ഭക്ഷണ സ്വാതന്ത്ര്യവും ബീഫ് രാഷ്ട്രീയവും

Tuesday 27 October 2015 9:40 pm IST

ഇഷ്ടമുള്ളത് കഴിക്കാനും ഇഷ്ടമുള്ളത് ചെയ്യാനും ഇഷ്ടമുള്ളത് എഴുതാനും ഉള്ള സ്വാതന്ത്ര്യമാണ് പരമപ്രധാനം എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. ലോകത്തിലൊരു രാജ്യത്തും അങ്ങനെയൊരു വ്യവസ്ഥയില്ല. ഒരു സമൂഹവും അങ്ങനെ ജീവിച്ചിട്ടുമില്ല. ഓരോ വ്യക്തിക്കും ഇഷ്ടമുള്ളത് തോന്നുമ്പോലെ ചെയ്യാതിരിക്കാനാണ് ഭരണഘടനയും നിയമ വ്യവസ്ഥയും. അവനവന് തോന്നിയ കാര്യങ്ങള്‍ ചെയ്യുന്നതാണ് സ്വാതന്ത്ര്യമെങ്കില്‍ ഏതുരാജ്യത്തും കൊള്ളയും കൊലയും ബലാല്‍സംഗവും എന്നുവേണ്ട എല്ലാത്തരം അരാജകത്തവും അരങ്ങേറും. സമൂഹജീവിതത്തെക്കുറിച്ച്-അത് മതപരമോ രാഷ്ട്രീയമോ ആണെങ്കിലും-സാമാന്യവിവരം ഇല്ലാത്തവരേ ഈ വാദം ഉന്നയിക്കൂ. ഇഷ്ടമുള്ള ഭക്ഷണം അനുവദനീയമോ? ലോകത്തിലെ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും പന്നിയിറച്ചി വിലക്കപ്പെട്ട ഭക്ഷണമാണ്. അതിനു മതപരമായ കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടോ? ശാസ്ത്രദൃഷ്ട്യാ കൊള്ളരുതാത്തതുകൊണ്ടാണോ? എങ്കില്‍ ബീഫ് അടക്കമുള്ള റെഡ് മീറ്റ് ആരോഗ്യത്തിനു ദോഷകരമെന്ന് വൈദ്യശാസ്ത്രകാരന്മാര്‍ പറയുന്നു.അപ്പോള്‍ പന്നിയെ കഴിക്കാതിരിക്കുകയും പോത്ത് കഴിക്കുകയും ചെയ്യുന്നത് ശാസ്ത്രജ്ഞാനം കൊണ്ടല്ലെന്നു ചുരുക്കം. എനിക്കു കാട്ടുപന്നിയുടെ ഇറച്ചി ഇഷ്ടമാണ്, പക്ഷേ കഴിച്ചാല്‍ ജയിലില്‍ പോകും. മാനിറച്ചി സ്വാദിഷ്ടമാണ്; അനുവദനീയമല്ല. എനിക്കിഷ്ടമുള്ള സ്ഥലത്തിരുന്നു മദ്യപിക്കണം; സാധ്യമല്ല. വ്യഭിചാരം ഇഷ്ടമുള്ളവരെ അനുവദിക്കുമോ? ഓരോരുത്തരും തോന്നിയപോലെ ജീവിക്കാതിരിക്കാനാണ് നിയമവ്യവസ്ഥ. ഇഷ്ടമുള്ളത് എഴുതുന്നതും വരക്കുന്നതും എല്ലായിടത്തും അനുവദനീയമല്ല. കുറച്ചുകാലം മുമ്പ് പര്‍ദ്ദ ധരിക്കാതെ ചുരിദാര്‍ ധരിച്ചതിന്റെ പേരില്‍ യുവതികളുടെ മുഖത്ത് ആസിഡ് ഒഴിച്ചത് നമ്മുടെ രാജ്യത്താണ്; കാഷ്മീരില്‍. അന്ന് സ്ത്രീ സ്വാതന്ത്ര്യം-ഭക്ഷണ സ്വാതന്ത്ര്യക്കാരെ എവിടെയും കണ്ടില്ല. സൗദി അറേബ്യയില്‍ ജോലിയെടുക്കുന്ന ലക്ഷക്കണക്കിനു ഭാരതീയ സ്ത്രീപുരുഷന്മാര്‍ ഉണ്ടല്ലോ. അവിടെ ജോലിയെടുക്കുന്ന മുസ്ലിങ്ങളല്ലാത്ത സ്ത്രീകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടോ? ഏതു മതമാണെങ്കിലും രാജ്യമാണെങ്കിലും സൗദിയില്‍ ജോലിക്കെത്തുന്ന സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണം. വസ്ത്രസ്വാതന്ത്ര്യമെവിടെ? 2005 ജൂണില്‍ മുസ്സാഫര്‍ നഗറില്‍ ഭര്‍ത്താവിന്റെ അച്ഛന്‍ ബലാല്‍സംഗം ചെയ്ത ഒരു യുവതിയുടെ കേസ് ഉണ്ടായി. അതിനുശേഷം തന്റെ ഭര്‍ത്താവിനോടൊപ്പം കഴിയാന്‍ ഒരുപറ്റം മതമൗലികവാദികള്‍ ആ പെണ്‍കുട്ടിയെ അനുവദിച്ചില്ല. അന്ന് ആ യുവതിയുടെ അവകാശത്തെപ്പറ്റിയോ മുസ്ലിം പീഡനത്തെപ്പറ്റിയോ എന്തുകൊണ്ട് മിണ്ടിയില്ല. 2002 ഡിസംബറില്‍ ജമ്മുകശ്മീരില്‍ ഭീകരവാദികള്‍ സ്ത്രീകളെല്ലാം ബുര്‍ക്ക ധരിക്കണമെന്ന് ഭീഷണി മുഴക്കി. നിശ്ചിത കാലപരിധിയും പ്രഖ്യാപിച്ചു. ഭീകരന്മാരുടെ ഭീഷണി വകവയ്ക്കാതെ ഇഷ്ടമുള്ള വസ്ത്രം ധരിച്ച രണ്ടു കോളേജ് വിദ്യാര്‍ത്ഥികളെയും ഒരു അദ്ധ്യാപികയെയും ഭീകരന്മാര്‍ വെട്ടിക്കൊന്നു. വ്യക്തിസ്വാതന്ത്ര്യവാദികളെയും ഭക്ഷണ സ്വാതന്ത്ര്യക്കാരെയും കാണ്‍മാനുണ്ടായില്ല ആ സന്ദര്‍ഭത്തില്‍. ന്യൂനപക്ഷ പീഡനത്തിന്റെ പേരില്‍ അലമുറയിടുന്ന കമ്മ്യൂണിസക്കാരും നാവുപൊന്തിക്കാന്‍ ധൈര്യപ്പെട്ടില്ല; വസ്ത്രഫെസ്റ്റ് നടത്തിയുമില്ല. ഇഷ്ടമുള്ളത് എഴുതാനും സ്വാതന്ത്ര്യം വേണമെന്ന് ചില കപടസാംസ്‌കാരിക നായകര്‍ അവകാശപ്പെടുന്നു. എന്നാല്‍ അങ്ങനെയൊരുകൃത്യം നിര്‍വ്വഹിച്ചതിന്റെ പേരില്‍ കൈ നഷ്ടപ്പെട്ട പ്രൊഫ. ജോസഫിനു വേണ്ടി വാദിക്കാന്‍ സാംസ്‌കാരിക നായകരെ കണ്ടെത്തുന്നതിന് പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ടി വന്നു. അവാര്‍ഡുദാതാക്കളെ കണ്ടതുമില്ല. ഇഷ്ടമുള്ളത് കഴിക്കുന്നതും ധരിക്കുന്നതും പോയിട്ട് ഇഷ്ടമുള്ള ഒരഭിപ്രായം പറയാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത പ്രസ്ഥാനമാണ് കമ്മ്യൂണിസം. വിയോജിക്കുന്നവരെ വെട്ടിയും വെടിവച്ചും കൊല്ലുന്ന ഒരു പ്രസ്ഥാനമാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രവാചകന്മാര്‍ എന്നത് കേരളത്തിന്റെ ബൗദ്ധിക മേഖലയുടെ അധഃപതനത്തെയാണ് പ്രകടിപ്പിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശലംഘനം നടത്തുകയും കൊലപാതകം ഉത്സവമാക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനക്കാര്‍ നീചതയുടെ ബീജവാഹകരാണ്. രാക്ഷസീയതയുടെ ആള്‍രൂപങ്ങളാണ്. ക്രൂരതയുടെ പ്രചാരകന്മാരാണ്. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ശത്രുക്കളാണ്. അവരാണ് പോലും ഇപ്പോള്‍ ജനാധിപത്യം സംരക്ഷിക്കാന്‍ പോകുന്നത്! ബീഫ് സ്വാതന്ത്ര്യമാണ് ഇപ്പോള്‍ രാജ്യത്തിന്റെ അടിയന്തരാവശ്യം! പ്രധാനമന്ത്രിയായി നരേന്ദ്രമോദി വന്നപ്പോള്‍ ഭക്ഷണസ്വാതന്ത്ര്യം നിഷേധിച്ചു. അതിനെതിരെ രാജ്യമെമ്പാടും ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നു! സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് അംബേദ്ക്കറും നെഹ്‌റുവും അടങ്ങുന്ന ഭരണഘടനാ നിര്‍മ്മാണ സഭയാണ്. അവര്‍ അത് ഔപചാരികമായി പ്രഖ്യാപിച്ചിരിക്കുന്നു ഭരണഘടനയുടെ 48-ാം വകുപ്പില്‍. അതിനെത്തുടര്‍ന്ന് മിക്ക സംസ്ഥാനങ്ങളിലും പൂര്‍ണ്ണമായോ ഭാഗികമായോ ഗോവധ നിരോധന നിയമം പാസ്സാക്കി. മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് സര്‍ക്കാരാണ് നിരോധനമേര്‍പ്പെടുത്തിയത്. ആന്ധ്ര - 1977, ആസ്സാം - 1950, ബീഹാര്‍ - 1955, ഗോവ - 1955, ഗുജറാത്ത് - 1954, പഞ്ചാബ് - 1955, കര്‍ണാടക - 1964, മധ്യപ്രദേശ് - 1959, ഹിമാചല്‍ പ്രദേശ് - 1955, മഹാരാഷ്ട്ര - 1976, ഒറീസാ - 1960, പോണ്ടിച്ചേരി - 1968, ഹരിയാന-1955, തമിഴ്‌നാട് - 1958, യു. പി. 1955, പശ്ചിമബംഗാള്‍ 1950-ഇത്രയും സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസാണ് ഗോവധനിരോധനം നടപ്പാക്കിയത്. ബാക്കിയുള്ളതില്‍ രാജസ്ഥാനിലും ഡല്‍ഹിയിലും മാത്രമാണ് ബിജെപി നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജമ്മുകാശ്മീരിലും മണിപ്പൂരിലും സ്വാതന്ത്ര്യത്തിനുമുന്നേ തന്നെ നിരോധനമുള്ളതാണ്. രാജ്യമെമ്പാടും ഗോവധനിരോധനം ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പ്രക്ഷോഭം നടത്താതെ സംഘപരിവാറിനെതിരെ തിരിയുന്നതിന്റെ ഉദ്ദേശ്യം ദുരൂഹമാണ്. 1970കളില്‍ ഭാരതത്തിനെതിരായും സോവിയറ്റുയൂണിയന് അനുകൂലമായും ജനങ്ങളെ തിരിക്കാന്‍ കോടിക്കണക്കിനു ഡോളര്‍ ചെലവഴിച്ചതിന്റെ രേഖകള്‍ പിന്നീട് പുറത്തുവരികയുണ്ടായി. നിത്യേനയെന്നോണം പത്രങ്ങളിലും മാസികകളിലും തുടര്‍ച്ചയായി ലേഖനങ്ങളും വാര്‍ത്തകളും വരുത്തുക എന്നതായിരുന്നു പ്രധാന തന്ത്രം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ സഹായത്തോടെ റഷ്യന്‍ ചാരസംഘടനയായ കെജിബിയാണ് അങ്ങനെ ചെയ്തത്. റഷ്യന്‍ അനുകൂല നിലപാടെടുക്കാന്‍ രാജീവ്ഗാന്ധിക്കും കുടുംബാംഗങ്ങള്‍ക്കും കോടിക്കണക്കിനു ഡോളര്‍ നല്‍കിയതിന്റെ രേഖകള്‍ പിന്നീട് പുറത്തുവന്നു. അന്നു മൈനറായിരുന്ന രാഹുല്‍ഗാന്ധിയുടെ പേരില്‍പോലും രണ്ടര മില്യണ്‍ ഡോളറാണ് നിക്ഷേപിച്ചത്. ദേശീയ വിരുദ്ധ പ്രചാരണം നടത്താന്‍ കമ്മ്യൂണിസ്റ്റുകാര്‍ ആയിടക്ക് മാധ്യമങ്ങളില്‍ എഴുതിച്ച ലേഖനങ്ങളുടെ ഒരു കണക്ക് ഇതാണ്. ഇതിന്റെ വര്‍ഷവും എണ്ണവും ഇങ്ങനെ: 1972(3789), 1973(2760), 1974(4486), 1975(5510). അതായത് ഒരു വര്‍ഷം ശരാശരി 4100 ലേഖനങ്ങള്‍, അഥവാ ഒരു മാസം ഏകദേശം 340 ലേഖനങ്ങളും മറ്റും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയമായ അട്ടിമറിക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഇതര ദേശവിരുദ്ധ പ്രസ്ഥാനങ്ങളും ചെയ്തതിതാണെങ്കില്‍ ഇന്നത്തെ അവസ്ഥ എന്തായിരിക്കും? ചാനലുകളില്‍ നിത്യേന ഹിന്ദുവിരുദ്ധ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. പത്രങ്ങളില്‍ നിത്യേന മോദി വിരുദ്ധ പ്രസ്താവനകള്‍ വരുന്നു. വാരികകളിലും പത്രങ്ങളിലും നിരന്തരം ഹിന്ദുവിരുദ്ധ ലേഖനങ്ങള്‍ വരുന്നു. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നു. എവിടെയെങ്കിലും കുറ്റകൃത്യങ്ങളുണ്ടായാല്‍ ഉടന്‍ ജാതിയും മതവും നോക്കി സ്പര്‍ദ്ധക്കുള്ള വിഷയമാക്കുന്നു. വിദേശ രാജ്യങ്ങളില്‍ ഭാരതവിരുദ്ധ വികാരം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. മറുനാടുകളില്‍ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള വ്യാജ വാര്‍ത്തകള്‍ ചമച്ചുനല്‍കുന്നു. കമ്മ്യൂണിസക്കാരും തീവ്രവാദ സംഘടനകളും ദേശവിരുദ്ധ പ്രചാരണം നടത്തുന്നതില്‍ അഭിമാനം കൊള്ളുന്നു! ഇതിനൊക്കെ എത്ര കോടി, എവിടെ നിന്നൊക്കെ വരുത്തുന്നുണ്ടാകാം? ബീഫ് ഒരു ഇസ്ലാമിക ഭക്ഷണമല്ല. അറേബ്യയില്‍ മതപരമായ ചടങ്ങുകള്‍ക്ക് ആടിനെയാണ് ഉപയോഗിക്കുന്നത്. വളരെ പ്രധാനപ്പെട്ട അവസരങ്ങളില്‍ ഒട്ടകത്തെയും കൊല്ലും. പശ്ചിമ-മധ്യേഷ്യന്‍ ഇസ്ലാമിക രാജ്യങ്ങളിലും ഗോമാംസം നിര്‍ബ്ബന്ധമല്ല. ഇവിടെ വിദേശ മുസ്ലിം ആക്രമണകാരികളാണ് ഗോവധം വ്യാപകമാക്കിയത്. അത് മതവിദ്വേഷം മൂലമായിരുന്നു. അതില്‍ത്തന്നെ അക്ബറും ജഹാംഗീറുമൊക്കെ ഗോവധത്തെ നിയന്ത്രിച്ചിരുന്നു. എന്നാല്‍ ഔറംഗസീബ് എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു. ഗുജറാത്ത് ഗവര്‍ണറായി അധികാരമേറ്റപ്പോള്‍ത്തന്നെ അവിടുത്തെ ജൈനക്ഷേത്രം തകര്‍ത്ത് മോസ്‌ക്ക് ഉണ്ടാക്കി. അവിടെ ഗോവിനെ വെട്ടി രക്തമൊഴുക്കാന്‍ കല്‍പ്പിച്ചു. 1857ല്‍ ബഹദൂര്‍ഷ ഗോവധം നിരോധിച്ചു. 1756-57ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും വന്ന ആക്രമണകാരി അഹമ്മദ് ഷാ ദുരാണി ദല്‍ഹി, ആഗ്ര, മഥുര ഒക്കെ ആക്രമിച്ചു മടങ്ങുന്ന വഴി അമൃത്‌സര്‍ ആക്രമിക്കുകയും സുവര്‍ണക്ഷേത്രത്തിലെ തീര്‍ത്ഥക്കുളത്തില്‍ ഗോക്കളെ അറുത്ത് രക്തം ഒഴുക്കുകയും ചെയ്തു. ഹിന്ദു സമൂഹത്തോടുള്ള മതപരമായ വെറുപ്പു പ്രകടിപ്പിക്കാനായിരുന്നു ഇത്. ഭാരത മുസ്ലിങ്ങള്‍ ആരുടെ കൂടെ നില്‍ക്കും? ഗോവധം നിരോധിച്ച മുസ്ലിം ഭരണാധികാരികളോടൊപ്പമോ ബാബറുടെയും ഔറംഗസീബിന്റെയും ഒപ്പമോ? മതവിരോധം തീര്‍ക്കാന്‍ ഗോവധം നടപ്പാക്കിയവരുടെ കൂടെയാണ് മുഴുവന്‍ മുസ്ലിങ്ങളും എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ-മതമൗലികവാദ വിഭാഗങ്ങള്‍ക്കെതിരെ സാധാരണ മുസ്ലിങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ശബ്ദമുയര്‍ത്തേണ്ടതാണ്. ഗോവധനിരോധനം ശക്തമായി നടപ്പാക്കിയത് 1801-1839 ല്‍ പഞ്ചാബ് ഭരിച്ച റാണാ റഞ്ജിത് സിംഗ് ആണ്. ഗോവധത്തെ വ്യാപകമാക്കിയ രണ്ടാമത്തെ കൂട്ടര്‍ ബ്രിട്ടീഷുകാരാണ്. റോബര്‍ട്ട് ക്ലൈവ് 1760 ല്‍ കല്‍ക്കട്ടയില്‍ അവരുടെ ആദ്യ അറവുശാല നിര്‍മ്മിച്ചു. 1910 ആയപ്പോഴേക്കും അത് 350 ആയി വര്‍ദ്ധിച്ചു. ബ്രിട്ടീഷുകാരുടെ നീക്കങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടായി. 1870കളില്‍ പഞ്ചാബില്‍ രാംസിഗ് കുക്ക, ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ആര്യസമാജം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഗോവധ നിരോധനം ആവശ്യപ്പെട്ടു പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. (തുടരും)  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.