ആലപ്പുഴ: കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയില്‍നിന്ന് കൊറിയര്‍ സര്‍വീസ് തുടങ്ങി. ‘റീച്ചോണ്‍ ഫാസ്റ്റ് ബസ്’ എന്നു പേരിട്ടിരിക്കുന്ന കൊറിയര്‍ സര്‍വീസ് പേരുപോലെ വേഗത്തിലുള്ളതായിരിക്കും. ഒരു ദിവസംകൊണ്ടോ ബസ് എത്തിച്ചേരുന്ന സമയത്തോ കൊറിയര്‍ മേല്‍വിലാസത്തില്‍ എത്തിക്കുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.
സാധാരണ കവറുകള്‍ക്കും മറ്റും 25 രൂപയാണ് നിരക്ക്. മൂന്ന് കിലോ വരെയുള്ള പാഴ്സലിന് 50 രൂപ നല്‍കണം. മൂന്ന് കിലോയ്ക്ക് മുകളിലുള്ളവ പിന്നീടു മാത്രമേ സര്‍വീസില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. ആദ്യഘട്ടത്തില്‍ കേരളത്തിലെവിടെയും പാഴ്സല്‍ എത്തിക്കുന്നതിനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തില്‍ കേരളത്തിനു പുറത്തേക്കും സേവനം വ്യാപിപ്പിക്കും.
ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്, വോള്‍വോ ബസ്സുകളാണ് ഇതിന് കൂടുതലായി പ്രയോജനപ്പെടുത്തുന്നത്. ലോക്കല്‍ പാഴ്സലുകള്‍ക്ക് ഓര്‍ഡിനറി സര്‍വീസും ഉപയോഗിക്കും. ആദ്യഘട്ടത്തില്‍ ജില്ലയിലെ ആലപ്പുഴ ഡിപ്പോയില്‍ മാത്രമാണ് പാഴ്സല്‍ സര്‍വീസ് ആരംഭിക്കുക.
ആലപ്പുഴയ്ക്ക് പുറമേ കേരളത്തിലെ പതിനേഴു ഡിപ്പോകളില്‍ വെള്ളിയാഴ്ച കൊറിയര്‍ സര്‍വീസ് ആരംഭിച്ചു. ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കൊറിയര്‍ സ്വീകരിക്കാന്‍ റീച്ചോണ്‍ ഫാസ്റ്റ് ബസ് എന്ന പേരില്‍ കേന്ദ്രങ്ങള്‍ തുറന്നു. ട്രാക്കോണുമായി ചേര്‍ന്നാണ് കൊറിയര്‍ സര്‍വീസിന്റെ പ്രവര്‍ത്തനം.
ആലപ്പുഴയിലെ കൊറിയര്‍ സര്‍വീസിന്റെ ഉദ്ഘാടനം എടിഒ ജി. ബാലമുരളി നിര്‍വഹിച്ചു. പി.കെ. മനോഹരന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: