ആഴ്‌സണലിന്റെ കുതിപ്പ്

Sunday 25 October 2015 10:00 pm IST

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിച്ചിനെതിരെ നേടിയ ജയത്തിന്റെ ആവേശം പ്രീമിയര്‍ ലീഗിലും ആഴ്‌സണല്‍ തുടരുന്നു. എവര്‍ട്ടണിനെ സ്വന്തം മൈതാനത്ത് 2-1ന് കീഴടക്കിയ പീരങ്കിപ്പട പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അതേസമയം, നിലവിലെ ജേതാക്കള്‍ ചെല്‍സിക്ക് തോല്‍വി തുടര്‍ക്കഥ. വെസ്റ്റ് ഹാം യുണൈറ്റഡിനോട് 2-1ന് കീഴടങ്ങിയ ചെല്‍സി ലീഗില്‍ അഞ്ചാം തോല്‍വി വഴങ്ങി. ഇതോടെ പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്തായി ടീം. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ രണ്ട് മിനിറ്റിനിടെ രണ്ടു ഗോള്‍ വലയിലാക്കിയാണ് പീരങ്കിപ്പട ജയം സ്വന്തമാക്കിയത്. 36ാം മിനിറ്റില്‍  ഒലിവര്‍ ഗിറൗഡും, രണ്ടു മിനിറ്റിനു ശേഷം ലോറന്റ് കോസൈന്‍ലിയുമാണ് ആഴ്‌സണലിനായി ലക്ഷ്യം കണ്ടത്. റോസ് ബാര്‍ക്കലി എവര്‍ട്ടണിന്റെ ആശ്വാസം. ചെല്‍സിക്കെതിരെ മൗറോ സാരാറ്റെയും, ആന്‍ഡി കറോളും വെസ്റ്റ് ഹാമിനായി സ്‌കോര്‍ ചെയ്തു. ഗാരി കാഹില്‍ ചെല്‍സിയുടെ ആശ്വാസം. തോല്‍വിയോടെ ഹോസെ മൗറീഞ്ഞോയുടെ ഭാവിയില്‍ അനിശ്ചിതത്വമേറി. ജയത്തോടെ വെസ്റ്റ് ഹാം മൂന്നാം സ്ഥാനത്ത്. ലീഗിലെ മറ്റു കളികളില്‍ സ്വാന്‍സീ സിറ്റി 2-1ന് ആസ്റ്റണ്‍ വില്ലയെയും ലെയ്‌സെസ്റ്റര്‍ സിറ്റി 1-0ന് ക്രിസ്റ്റല്‍ പാലസിനെയും വെസ്റ്റ്‌ബ്രോംവിച്ച് ആല്‍ബിയന്‍ 1-0ന് നോര്‍വിച്ച് സിറ്റിയെയും, വാറ്റ്‌ഫോഡ് 2-0ന് സ്‌റ്റോക് സിറ്റിയെയും കീഴടക്കി. അഞ്ചടിച്ച് സെവിയ്യ മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ സെവിയ്യയ്ക്ക് തകര്‍പ്പന്‍ ജയം. 5-0ന് ഗെറ്റാഫെയെ തുരത്തി സെവിയ്യ. മറ്റൊരു കളിയില്‍ മലാഗ മടക്കമില്ലാത്ത രണ്ടു ഗോളിന് ഡിപോര്‍ട്ടീവൊ ല കൊരുണയെയും കീഴടക്കി. കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് 3-1ന് സെല്‍റ്റ ഡി വിഗോയെയും തോല്‍പ്പിച്ചിരുന്നു. ഗെറ്റാഫെയ്‌ക്കെതിരെ കെവിന്‍ ഗമെയ്‌റോയുടെ ഹാട്രിക്കാണ് എവേ മത്സരത്തില്‍ സെവിയ്യയ്ക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. 35, 45, 60 മിനിറ്റുകളില്‍ ഗമെയ്‌റോ ലക്ഷ്യം കണ്ടു. എവര്‍ ബനേഗ, യെവ്ഹാന്‍ കൊനൊപ്ലൈങ്ക എന്നിവരും സ്‌കോര്‍ ചെയ്തു. ഡിപാര്‍ട്ടീവൊയ്‌ക്കെതിരെ അദ്‌നാന്‍ ടിഘദൗയിനി, യുവാന്‍ കാര്‍ലോസ് എന്നിവര്‍ മലാഗയുടെ സ്‌കോറര്‍മാര്‍. എവേ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ, ഡാനിലോ, മാഴ്‌സലോ എന്നിവരുടെ ഗോളുകളിലാണ് സെല്‍റ്റ വിഗോയെ റയല്‍ തുരത്തിയത്. നോലിറ്റോ സെല്‍റ്റയുടെ ആശ്വാസം. ജയത്തോടെ ഒമ്പത് കളികളില്‍ 21 പോയിന്റുമായി റയല്‍ ഒന്നാമത്. ഇത്രയും കളികളില്‍ 18 പോയന്റുള്ള സെല്‍റ്റ രണ്ടാമത്. ഒരു മത്സരം കുറച്ചു കളിച്ച ബാഴ്‌സലോണയ്ക്കും 18 പോയിന്റ്. മറ്റൊരു കളിയില്‍ ഗ്രനാഡയും റയല്‍ ബെറ്റിസും സമനിലയില്‍ പിരിഞ്ഞു (1-1). ഇന്ററിന് കുരുക്ക് റോം: ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ ഇന്റര്‍ മിലാന് കുരുക്ക്. എവേ മത്സരത്തില്‍ പലേര്‍മോ ഇന്ററിനെ കുരുക്കി (1-1). ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 60ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ മുന്നിലെത്തിയ ഇന്ററിനെ ആറു മിനിറ്റിനു ശേഷം ആല്‍ബെര്‍ട്ടോ ഗിലാര്‍ഡിനൊയിലൂടെ തളച്ചു പലെര്‍മോ. ഒമ്പത് കളികളില്‍ 18 പോയിന്റുള്ള ഇന്റര്‍ പട്ടികയില്‍ രണ്ടാമത്. ഒരു മത്സരം കുറച്ചു കളിച്ച ഫിയോന്റീന 18 പോയിന്റുമായി ഒന്നാമത്. ജയിച്ചിരുന്നെങ്കില്‍ ഒന്നാമത് തുടരാമായിരുന്നു ഇന്ററിന്. മറ്റു കളികളില്‍ ബൊളോന 2-1ന് കാര്‍പിയെയും എംപോളി മടക്കമില്ലാത്ത രണ്ടു ഗോളിന് ജെനോവയെയും കീഴടക്കി. തോല്‍ക്കാതെ ബയേണ്‍ മ്യൂണിച്ച്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ ജേതാക്കള്‍ ബയേണ്‍ മ്യൂണിച്ചിന്റെ അപരാജിത കുതിപ്പ് തുടരുന്നു. കോണിനെ മടക്കമില്ലാത്ത നാലു ഗോളിന് തുരത്തി ബയേണ്‍. ആര്യന്‍ റോബന്‍, അര്‍ട്യുറോ വിദല്‍, റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി, തോമസ് മുള്ളര്‍ എന്നിവര്‍ സ്‌കോറര്‍മാര്‍. 10 കളികളില്‍ 30 പോയിന്റായി ബയേണിന്. മറ്റൊരു കളിയില്‍ ബയര്‍ ലെവര്‍കൂസന്‍ സ്റ്റുട്ട്ഗര്‍ട്ടിനോട് രക്ഷപ്പെട്ടു (4-3). വോള്‍ഫ്‌സ്ബര്‍ഗ് 1-0ന് ഡാംസ്റ്റഡിനെ മറികടന്നു. എയന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് ഹന്നോവറിനെയും (2-1), ഹാംബര്‍ഗ് ഹോഫെന്‍ഹെയ്മിനെയും (1-0), ഹെര്‍ത്ത ഇന്‍ഗൊള്‍സ്റ്റഡ്റ്റിനെയും (1-0), വെര്‍ഡര്‍ ബ്രെമന്‍ മെയ്ന്‍സിനെയും (3-1) തോല്‍പ്പിച്ചു. നൈസിന് തോല്‍വി പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ നൈസിന് തോല്‍വി. ഗസലെക് അജാസിയൊയോട് 3-1ന് കീഴടങ്ങി നൈസ്. മറ്റൊരു മത്സരത്തില്‍ മോണ്ട്‌പെല്ലിയര്‍ ബാസ്റ്റിയയെ കീഴടക്കി (2-0). ലോറിയന്റ്-റെന്നെസ് മത്സരം സമനിലയില്‍ (1-1).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.