ചികിത്സ സൗകര്യങ്ങളില്ല: ശബരിമലയില്‍ പനി പടരുന്നു

Sunday 25 October 2015 7:47 pm IST

കോട്ടയം: ശബരിമലയില്‍ പനിപടര്‍ന്ന് പിടിക്കുന്നു. പനിബാധിതര്‍ക്ക് ചികിത്സ ലഭ്യമാക്കാനായി സന്നിധാനത്തോ പമ്പയിലോ ഇപ്പോള്‍ സംവിധാനങ്ങള്‍ ഇല്ലാത്തത് സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്. തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആയിരത്തിലധികം തൊഴിലാളികളും ജീവനക്കാരുമാണ് സന്നിധാനത്ത് വിവിധ മേഖലകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. നിരന്തരമായി പെയ്യുന്ന മഴയും തണുപ്പും മൂലം പനി കൂടുതല്‍ തൊഴിലാളികളിലേക്ക് പടരുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ഈ മാസം 13 മുതല്‍ തന്നെ തീര്‍ത്ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ സന്നിധാനത്ത് ആരംഭിച്ചിരിക്കുന്നു. അന്നു മുതല്‍ അരവണനിര്‍മ്മാണ യൂണിറ്റില്‍ അഞ്ഞൂറോളം  പേരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മോടിപിടിപ്പിക്കുന്നതിനുമായി  അഞ്ഞൂറിലധികം പേരും  ജോലിചെയ്യുന്നുണ്ട്. എന്നാല്‍ 22ന് തുലാമാസപൂജകള്‍ പൂര്‍ത്തിയാക്കി നട അടച്ചപ്പോള്‍ ആരോഗ്യവകുപ്പും ശബരിമലയെ കയ്യൊഴിഞ്ഞു. ആയിരത്തിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന ശബരിമലയില്‍ പ്രാധമിക ചികിത്സ നല്‍കാന്‍പോലും സംവിധാനമില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. നാട്ടില്‍നിന്നും കൊണ്ടുവന്ന പനിയുടെ ടാബിലറ്റ് മാത്രമാണ് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ആശ്രയം. പ്രസാധ നിര്‍മ്മാണ യൂണിറ്റില്‍ മാത്രം 20ഓളം പേര്‍ പനിബാധിതരാണ്. മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും പനിയുടെ ലക്ഷണമുള്ളതായി സൂചനയുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ തൊഴിലാളികളെ പത്തനംതിട്ട ആശുപത്രിയിലെത്തിച്ചാണ് ചികിത്സ നല്‍കിയത്. അന്ന് തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കവേളയില്‍ സന്നിധാനത്ത് ചികിത്സ സൗകര്യം ലഭ്യമാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. പാമ്പ് ഇറങ്ങുന്നത് കലണ്ടര്‍ നോക്കിയല്ലെന്ന് ഹൈക്കോടതിതന്നെ പറഞ്ഞിരുന്നു. എന്നാല്‍ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാരും അതാവശ്യപ്പെടേണ്ട ദേവസ്വം ബോര്‍ഡും ഗുരുതരമായ വീഴ്ചയാണ് ശബരിമലയില്‍ വരുത്തിയിരിക്കുന്നത്. ചികിത്സ സൗകര്യങ്ങളുറപ്പാക്കിയില്ലെങ്കില്‍ ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന മുന്നൊരുക്കങ്ങളെ  അത് ദോഷകരമായി ബാധിക്കും. അരവണയുടേയും മറ്റും കരുതല്‍ ശേഖരണനിര്‍മ്മാണം ആരംഭിച്ചതിനാല്‍ യൂണിറ്റുകളിലെ ജീവനക്കാരുടെ ആരോഗ്യവും ഏറെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. തുലാവര്‍ഷത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കും സാധ്യത നിലനില്‍ക്കുകയാണ്. ഇത് ശബരിമലയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.