കോര്‍പ്പറേഷനിലേക്ക് വോട്ടു ചോദിക്കാന്‍ എല്‍ഡിഎഫ് യോഗ്യരല്ല: ഒ. രാജഗോപാല്‍

Saturday 24 October 2015 10:34 pm IST

പാല്‍ക്കുളങ്ങരയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി വാര്‍ഡ് കമ്മറ്റി തയ്യാറാക്കിയ ആഡിയോ സിഡി ഒ. രാജഗോപാല്‍
രാധാകൃഷ്ണന് നല്‍കി പ്രകാശിപ്പിക്കുന്നു. പി. അശോക് കുമാര്‍, സ്ഥാനാര്‍ഥി എസ്. വിജയകുമാരി, ഇന്ദു, കൃഷ്ണന്‍കുട്ടി, കെ. രാജശേഖരന്‍ സമീപം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ മാലിന്യക്കൂമ്പാരമാക്കിയ എല്‍ഡിഎഫിന് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കാന്‍ യോഗ്യതയില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍. 40 വര്‍ഷം മുമ്പ് തിരുവനന്തപുരത്തു നടന്ന മേയര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ ഏറ്റവും നല്ല ശുചിത്വനഗരമായി തെരഞ്ഞെടുക്കപ്പെട്ടത് തിരുവനന്തപുരമാണ്. ആ നഗരത്തെയാണ് ഭരിച്ചു മുടിച്ച എല്‍ഡിഎഫ് മാലിന്യക്കൂമ്പാരമാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാവര്‍ക്കും ശുദ്ധവായുവും ശുദ്ധജലവും നല്‍കേണ്ടത് ഭരണകര്‍ത്താക്കളുടെ കടമയാണ്. എന്നാല്‍ തിരുവനന്തപുരം നഗരംഭരിച്ച എല്‍ഡിഎഫ് മാലിന്യനിര്‍മാര്‍ജനത്തിന് ക്രിയാത്മകമായി ഒന്നും ചെയ്തില്ല. നഗരശുചീകരണം സമ്പൂര്‍ണമായും പാളി.
വര്‍ഷങ്ങളായി പാര്‍വതീ പുത്തനാറില്‍ മലിനജലം നിറഞ്ഞ് ഒഴുക്കു നിലച്ചിരിക്കുന്നു. വോട്ടു ബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തി പാര്‍വതീ പുത്തനാറിന്റെ ശുചീകരണത്തിന് ഭരണകൂടം വിലങ്ങുതടിയായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വനിതാസംവരണം അമ്പതുശതമാനമാണെങ്കിലും ബിജെപി മാത്രമാണ് ജനറല്‍ സീറ്റുകളിലും വനിതാസ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത്. സ്ത്രീ ശക്തിസ്വരൂപിണിയാണെന്ന കാഴ്ചപ്പാടാണ് ബിജെപിക്കുള്ളത്.
ബിജെപിയെയും താമരചിഹ്നത്തെയും ജനങ്ങള്‍ക്ക് പരിപൂര്‍ണമായും വിശ്വസിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പാല്‍ക്കുളങ്ങരയിലെ ബിജെപി സ്ഥാനാര്‍ഥി എസ്. വിജയകുമാരിയുടെ പ്രചാരണാര്‍ഥം വാര്‍ഡ് കമ്മറ്റി തയ്യാറാക്കിയ ഓഡിയോ സിഡി രാജഗോപാല്‍ രാധാകൃഷ്ണന് നല്‍കി പ്രകാശിപ്പിച്ചു.
ഇന്ദു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി. അശോക് കുമാര്‍, സ്ഥാനാര്‍ഥി എസ്. വിജയകുമാരി, കെ. രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. സിന്ധു സ്വാഗതവും മാളവിക നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.