പുതിയൊരു ഭാരതം ഉയരുകയാണ്

Saturday 24 October 2015 9:59 pm IST

വാര്‍ഷികോത്‌സവമായ വിജയദശമി ആഘോഷിക്കാനാണ് നാമെല്ലാം ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്. സംഘപ്രവര്‍ത്തനം ആരംഭിച്ചിട്ട് 90 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഭാരതരത്‌നം ഡോ. ബി.ആര്‍. അംബേദ്ക്കറുടെ ജന്മശതാബ്ദി വര്‍ഷമാണിത്. സാമൂഹ്യാസമത്വമെന്ന അനീതിക്കെതിരെ ജീവിതകാലം മുഴുവന്‍ പോരാടുകയും നമ്മുടെ ദേശീയ ജീവിതത്തിന്റെ രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളില്‍നിന്ന് ഈ വിവേചനങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള വ്യവസ്ഥകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തയാളാണ് അദ്ദേഹം. രണ്ടാം സര്‍സംഘചാലക് ആയിരുന്ന ഗുരുജിയുടെ വാക്കുകളില്‍ അംബേദ്ക്കറുടെ പ്രതിഭ ആചാര്യ ശങ്കരന്റെ കുശാഗ്രബുദ്ധിയും തഥാഗതനായ ബുദ്ധന്റെ അനുകമ്പയും ചേര്‍ന്നതായിരുന്നു. കഴിഞ്ഞവര്‍ഷം സംഘസ്ഥാപകനായ പരംപൂജനീയ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ 125-ാം ജന്മവാര്‍ഷികവുമായിരുന്നു. എല്ലാവര്‍ക്കും തുല്യാവകാശമുള്ള ഒരു സമൂഹത്തിന്റെ കൂട്ടായ ശ്രമങ്ങളിലൂടെ മുഴുവന്‍ ലോകത്തിനും മാതൃകയായ ഒരു സമൃദ്ധ ഭാരതത്തിന്റെ സൃഷ്ടി അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു. ഈ ലക്ഷ്യം നേടുന്നതിന് അനിവാര്യമായും പൂര്‍ണമനസ്സോടെയും പരിശ്രമിക്കുന്ന നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്ന തന്ത്രം ആവിഷ്‌കരിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ സംഭാവന. വ്യക്തിനിര്‍മാണമെന്ന ഈ  കലയില്‍ ഒരു വിദഗ്ധനായിരുന്ന ആര്‍എസ്എസ് മൂന്നാം സര്‍സംഘചാലക് സ്വര്‍ഗീയ ബാലാസാഹേബ് ദേവറസിന്റെ ജന്മശതാബ്ദി വരുന്നതും ഈ വര്‍ഷമാണ്. വ്യക്തിനിര്‍മാണം പരിപോഷിപ്പിച്ച സ്വര്‍ഗീയ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ഈ കലയെ സ്വീകരിച്ച് രാഷ്ട്രത്തിനുവേണ്ടി ഭാരതീയ തത്വചിന്തയുടെ അടിസ്ഥാനത്തില്‍ ഏകാത്മക മാനവദര്‍ശനമെന്ന സമഗ്രമായ സമീപനം മുന്നോട്ടുവെക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ജന്മശതാബ്ദിക്കും തുടക്കമായിരിക്കുകയാണ്. ഭാരതത്തില്‍ മാതൃകാപരമായ ഒരു ഭരണം സ്ഥാപിക്കുകയും ദക്ഷിണേഷ്യയിലാകെ അനശ്വരമായ ഭാരതീയ സംസ്‌കാരത്തിന്റെ വിശാലമായ സ്വാധീനം വിളംബരപ്പെടുത്തുകയും ചെയ്ത രാജരാജേശ്വര രാജേന്ദ്ര ചോളന്റെ കിരീടധാരണം നടന്നതിന്റെ സഹസ്രാബ്ദ വര്‍ഷമാണിതെന്ന സന്തോഷകരമായ യാദൃശ്ചികതയുമുണ്ട്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള എല്ലാ അസമത്വങ്ങളെയും നിരാകരിക്കുകയും അന്ധവിശ്വാസപരമായ പാരമ്പര്യത്തിന്റെ എല്ലാ കടമ്പകളെയും മറികടക്കുകയും ചെയ്ത രാമാനുജാചാര്യന്‍ ഭക്തിമാര്‍ഗം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമെത്തിക്കുകയും സാമൂഹ്യസമരസതക്ക് വഴിയൊരുക്കുകയും ചെയ്തു. വരുംവര്‍ഷം രാമാനുജാചാര്യന്റെ ആയിരാമത് ജന്മവാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. ജമ്മുകശ്മീരില്‍നിന്നുള്ള മഹാനായ ശൈവാചാര്യന്‍ അഭിനവ ഗുപ്തന്റെ ആയിരാമത് ജന്മവര്‍ഷവുമാണിത്. ഫലേച്ഛ കൂടാതെയും കാര്യക്ഷമമായും കര്‍മംചെയ്യണമെന്നതിന്റെയും സമത്വത്തിന്റെയും സന്ദേശം നല്‍കുന്ന പുണ്യഗ്രന്ഥമായ ഭഗവദ്ഗീതയുടെ 5151-ാം വാര്‍ഷികാഘോഷവും ഗീതാജയന്തിവരെ നടക്കും. ഈവര്‍ഷം രണ്ട് പുണ്യാത്മാക്കള്‍ നമ്മെ വിട്ടുപിരിഞ്ഞു. നമ്മുടെ രാഷ്ട്രത്തിന്റെ സമസ്ത ജീവിതമേഖലയിലും നന്മവരുത്താന്‍ യുവതലമുറയോട് നിരന്തരം ആവശ്യപ്പെട്ട രാഷ്ട്രപതിയായിരുന്ന അബ്ദുള്‍കലാം അവരില്‍ ആത്മവിശ്വാസവും ദേശാഭിമാനവും നിറയ്ക്കാന്‍ തന്റെ ജീവിതംതന്നെ സമര്‍പ്പിക്കുകയുണ്ടായി. വേദപണ്ഡിതനായിരുന്നുകൊണ്ട് സ്വാമി ദയാനന്ദസരസ്വതി നമ്മുടെ അനശ്വര സംസ്‌കാരത്തിന്റെ ആധുനികമുഖം പ്രദാനം ചെയ്യുകയും നമ്മുടെ സമൂഹത്തിലും വിശ്വമാകെയും അഭിമാനവും കര്‍ത്തവ്യബോധവും വളര്‍ത്തുകയുണ്ടായി. ഈ രണ്ട് മഹാത്മാക്കളും സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ ഭാരതമഹിമയുടെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശം ആലേഖനം ചെയ്തവരാണ്. ഈ യാദൃശ്ഛികതകളെല്ലാം ഇപ്പോള്‍ ഓര്‍മിക്കാന്‍ കാരണം കുടുംബങ്ങള്‍ മുതല്‍ മുഴുവന്‍ ലോകംവരെ സമാധാനം, സമൃദ്ധി, പുരോഗതി എന്നിവ കൊണ്ടുവരുന്നതിനായി സമൃദ്ധവും സാമര്‍ത്ഥ്യപൂര്‍ണവും എല്ലാവര്‍ക്കും തുല്യാവസരങ്ങള്‍ നല്‍കുന്നതുമായ ഒരു ഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ കടമയിലേക്ക് ശ്രദ്ധതിരിക്കാനാണ്. സംഘടിത സമാജത്തിന്റെ ശക്തികൊണ്ട് ഈ ലക്ഷ്യം എങ്ങനെ നേടാമെന്നതാണ് ഇന്നത്തെ ചിന്താവിഷയം. ലോകത്തിന് ഉദാരവും വികസ്വരവുമായ നേതൃത്വം പ്രദാനം ചെയ്യുന്ന സ്വയംപര്യാപ്തവും ശക്തവും സമൃദ്ധവും സുരക്ഷിതവുമായ ഒരു ഭാരതം ഇതിനായി ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കുന്ന  പുരോഗമനപരവും സംഘടിതവും പ്രബുദ്ധവുമായ സമൂഹത്തിലൂടെ മാത്രമേ സാധ്യമാകൂ. മാത്രമല്ല, ഇത്തരമൊരു സമൂഹത്തിനായുള്ള ദൃഢനിശ്ചയം വ്യവസ്ഥിതിയെ നയിക്കുന്ന നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നയങ്ങളില്‍ പ്രതിഫലിക്കണം. വ്യക്തവും കൃത്യവുമായ നയങ്ങള്‍, സ്വാര്‍ത്ഥരഹിതവും ഭിന്നതയില്ലാത്തതുമായ സമൂഹം എന്നിവ രാഷ്ട്രത്തിന്റെ വിധി മാറ്റിമറിക്കാന്‍ അവശ്യോപാധികളാണ്. ഇവ രണ്ടും പരസ്പരം പരിപോഷിപ്പിക്കുകയും വേണം. ഈ ചിത്രം മനസ്സില്‍വച്ചുകൊണ്ട് രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ആലോചിക്കുമ്പോള്‍ വളരെ പ്രതീക്ഷാഭരിതവും ആശ്വാസദായകവുമായ ഒരു കാഴ്ചയാണ് നമുക്ക് ലഭിക്കുക. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിലനിന്ന നിരാശയുടെയും വിശ്വാസരാഹിത്യത്തിന്റെയും അന്തരീക്ഷം അപ്രത്യക്ഷമായിരിക്കുന്നു. ഇവയുടെ സ്ഥാനത്ത് പ്രതീക്ഷകളുടെ ഒരു അന്തരീക്ഷവും ഈ പ്രതീക്ഷകള്‍ നിറവേറ്റാനുള്ള ശുഭാപ്തിവിശ്വാസവും സംജാതമായിരിക്കുന്നു. ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റം കൊണ്ടുവന്ന് അത് ശരിയായ അനുഭവമാക്കിത്തീര്‍ത്ത് ഈ അനുകൂല മനോഭാവം നിരയിലെ അവസാനത്തെ വ്യക്തിയിലും എത്തിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറെവര്‍ഷങ്ങളായി ലോകത്ത് ഭാരതത്തിന്റെ അഭിമാനം പലമടങ്ങ് വര്‍ധിച്ചിരിക്കുകയാണെന്ന കാര്യം എല്ലാവര്‍ക്കും വ്യക്തമായിവരികയാണ്. ദേശീയ താല്‍പര്യത്തിന്റെ കാഴ്ചപ്പാടില്‍ അയല്‍രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനെടുത്ത ക്രിയാത്മക നടപടികള്‍ ഫലംകൊണ്ടുവന്നിരിക്കുന്നു. പുതിയൊരു ഭാരതത്തെ ലോകത്ത് അവതരിപ്പിക്കുകയാണ്. ആത്മാഭിമാനവും ആത്മവിശ്വാസവുംകൊണ്ട് നിറഞ്ഞ, എല്ലാവരോടും സൗമനസ്യമെന്ന പരമ്പരാഗതമായ സമീപനം നിലനിര്‍ത്തിക്കൊണ്ടുതന്നെ ദേശീയ താല്‍പര്യങ്ങളുടെ കാര്യംവരുമ്പോള്‍ അന്താരാഷ്ട്ര നയതന്ത്രരംഗത്ത് യാതൊരു വീഴ്ചയുമില്ലാതെ വ്യക്തമായ നിലപാടെടുക്കുന്ന, ലോകത്ത് കഷ്ടതയനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് സഹായഹസ്തം നീട്ടുന്ന ഒരു ഭാരതത്തെ ലോകം അനുഭവിക്കുകയാണ്. പുതിയ രൂപഭാവങ്ങളോടെ ഭാരതം സ്വയം പുനരവതരിച്ചിരിക്കുകയാണ്. ഭാരതത്തിന്റെ ഈ പുതിയ അവതാരത്തെ അങ്ങേയറ്റത്തെ ശുഭാപ്തിവിശ്വാസത്തോടെ കണ്ട് ലോകം ആനന്ദിക്കുകയാണ്. ഭാരതത്തിന്റെ ഗീതയ്ക്കും യോഗയ്ക്കും തഥാഗതനും ഇതിനുമുമ്പുണ്ടായിട്ടില്ലാത്തവിധം സാര്‍വലൗകികമായ സ്വീകാര്യത ലഭിക്കുകയാണ്. ഭാരതീയ മനസ്സിന്റെയും പാരമ്പര്യത്തിന്റെയും സൗമനസ്യം വികസിപ്പിക്കാനും ഭാരതത്തിന്റെ കീര്‍ത്തി സംരക്ഷിക്കാനും വിപുലീകരിക്കാനുമായി ഭരണതലത്തില്‍ നയങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. ലോകത്തെ വികസ്വര രാഷ്ട്രങ്ങളെല്ലാം വന്‍ശക്തികളെന്ന് പറയപ്പെടുന്നവരുടെ ദുഃസ്വാധീനത്തില്‍നിന്ന് മോചനം നേടുന്നതിന് ഭാരതത്തിന്റെ നേതൃത്വത്തെ ഉറ്റുനോക്കുകയാണ്. ഉയര്‍ച്ചതാഴ്ചകളുടേതായ സ്വന്തം ചരിത്രത്തിലുടനീളം ലോകത്തെ ഒരു കുടുംബമായാണ് ഭാരതം കണ്ടിട്ടുള്ളത്. സ്വന്തം ശക്തി ചൈതന്യങ്ങള്‍കൊണ്ട് ദേശീയതാല്‍പര്യങ്ങള്‍ക്കും ലോകതാല്‍പര്യങ്ങള്‍ക്കുമിടയില്‍ സന്തുലിതാവസ്ഥ പാലിക്കുകയെന്ന പാരമ്പര്യമാണ് രണ്ടിനോടും അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തിക്കൊണ്ട് ഭാരതം പിന്തുടര്‍ന്നുപോന്നിട്ടുള്ളത്. കാലപ്പഴക്കമുള്ള ഇതേ നയതന്ത്ര സമീപനത്തിന്റെ കിരണങ്ങള്‍ നാം ഇപ്പോള്‍ ക്രമേണ അനുഭവിക്കുകയാണ്. ഭാരതത്തിന്റെ ഈ പ്രകാശവത്തായ ചിത്രം ലോകത്തിന്റെ മനസ്സിലെന്നപോലെ രാജ്യത്തെ ഓരോ വ്യക്തിയുടെയും മനസ്സില്‍ മുദ്രിതമാവേണ്ടതുണ്ട്. അതിനാല്‍ പുതിയ ചിന്തയും ധീരമായ ശ്രമങ്ങളുംകൊണ്ട് ദേശീയജീവിതത്തിന്റെ സമസ്തമേഖലകളും നാം ഉജ്വലമാക്കേണ്ടതുണ്ട്. ആധുനികകാലത്തിന് അനുസൃതമായ നയങ്ങളും സംവിധാനങ്ങളും സ്വീകരിക്കാനാവുന്ന, അതേസമയം നമ്മുടെ അമരമായ ദേശീയജീവിതത്തിന് ആധാരമായ ശാശ്വതസത്യത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ പുതിയൊരു ചിത്രം വരയ്ക്കുക. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.