്താണ് മൂന്നാഴ്ച മുന്‍പ് കൊയ്ത നെല്ല് സംഭരിക്കാതെ കിടക്കുന്നത്. സമീപത്തെ മറ്റ് പാടശേഖരങ്ങളില്‍ നിന്നൊക്കെ നെല്ലെടുത്തെങ്കില്‍ തകഴി പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ ഈ പാടശേഖരത്തിലെ നെല്ലെടുക്കാന്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ തയ്യാറായിട്ടില്ല. കര്‍ഷകര്‍ മാസങ്ങളായി നടത്തിയ അദ്ധ്വാനം ഇതോടെ പാഴായിരിക്കുകയാണ്. ഏകദേശം ഒന്നരകോടി രൂപയുടെ നെല്ലാണ് പാടശേഖരങ്ങളുടെ നാലു ഭാഗങ്ങളിലായി കെട്ടികിടക്കുന്നത്. ഈ പാടശേഖരത്തെ നെല്ല് എടുക്കേണ്ടന്ന് സപ്ലൈകൊ എം.ടി പാഡി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കര്‍ഷകര്‍ പറയുന്നു. കരയ്ക്ക് കൂട്ടിയിട്ടിരിക്കുന്ന നെല്ല് നനയാതിരിക്കാന്‍ ദിവസവും രണ്ട് ജോലിക്കാരെ വച്ച് ഉള്ളവെയിലത്ത് ഉണക്കിയിടുകയാണ് ദിവസവും. ഇതിനായി 1500 രൂപയുടെ അധികച്ചെലവ് കര്‍ഷകര്‍ക്ക് വന്നിട്ടുണ്ട്. ചില മില്ലുടമകള്‍ നെല്ലെടുക്കാന്‍ എത്തിയെങ്കിലും 12 കിലോ വരെ കിഴിവാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ കര്‍ഷകര്‍ ഇത് അംഗീകരിക്കാതിരുന്നതോടെ നെല്ല് സംഭരണം തടസ്സപ്പെട്ടിരിക്കുകയാണ്. അടിയന്തിരമായി നെല്ല് സംഭരിച്ചില്ലെങ്കില്‍ കൃഷി ഓഫീസും റോഡും ഉപരോധിക്കുന്നത് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.