തളിപ്പറമ്പ് നഗര സഭയില്‍ ചരിത്രം കുറിക്കാന്‍ തയ്യാറായി ബിജെപി

Monday 26 October 2015 4:53 pm IST

തളിപ്പറമ്പ്: ഇത്തവണ തളിപ്പറമ്പ് നഗര സഭയില്‍ ചരിത്രം കുറിക്കാന്‍ തയ്യാറായി ബിജെപി. ആന്തൂര്‍ നഗരസഭ വിഭജിച്ച് പോയ ശേഷം പുതിയ വാര്‍ഡ് ഉള്‍പ്പെടുത്തി 34 എണ്ണമാക്കിയപ്പോള്‍ 26ലും ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് മത്സരിപ്പി ക്കുന്നത്. ഇടത് വലത് മുന്നണികളില്‍ ഒരു ഘടക കക്ഷിയും ഒറ്റയ്ക്ക് ഇത്രയും സീറ്റില്‍ മത്സരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ബിജെപിയുടെ ജനപിന്തുണ അറിയാനാണ് പരമാവധി സീറ്റുകളില്‍ മത്സരിക്കുന്നത് എന്നു പറയുമ്പോഴും തളിപ്പറമ്പ് നഗരസഭയില്‍ മുമ്പത്തേതില്‍ നിന്നും മാറി ചരിത്രം സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ് പാര്‍ട്ടി. തളിപ്പറമ്പ് നഗരസഭയില്‍ മുമ്പ് ബിജെപിക്ക് ഒരവസരത്തില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇടത്-വലത് മുന്നണികള്‍ ഒത്തുകളിച്ച് കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന വാര്‍ഡ് വിഭജനത്തില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം ലഭിച്ച വാര്‍ഡുകളെ വെട്ടി മുറിച്ച് ഇല്ലാതാക്കി. അവയെ മുന്നണികളുടെ കോട്ടയില്‍ തളയ്ക്കുകയായിരുന്നു. ആന്തൂര്‍ പോയ ശേഷം വാര്‍ഡ് പുനര്‍നിര്‍ണ്ണയം ചെയ്തപ്പോള്‍ ഉണ്ടായ വാര്‍ഡുകളില്‍ നിരവധി സ്ഥലത്ത് ജയിച്ച് വരാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. പുതുതായി രൂപം കൊണ്ട കോടതിമൊട്ട വാര്‍ഡില്‍ ബിജെപിക്ക് ശക്തമായ മേല്‍ക്കയ്യാണ് ഉള്ളത്. ഇവിടെ മത്സരിക്കുന്ന വത്സരാജന്‍ ശിശുവായിരിക്കുമ്പോള്‍ത്തന്നെ സ്വായം സേവകനാണ്. മാത്രമല്ല എല്ലാവര്‍ക്കും സര്‍വ്വ സമ്മതനാണ് വത്സരാജ്. മുമ്പ് ബിജെപി ജയിച്ച വാര്‍ഡിന്റെ ഭൂരിഭാഗവും ചേര്‍ന്നതാണ് കോടതിമൊട്ട വാര്‍ഡ്. രണ്ടാമത് ബിജെപിക്ക് കൗണ്‍സിലര്‍ ഉണ്ടായിരുന്ന പാലകുളങ്ങരയിലും ജയിക്കും എന്ന ശുഭ പ്രതീക്ഷയിലാണ് ബിജെപി. ഈ വാര്‍ഡും ബിജെപിക്ക് അനുകൂലമാണെന്ന കണക്കുകൂട്ടുന്നു. വനിത സംവരണ സീറ്റായ ഇവിടെ മത്സരിക്കുന്നത് ശാന്തയാണ്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃച്ചംബരത്ത് അട്ടിമറി നടക്കും എന്നാണ് കണക്കുകൂട്ടുന്നത്. ഇവിടെ നിന്നും കഴിഞ്ഞ തവണകളില്‍ ജയിച്ചു വന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി തുടക്കത്തില്‍ മത്സരത്തിനില്ല എന്ന് പറയപ്പെട്ടിരുന്നു. മഹിളാ കോണ്‍ഗ്രസ്സിന്റെ ജില്ലാ നേതൃത്വത്തിലേക്ക് ഉയര്‍ന്ന നേതാവ് നഗരസഭയില്‍ മത്സരിക്കില്ല എന്നാണ് പറഞ്ഞിരുന്നത്. ഈ അവസരത്തില്‍ മറ്റ് ചിലര്‍ മത്സരിക്കാന്‍ തയ്യാറാവുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷം സംസ്ഥാന നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ ജില്ലാ നേതാവുതന്നെ മത്സര രംഗത്ത് എത്തിയത് അണികളില്‍ അമര്‍ഷത്തിന് വഴിയൊരുക്കി. യുഡിഎഫിലെ പടലപ്പിണക്കം ബിജെപിക്ക് അനുകൂലമാണ് എന്നാണ് കരുതുന്നത്. ഇവിടെ കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. ഇവിടെ പി.ഷൈമയാണ് ബിജെപി സ്ഥാനാര്‍ത്ഥി. പുതുതായി രൂപം കൊണ്ട നേതാജി വാര്‍ഡിലും ബിജെപി ക്ക് ഏറെ സ്വാധീനമുണ്ട്. ഇവിടെ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. വനിത സംവരണ സീറ്റായ ഇവിടെ എം.ദീപ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഘടക കക്ഷിയായ സിപിഐക്ക് നല്കിയ പുളിമ്പറമ്പ് സീറ്റ് ഇത്തവണ അവര്‍ക്ക് നല്‍കിയില്ല. സിപിഐ പുളിമ്പറമ്പ് ആവശ്യപ്പെട്ടിരുന്നു വെങ്കിലും സിപിഎം ആ ആവശ്യം തള്ളുകയായിരുന്നു. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും റിട്ടയര്‍ ചെയ്ത സിപിഎം പ്രവര്‍ത്തകനുവേണ്ടിയാണ് ഈ സീറ്റ് സിപിഎം തിരികെ പിടിച്ചത്. സിപിഐക്ക് വിജയ സാദ്ധ്യതയുള്ള തളിപ്പറമ്പ് നഗരസഭയിലെ ഏക സീറ്റായിരുന്നു പുളിമ്പറമ്പ്. ആന്തൂര്‍ നഗരസഭയില്‍ സിപിഎമ്മിന് സീറ്റ് നല്കുമ്പോള്‍ തളിപ്പറമ്പില്‍ സീറ്റ് കൊടുക്കില്ല എന്ന സംസാരം മുമ്പേ അണിയറയില്‍ ഉണ്ടായിരുന്നു. പുളിമ്പറമ്പില്‍ ബിജെപിയുടെ ശക്തമായ സാന്നിദ്ധ്യമാണുള്ളത്. ത്രികോണ മത്സരം നടക്കുന്ന ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി പി.സുദര്‍ശന്‍ ആണ്. നഗരസഭയില്‍ പരമാവധി സീറ്റുകള്‍ പിടിച്ച് ചരിത്രം കുറിക്കണം എന്ന കണക്കുകൂട്ടലില്‍ വാര്‍ഡുകളില്‍ നിറ സാന്നിദ്ധ്യമായി നിന്നുകൊണ്ടുള്ള പ്രചരണ പ്രവര്‍ത്തനങ്ങളാണ് ബിജെപി നേതൃത്വവും അണികളും നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.