താമര വിരിയിക്കാന്‍ സഹോദരിമാര്‍

Saturday 8 April 2017 11:20 pm IST

അമ്പലപ്പുഴ: സംവരണ വാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ ബിജെപിക്കായി സഹോദരിമാരുടെ പോരാട്ടം. പുറക്കാട്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിലാണ് സഹോദരിമാരായ ബിന്ദു ബിജുവും ബിനിതാനന്ദനും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുതുവല്‍ അപ്പുക്കുട്ടന്‍- ലീല ദമ്പതികളുടെ മക്കളാണ് ബിനിതയും ബിന്ദുവും. ബിനിത ഇതേ പഞ്ചായത്തിലെ സംവരണ വാര്‍ഡായ ഒന്നാം വാര്‍ഡിലാണ് മത്സരിക്കുന്നത്. ബിന്ദു പുന്നപ്ര പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലും മത്സരിക്കുന്നു. യുഡിഎഫിന്റെ കുത്തക സീറ്റുകള്‍ പിടിച്ചെടുക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. വനിതാ കോണ്‍ഗ്രസിന്റെ നേതാവും പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകയുമായ ബിന്ദു കോണ്‍ഗ്രസിന്റെ അഴിമതി രാഷ്ട്രീയത്തിലും ഗ്രൂപ്പ് രാഷ്ട്രീയത്തിലും  മനം മടുത്താണ് ബിജെപിയില്‍ ചേര്‍ന്ന് മത്സരിക്കുന്നത്. ബിന്ദുവിന്റെ സ്ഥാനാര്‍ത്ഥിത്വവും തെരഞ്ഞെടുപ്പു പ്രചാരണവും കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കഴിഞ്ഞു. ഇവിടെ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. പുറക്കാട് പഞ്ചായത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന നന്ദന്റെ ഭാര്യയാണ് ബിനിത. അഞ്ചു വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ നന്ദന്‍ മരിച്ചു. സംഘ വിവിധ ക്ഷേത്രപ്രസ്ഥാനങ്ങളുമായി നിരന്തരം ബന്ധമുള്ള ബിനിതയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ഇവിടെയും യുഡിഎഫിന് വെല്ലുവിളി ഉയരുകയായിരുന്നു. മറ്റു മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെ പുറത്തുനിന്നുള്ള വാര്‍ഡുകളില്‍ നിന്നുമെത്തിച്ച് മത്സരിപ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ അതേ വാര്‍ഡിലുള്ളവരാണ്. യുഡിഎഫ് കുത്തകയായ വാര്‍ഡുകളാണെന്ന് അവകാശപ്പെടുന്ന ഇവിടെ അട്ടിമറി സൃഷ്ടിക്കാന്‍ സഹോദരിമാര്‍ക്ക് കഴിയുമെന്നുതന്നെയാണ് വോട്ടര്‍മാരുടെയും അഭിപ്രായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.