മണ്ണാറശാല ആയില്യം മഹോത്സവത്തിന് ഒരുക്കങ്ങളായി

Monday 26 October 2015 8:54 pm IST

ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുണര്‍തം, പൂയം, ആയില്യം ഉത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. രണ്ടിന് പുണര്‍തം നാളിലെ മഹാദീപക്കാഴ്ചയോടെ പരിപാടികള്‍ക്ക് തുടക്കമാകും. മൂന്നിനാണ് പ്രസിദ്ധമായ പൂയം തൊഴല്‍. നാലിന് ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി വലിയമ്മ ഉമാദേവി അന്തര്‍ജ്ജനത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധമായ ആറാട്ട് എഴുന്നള്ളത്ത് നടക്കും. ആയില്യത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് തിരക്കൊഴിവാക്കി നാഗദൈവങ്ങളെ തൊഴാനും വലിയമ്മയെ ദര്‍ശിക്കുവാനും വിപുലമായ സംവിധാനം ഒരുക്കിക്കഴിഞ്ഞു. ഭക്തജനങ്ങള്‍ ക്ഷേത്രദര്‍ശനത്തിനായി കൂടുതല്‍ സമയം കാത്തുനില്‍ക്കാതെ ദര്‍ശനം നടത്തി മടങ്ങാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിലൂടെയാണ് ഭക്തര്‍ അകത്ത് പ്രവേശിക്കേണ്ടത്. ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്തുതന്നെ ക്യുവായി തിരക്ക് കൂടാതെ നടക്കാനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. ശ്രീകോവിലിന് ചുറ്റും നാഗരാജാവിനേയും, സര്‍പ്പയക്ഷിയേയും, നാഗചാമുണ്ഡിയേയും, നാഗയക്ഷിയേയും തിരക്കില്ലാതെ ദര്‍ശിക്കാം. കാവുകള്‍ക്ക് നടുവിലൂടെ ഇല്ലത്ത് എത്തുന്ന ഭക്തജനങ്ങള്‍ക്ക് നിലവറയില്‍ തൊഴാനും പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ ദര്‍ശനത്തിന് ശേഷം നാഗദൈവങ്ങളേയും അപ്പൂപ്പന്‍ കാവിനേയും ദര്‍ശനം നടത്തി ധര്‍മ്മശാസ്താവ്, ഭദ്രകാളി നടകളില്‍ തൊഴുത് മതില്‍ക്കെട്ടിന് പുറത്തേക്ക് എത്താവുന്നതാണ്. പൂയം, ആയില്യം നാളുകളില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കെല്ലാം ഭക്ഷണവും നല്‍കും. തെക്കുഭാഗത്തുള്ള ക്ഷേത്രംവക സ്‌ക്കൂളിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ഭക്തജനങ്ങള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള കൂറ്റന്‍ പന്തലും ഒരുക്കിയിട്ടുണ്ട്. ഹരിപ്പാട്, ആലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചക്കുളത്തുകാവ്, കായംകുളം എന്നിവിടങ്ങളില്‍ നിന്നെല്ലാം പ്രത്യേക ബസുകള്‍ മണ്ണാറശാലയിലേക്ക് സര്‍വ്വീസ് നടത്തും. സ്വകാര്യവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്ഷേത്രം വക സ്ഥലത്തും മറ്റുസ്ഥലത്തുമായി പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കീഴില്‍ അലോപ്പതി, ഹോമിയോ സെന്ററുകള്‍ തുറക്കും. പോലീസിന്റെ പ്രത്യേക കൗണ്ടറുകളുമുണ്ട്. കിഴക്കുഭാഗത്ത് വൈദ്യുതിലൈറ്റുകള്‍ ഘടിപ്പിച്ച വര്‍ണ്ണമനോഹരമായ കമാനം തയ്യാറായി വരുന്നു. സമീപം തന്നെ കലാപരിപാടികള്‍ക്കുള്ള വേദിയും തയ്യാറായിട്ടുണ്ട്. വിശാലമായ മൈതാനത്ത് സദസ്സിന് തിരക്കില്ലാതെ പരിപാടികള്‍ കാണാം. നാഗരാജ പുരസ്‌ക്കാരം കലാമണ്ഡലം ക്ഷേമാവതിക്ക് ഹരിപ്പാട്: ക്ഷേത്രകലകളെ എന്നും ആദരിച്ചുപോരുന്ന മണ്ണാറശാലയുടെ നാലാമത് നാഗരാജ പുരസ്‌ക്കാരം കലാമണ്ഡലം ക്ഷേമാവതിക്ക്. നൃത്തരംഗത്തെ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് നാഗരാജ പുരസ്‌ക്കാരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.