ഗുരുവായൂര്‍ ഏകാദശിവിളക്കിന് തുടക്കം

Saturday 24 October 2015 11:55 pm IST

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിവിളക്കിന് തുടക്കം കുറിച്ചു. ഗജരത്‌നം പത്മനാഭന്‍ ഭഗവാന്റെ തിടമ്പേറ്റി. പാലക്കാട് അലനല്ലൂര്‍ പറമ്പോട്ട് അമ്മിണിയമ്മയുടെ വകയായിരുന്നു ആദ്യ ദിവസത്തെ ചുറ്റുവിളക്ക്. ഇന്ന് ഗുരുവായൂര്‍ കനറാബാങ്കിന്റെ സമ്പൂര്‍ണ്ണ നെയ്‌വിളക്കായി ആഘോഷിക്കും. ഇന്ന് രാവിലെ ക്ഷേത്രത്തിനകത്ത് നിറമാല, ചുറ്റുവിളക്ക്, എന്നിവക്ക് പുറമേ, രാവിലെ 7-മണിക്കും, ഉച്ചക്ക് 3നും മേള കലാരത്‌നം കിഴക്കൂട്ട് അനിയന്‍ മാരാരും, ഗുരുവായൂര്‍ ശശിയുടേയും മേളപ്രമാണത്തില്‍ ഗുരുവായൂര്‍ ആനത്തറവാട്ടിലെ തലയെടുപ്പുള്ള ഗജകേസരി വലിയകേശവന്‍ ഭഗവാന്റെ തിടമ്പേറ്റിയുള്ള മൂന്നാനകളോടുകൂടിയുള്ള കാഴ്ച്ചശീവേലിയും ഉണ്ടാകും. വൈകീട്ട് ഗുരുവായൂര്‍ മുരളിയും, സേതുമാധവനും നയിക്കുന്ന നാദസ്വരം, പനമണ്ണ ശശി, ഗുരുവായൂര്‍ ശശി എന്നിവരുടെ ഡബ്ബിള്‍ തായമ്പക, രാത്രി 9ന് വിശേഷാല്‍ ഇടയ്ക്ക നാദസ്വര പ്രദക്ഷിണവും നടക്കും. രാവിലെ 7ന് ഗുരുവായൂര്‍ കനറാബാങ്ക് ചീഫ് മാനേജര്‍ എ.പി. പത്മനാഭന്‍ ഭദ്രദീപം തെളിയിക്കുന്നതോടെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ക്ക് തുടക്കമാകും. 7.15ന് ഗുരുവായൂര്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടി, ജ്യോതിദാസ് കൂടത്തിങ്കല്‍, ഗുരുവായൂര്‍ ശശി തുടങ്ങിയവരുടെ സോപാന സംഗീതം, രാവിലെ 8.30-മുതല്‍ വൈകീട്ട് 5.30വരെ കനറാബാങ്ക് ജീവനക്കാരും, കുടുംബാംഗങ്ങളും ഒരുക്കുന്ന വിവിധ കലാപരിപാടികള്‍. വൈകീട്ട് 6.30മുതല്‍ 9വരെ വൈക്കം വിജയലക്ഷ്മി, എടപ്പാള്‍ വിശ്വനാഥന്‍, വൈഷ്ണവ്, ഗിരീഷ് എന്നിവര്‍ ഒരുക്കുന്ന ഭക്തിഗാനമേളയും ഉണ്ടായിരിക്കും. നാളെ പോസ്റ്റല്‍ ജീവനക്കാരാണ് ചുറ്റുവിളക്ക് നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.