അയ്യപ്പന്‍ അരുള്‍ ചെയ്യുന്നത്.

Sunday 25 October 2015 8:36 pm IST

അയ്യപ്പഭക്തിയുടെ ഉദാത്തതയുമായി മകര-മണ്ഡല മാസ വരുന്നു. അയ്യപ്പഭക്തരെ സംബന്ധിച്ചിടത്തോളം ആ ദിനങ്ങള്‍ കഠിനവ്രതത്തിന്റേതാണ്. മണ്ഡലവിളക്കും മകരജ്യോതിയും ദര്‍ശിക്കാനുള്ള, അയ്യപ്പദര്‍ശന സാക്ഷാത്കാരത്തിനുള്ള സമര്‍പ്പണത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും നാളുകള്‍. തീവ്രമായ ഭക്തിയില്‍ അതികഠിനമായ തീര്‍ത്ഥാടനവഴികള്‍ പിന്നിടുമ്പോള്‍ ആത്മസായൂജ്യത്തിന്റെ അത്ഭുതകരമായ അനുഭവങ്ങളുടെ വാതിലുകള്‍ ശ്രീ അയ്യപ്പന്‍ ഭക്തര്‍ക്കായി തുറന്നിടുന്നു. ആത്മീയതയുടെ അടിസ്ഥാന സമവാക്യമാണ് ഈ പ്രക്രിയകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ആഴത്തിലുള്ള ഭക്തിയാണ് ദൈവത്തെ അറിയുന്നതിനുള്ള ആദ്യപടി. ദൈവത്തിലെത്താനുള്ള അവസാനപടിയെത്തുന്നതിനുമുമ്പ് കഠിന പരീക്ഷണത്തിന്റെ വിവിധ പടികള്‍ കയറണം. ഭക്തിയുടെ തീവ്രത കൂടുന്നതിനനുസൃതമായി ഭഗവാന്റെ പരീക്ഷണത്തിന്റെ കാഠിന്യവും കൂടുന്നു. പൂര്‍ണമായും സ്വയം ദൈവത്തില്‍ സമര്‍പ്പിച്ച ഒരു ഭക്തനെ യഥാസമയം വേണ്ടതെല്ലാം നല്‍കി ദൈവം സഹായിക്കുക തന്നെ ചെയ്യും. ആത്യന്തികമായി ഭക്തനെ ഭഗവാന്‍ ആദ്ധ്യാത്മികതയുടെ ഉന്നതിയിലേക്ക് ഉയര്‍ത്തും. നിസ്സഹായാവസ്ഥയിലാവുന്ന കുടുംബത്തെ ഓര്‍ത്ത്, വിവേകാനന്ദ സ്വാമികള്‍ ശിഷ്യത്വം സ്വീകരിച്ച് പരിപൂര്‍ണമായും ആദ്ധ്യാത്മിക സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുവാനുള്ള ശ്രീരാമകൃഷ്ണ സ്വാമികളുടെ ഉപദേശം സ്വീകരിക്കുവാന്‍ മടിച്ചപ്പോള്‍, ഗുരു സമാശ്വസിപ്പിച്ചത് കുടുംബത്തെ ദൈവം കാത്തുകൊള്ളും, പക്ഷേ ഒരുപാട് ധനമൊന്നും നല്‍കുകയില്ല, മറിച്ച് ദാരിദ്ര്യമില്ലാതെ നോക്കിക്കൊള്ളുമെന്നാണ്. പണ്ടുകാലത്ത് ഒരിക്കല്‍ മലകയറിയാല്‍ മതി, ഒരായുസുകാലത്തെ പുണ്യം ലഭിക്കുവാന്‍! ഇന്നോ! വര്‍ഷാവര്‍ഷവും. ഒരു വര്‍ഷത്തില്‍ പലതവണയും മലകയറുമ്പോഴും പലര്‍ക്കും പുണ്യം ലഭിക്കുന്നില്ലെന്ന് മാത്രമല്ല പലര്‍ക്കും കൂടുതല്‍ പാപഫലം ഉണ്ടാവുകയും ചെയ്യുന്നു. എന്തുകൊണ്ടാണിത്? പഴയകാലത്ത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ കല്ലും മുള്ളും ചവിട്ടിയാണ് യാത്ര ചെയ്തത്. അയ്യപ്പന്‍ അരുള്‍ ചെയ്യാതെ ആര്‍ക്കും മടങ്ങിവരാന്‍ തന്നെ കഴിയുമായിരുന്നില്ല. ദുരിതങ്ങളുടെ ഭൗതികമായ ദുഃഖങ്ങളുടെ കെട്ട് ഭഗവാന് മുന്‍പില്‍ സമര്‍പ്പിച്ച് യാന്ത്രികജീവിതത്തിലെ സുഖങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച് ഭാരമില്ലാ മനസ്സോടെ, തിരികെ വരുന്നു. അസാധാരണമായൊരു തീര്‍ത്ഥാടനമാണിത്. ദൈവത്തെ, സ്വന്തം ആത്മാവിനെ, അവനവനെ തിരിച്ചറിയാനുള്ള നിരന്തരമായ രഹസ്യാന്വേഷണമാണിത്. ശരിയായ അദ്വൈതജ്ഞാനത്തിലൂടെ പരബ്രഹ്മത്തെ അറിയുന്നതിനുള്ള ശരിയായ 'ഗുരു'വില്‍നിന്നുള്ള ശിക്ഷണമാണിത്. 'ഇരുമുടി'യിലെ 'ദ്വയം' നെയ്യഭിഷേകം' എന്ന ഏകത്വത്തിലേക്കാണ് എത്തിക്കുന്നത്. എല്ലാ ജീവാത്മാക്കളും പരമാത്മാവിലേക്കാണ് എത്തിച്ചേരുന്നതെന്ന യാഥാര്‍ത്ഥ്യത്തെ ഇതുണര്‍ത്തുന്നു. ''സ്വാമി'' ''ശരണം'' എന്ന മന്ത്രദ്വയങ്ങള്‍ ''അയ്യപ്പാ'' എന്ന ഏകമന്ത്രത്തില്‍ വലയംപ്രാപിക്കുന്നു. നീയും ഞാനും അതായത് നിന്നിലെ ആത്മാവും എന്നിലെ ആത്മാവും എല്ലാ ആത്മാക്കളും ഒന്നുതന്നെയെന്നുള്ള 'തത്ത്വമസി' എന്ന തത്വത്തെയാണുണര്‍ത്തുന്നത്. അയ്യപ്പഭക്തന്മാരെല്ലാവരും ''അയ്യപ്പ''നായിത്തീരുന്ന, യഥാര്‍ത്ഥ ഭക്തനും ദൈവവും ഒന്നായിത്തീരുന്ന, യഥാര്‍ത്ഥ ഭക്തനും ദൈവവും ഒന്നായിത്തീരുന്ന ആദ്ധ്യാത്മികതയുടെ ഉല്‍കൃഷ്ടജ്ഞാനത്തിന്റെ പ്രകാശമാകുന്ന അയ്യപ്പചൈതന്യം യഥാര്‍ത്ഥ ഭക്തഹൃദയത്തില്‍ നിറഞ്ഞുതുളുമ്പുമ്പോള്‍ ആ യാത്ര സഫലമാവുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.