ജോര്‍ജ്ജ് ഇരുമുന്നണികള്‍ക്കും തലവേദന

Tuesday 27 October 2015 10:40 pm IST

പി.ജി. ബിജുകുമാര്‍ കോട്ടയം: പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്ജിന്റെ നിലപാട് ഇരുമുന്നണികള്‍ക്കും തലവേദനയാകുന്നു. യുഡിഎഫ് എംഎല്‍എയായ മുന്‍ ചീഫ്‌വിപ്പിന്റെ പിന്‍വാതിലിലൂടെയുള്ള എല്‍ഡിഎഫ് ബന്ധത്തില്‍ പ്രതിഷേധിച്ച് നിരവധിപേര്‍ ഇടതുപക്ഷവുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. മോഹന്‍തോമസ് ഉള്‍പ്പെടെയുള്ളവര്‍ ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ കുറെകാലങ്ങളായി എല്‍ഡിഎഫിന് ഏറ്റവുമധികം മുറിവേല്‍പ്പിച്ച നേതാവായാണ് പി.സി. ജോര്‍ജ്ജിനെ ഇടത് മുന്നണി അണികള്‍ കാണുന്നത്. അങ്ങനെയുള്ള ഒരു പ്രാദേശിക നേതാവുമായി എല്‍ഡിഎഫ് അടുക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത വേദികളില്‍ പി.സി. ജോര്‍ജ്ജിന്റെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അന്നും യുഡിഎഫ് പ്രവര്‍ത്തകനാണെന്നും പറയുന്നു. എംഎല്‍എ സ്ഥാനം രാജിവെച്ച് എല്‍ഡിഎഫിലേക്ക് ചേക്കേറാന്‍ അദ്ദേഹം ഇതുവരെ കൂട്ടാക്കിയുമില്ല. ഇത് പ്രദേശത്തെ യുഡിഎഫ് നിരയിലും അസ്വാരസ്യങ്ങള്‍ ഉയര്‍ത്തുന്നു. എക്കാലത്തും പി.സി. ജോര്‍ജ്ജിനൊപ്പം നില്‍ക്കുന്ന ഒന്നോരണ്ടോ എല്‍ഡിഎഫ് നേതാക്കളുടെ ഗൂഡാലോനയുടെ ഫലമാണ് അദ്ദേഹത്തിന്റെ ഇടത് മുന്നണി ബന്ധമെന്നും ആരോപണമുണ്ട്. പി.സി. ജോര്‍ജ്ജുമായുള്ള ബന്ധം പൂഞ്ഞാര്‍ മേഖലയില്‍ എല്‍ഡിഎഫിന് ദോഷകരമായി തീരുമെന്നാണ് വിലയിരുത്തല്‍. ഇതേ നിലപാട് യുഡിഎഫിനും തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. പൂഞ്ഞാര്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ ആറിലും ബിജെപിയുടെ മുന്നേറ്റം ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ബാക്കിയുള്ള വാര്‍ഡുകളിലെ മുന്നണിവോട്ടുകളില്‍ വന്‍ ചോര്‍ച്ചയും ഉണ്ടായിട്ടുണ്ട് പി.സി. ജോര്‍ജ്ജ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഗോദയില്‍ ഇറങ്ങിയാല്‍ അത് യുഡിഎഫിന് ഗുണം ചെയ്യും എന്ന ഗൂഡതന്ത്രവും ഇതിന്റെ പിന്നിലുണ്ട്. നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുന്നണിവിട്ട് എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചേക്കും. എന്നാല്‍ ഇത് ഒരു സാധ്യത മാത്രമാണ്. രാഷ്ട്രീയ ഇരട്ടത്താപ്പ് നയം തിരിച്ചറിയുന്നവര്‍ വോട്ടുചെയ്യുന്നത് പ്രവചിക്കുക അസാധ്യമാണ്. പൂഞ്ഞാറിന്റെ മനമറിയാതെയുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ഇന്ന് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ ഏറ്റവുമധികം മുന്‍തൂക്കം ബിജെപിക്കാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.