കണ്ണാടിയില്‍ കാണുന്നത്

Saturday 24 October 2015 9:37 pm IST

ഗുരുപരമ്പരകളുടെ നാടാണ് ഭാരതം. സ്വയം സാക്ഷാത്കരിച്ചു പ്രപഞ്ചശക്തിയുമായി വിലയം പ്രാപിച്ചവരാണ് ഗുരുക്കന്മാര്‍. മനുഷ്യനുള്ളിലെ നിത്യചൈതന്യത്തെ സാക്ഷാത്കരിക്കുവാന്‍ അവര്‍ ലോകത്തെ പ്രേരിപ്പിക്കുന്നു. ഈ ചൈതന്യത്തെ ആത്മാവ്, ശൂന്യത, ഈശ്വരന്‍, ഊര്‍ജം എന്നിങ്ങനെ ഏതുപേരിട്ടും വിശേഷിപ്പിക്കാം. ഏതായാലും ഒരിക്കലും നാശമില്ലാത്ത, ആദിയുമന്തവുമില്ലാത്ത ആ ചൈതന്യത്തെ, നമ്മുടെ ഉള്ളിലുള്ള ആ മൂല്യനിധിയെ അറിയുകയും അനുഭവിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യമെന്നു ഉപനിഷത്തുകളുള്‍പ്പെടെ എല്ലാഭാരതീയതത്ത്വശാസ്ത്രവും ഉദ്‌ഘോഷിക്കുന്നു. എന്നാല്‍ ഈ ആത്മജ്ഞാനം സാധ്യമാകുന്നതു ഗുരുക്കന്മാരിലൂടെയാണ്. ശ്രീനാരായണഗുരു ഭാരതീയ ഋഷിപരമ്പരയിലെ ഗുരുവാണ്. കേരളത്തിന്റെ അന്നത്തെ സവിശേഷമായ സാംസ്‌കാരിക- രാഷ്ട്രീയ പരിസരം വിശകലനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിപ്ലവകരമായി മാറുന്നു. ഉപനിഷദ്‌സാരം എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. എന്നാല്‍ മഹത്തായ സനാതനധര്‍മ്മം അഥവാ ഹൈന്ദവ സംസ്‌കാരം അധഃപതിച്ച കാലഘട്ടമായിരുന്നു ഗുരുവിന്റെ കാലഘട്ടം. തൊട്ടുകൂടായ്മ, അയിത്തം എന്നീ ദുരാചാരങ്ങളാല്‍ അവര്‍ണരെ അകറ്റിനിര്‍ത്തി. വേദേതിഹാസോപനിഷത്തുകളുല്‍പ്പെടെയുള്ള വൈജ്ഞാനിക കലവറയില്‍നിന്നും ബഹുഭൂരിപക്ഷത്തെ അന്യവല്ക്കരിക്കുന്ന സാമൂഹികക്രമത്തിനെതിരെയാണ് ഗുരുശബ്ദിച്ചത്. ആത്മതത്ത്വം തിരിച്ചറിയുവാനുള്ള ഏവരുടെയും അവകാശത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു അത്. ഉപനിഷദ്‌സാരം കുടിലുതൊട്ട് കൊട്ടാരംവരെയെത്തിക്കുക എന്ന മനുഷ്യന്റെ ആത്യന്തികലക്ഷ്യത്തിനുവേണ്ടിയാണ് ഗുരുപോരാടിയത്. അല്ലാതെ അതുഭൗതികമായൊരു സാമൂഹിക വിപ്ലവമായിരുന്നില്ല. ഈശ്വരനുമുന്നില്‍ വലുപ്പച്ചെറുപ്പിമില്ല. ജാതിമത വര്‍ഗവര്‍ണ വ്യത്യാസങ്ങളില്ല. ഈശ്വരനോ ഏവരുടെയും ഉള്ളിലും പ്രപഞ്ചത്തിലുമായി വ്യാപിച്ചുനില്‍ക്കുന്നു. ഈതത്ത്വത്തെ അറിയുവാന്‍ വിഘാതമായിനില്‍ക്കുന്ന അന്നത്തെ സാമൂഹിക ക്രമത്തിനെതിരെ അദ്ദേഹം ശബ്ദിച്ചു. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'യെന്നദ്ദേഹം പറഞ്ഞു. കാരണം പലമതസാരമേകതത്ത്വം എന്നതു അദ്ദേഹം അനുഭവിച്ച സത്യംതന്നെയായിരുന്നു. ഗുരുനടത്തിയ പ്രതിഷ്ഠകള്‍ ഗഹനമായ ഭാരതീയ ദര്‍ശനത്തിന്റെ ലളിതമായ ആവിഷ്‌ക്കാരമായിരുന്നു. അതു വജ്രത്തിളക്കമാര്‍ന്ന ആത്മതത്ത്വമെന്ന സത്യത്തെ സാധാരണക്കാരനുള്‍പ്പെടെ ബോധ്യപ്പെടുത്തുന്നതിലേക്കായിരുന്നു. ഉള്ളിലുള്ള ഈശ്വരനെ അറിയുകയും അനുഭവിക്കുകയും ചെയ്യുകയെന്ന ആഹ്വാനമാണു കണ്ണാടിപ്രതിഷ്ഠയിലൂടെ അദ്ദേഹം നിര്‍വഹിച്ചത്. ശിവനെന്ന സനാതന സത്യം ഇവിടുത്തെ അവര്‍ണന്റെ ഉള്ളിലുമുണ്ടെന്ന ഓര്‍മപ്പെടുത്തലായിരുന്നു 1888ലെ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ. അറിവിലൂടെയാണു സ്വാതന്ത്ര്യം എന്നു ഗുരുപറഞ്ഞത് സനാതനസത്യങ്ങളും ലോകവിജ്ഞാനവുമുള്‍ക്കൊണ്ടു സാമൂഹികവിപ്ലവത്തിനു തിരികൊളുത്തുവാനാണ്. ശ്രീനാരായണഗുരുവിനെപ്പറ്റി വ്യക്തമായി പഠിക്കാതെയും അനുഭവിക്കാതെയുമാണ് കേവലമൊരു ഭൗതികവിപ്ലവകാരിയായി അദ്ദേഹത്തെ ചിലര്‍ വിലയിരുത്തുന്നത്. ആത്മോപദേശശതകം പോലെയുള്ള കൃതികള്‍ മനുഷ്യന്‍, പ്രപഞ്ചം എന്നിവയുടെ സൂക്ഷ്മതകളിലേക്കിറങ്ങിച്ചെല്ലുന്നവയാണ്. ഹിന്ദു എന്നതു ഒരു സെമറ്റിക് മതമല്ല;  അതൊരു ജീവിതരീതിയാണ്. മനുഷ്യന്റെയും പ്രകൃതിയുടെയും ആഴങ്ങളിലേക്കു സഞ്ചരിച്ച് അറിവും സ്വാതന്ത്ര്യവും ആര്‍ജിച്ചെടുത്ത ജീവിതക്രമമാണ് ഹിന്ദുത്വം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അതില്‍ വൈവിധ്യങ്ങളും എന്നാല്‍ അത്യന്തിക ലക്ഷ്യമായ മോക്ഷം എന്ന ഏകതയും അന്തര്‍ലീനമായിരിക്കുന്നു. ഇതിനെത്തന്നെയാണ് ആര്‍ഷഭാരത സംസ്‌കാരമെന്നും സനാതനധര്‍മ്മമെന്നും വിളിക്കുന്നത്. തീര്‍ച്ചയായും ആ സംസ്‌കാരത്തിന്റെ ഊര്‍ജമുള്‍ക്കൊണ്ട മഹാനായ ഋഷിവര്യനാണ് ശ്രീനാരായണഗുരു. ഗുരുവിനെ പൂര്‍ണമായി അറിയുവാന്‍ ആര്‍ഷഭാരതസംസ്‌കാരമെന്തെന്നു വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ദേശീയതയെയും സംസ്‌കാരത്തെയും നിഷേധിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിനും ഗുരുവിനെ ഒരിക്കലും മനസ്സിലാവുകയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.