ത്രിതല വോട്ടിങ് യന്ത്രം: എന്‍ഡ് ബട്ടണ്‍ പ്രശ്‌നമുണ്ടാക്കിയേക്കും

Saturday 8 April 2017 11:15 pm IST

തിരുവനന്തപുരം: ഗ്രാമ പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പിനായി  ഉപയോഗിക്കുന്ന ത്രിതല വോട്ടിങ് മെഷീനിലെ എന്‍ഡ്ബട്ടണ്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ക്ക് വെവ്വേറെ മൂന്ന് ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും ഉള്‍പ്പെട്ട വോട്ടിങ് മെഷീനാണ് ഗ്രാമതലത്തില്‍ വോട്ടിങിനായി ഉപയോഗിക്കുന്നത്. ഒരു വോട്ടര്‍ മൂന്ന് വോട്ട് വീതം രേഖപ്പെടുത്തണം. ഗ്രാമ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും വോട്ട് രേഖപ്പെടുത്തിയ ശേഷം ജില്ലാപഞ്ചായത്തിലെ  മെഷീനിലും വോട്ടു രേഖപ്പെടുത്തി ആ യന്ത്രത്തിലുള്ള എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാലേ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാകൂ. ഏതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രം വോട്ട് രേഖപ്പെടുത്തിയാലും ജില്ലാ പഞ്ചായത്തിലെ വോട്ടിങ് യന്ത്രത്തിലെ എന്‍ഡ് ബട്ടണ്‍ അമര്‍ത്തി വോട്ടിംഗ് നടപടി പൂര്‍ത്തിയാക്കിയിട്ടേ വോട്ടര്‍ പോകാന്‍ പാടുള്ളൂ. പോളിങ് ബൂത്തുകളിലെ പ്രശ്‌നങ്ങള്‍ക്ക് സാധ്യത ഇവിടെയാണ്. തിരക്കിനിടയില്‍ ഒന്നോ രണ്ടോ വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷം വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്താതെ പുറത്ത് പോകാന്‍ സാധ്യത ഏറെയാണ്. പ്രത്യേകിച്ച് പ്രായാധിക്യമുള്ള വോട്ടര്‍മാര്‍. അടുത്തയാള്‍ക്ക് വോട്ട് രേഖപ്പെടുത്തണമെങ്കില്‍ പോളിംഗ് ഓഫീസര്‍ വോട്ടിങ് മെഷീനിലെത്തി എന്‍ഡ് ബട്ടണ്‍ അമര്‍ത്തണം. പോളിങ് ഓഫീസര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തുന്നതിനുമുമ്പ് ഏത് വിഭാഗത്തിലാണ് വോട്ട് രേഖപ്പെടുത്താത്തതെന്ന് അറിയാന്‍ സാധിക്കും. വോട്ടിങ് നടപടിയില്‍ രഹസ്യ സ്വഭാവമുള്ളതിനാല്‍ ഏജന്റുമാര്‍ക്ക് ഇവിടെ പ്രവേശനമില്ല. എന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പോളിങ് ഓഫീസര്‍ക്ക് കൈപ്പിഴവ് പറ്റിയാല്‍  അത് പ്രശ്‌നങ്ങള്‍ക്ക് വഴിതെളിച്ചേക്കും. വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരു കണ്‍ട്രോള്‍ യൂണിറ്റില്‍ സ്വിച്ച് അമര്‍ത്തിയ ശേഷം വോട്ട് രേഖപ്പെടുത്താതെ പോയാലും പോളിങ് ഓഫീസര്‍ യന്ത്രത്തിന്റെ അടുത്ത് എത്തി എന്‍ഡ് ബട്ടണ്‍ അമര്‍ത്തണം. നോട്ട ഇല്ലാത്തതിനാല്‍ ജനാധിപത്യ പ്രതിഷേധക്കാര്‍ ഇത്തരത്തില്‍ ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇതിനെ അണ്ടര്‍ വോട്ടായി ആണ് കണക്കാക്കുക. ഇത്തരത്തില്‍ ത്രിതല പഞ്ചായത്തിലെ തെരഞ്ഞടുപ്പ് കേന്ദ്രങ്ങളില്‍ വോട്ടിങ് നടപടിക്രമങ്ങള്‍ക്ക് സമയക്രമം നീളാനും പ്രശ്‌നങ്ങള്‍ക്കും സാധ്യത ഏറെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.