മൂടല്‍ മഞ്ഞിലൂടെ ഓളങ്ങളെ കീറിമുറിച്ചു കൊണ്ട് ഒരു കപ്പല്‍ സഞ്ചരിക്കുന്നു. പെട്ടെന്ന് കപ്പിത്താന് അല്പമകലെയായി ഒരുവെളിച്ചം കണ്ടു. ആ വെളിച്ചം തങ്ങളുടെ കപ്പലിന്റെ നേര്‍ക്കാണ് വരുന്നത്. അദ്ദേഹം ഉടന്‍ അവര്‍ക്ക് സന്ദേശമയച്ചു.
വേഗം നിങ്ങളുടെ കപ്പലിന്റെ ഗതിമാറ്റുക, ഞങ്ങളുടെ കപ്പല്‍ നിങ്ങളുടെ നേര്‍ക്കാണ് വരുന്നത്. കൂട്ടിയിടി ഒഴിവാക്കാന്‍ വഴി മാറിപ്പോകുക. ഉടന്‍ തന്നെ മറുപടി ലഭിച്ചു. നിങ്ങള്‍ തന്നെ ഗതിമാറ്റുന്നതാണ് അപകടം ഒഴിവാക്കാന്‍ നല്ലത്.
കപ്പിത്താന് പെട്ടെന്ന് ക്രുദ്ധനായി ഒരു സന്ദേശം കൂടി അയച്ചു. ഇതൊരു യുദ്ധക്കപ്പലാണ്. നിങ്ങള്‍ ഗതിമാറ്റിയില്ലെങ്കില്‍ വന്‍ ദുരന്തത്തിന് ഇരയാകും. ഉടന്‍ തിരികെ സന്ദേശം ലഭിച്ചു. സുഹൃത്തേ ഞങ്ങള്‍ക്ക് ഗതിമാറാന് സാദ്ധ്യമല്ല…. ഇത് കപ്പലല്ല ഒരു ലൈറ്റ് ഹൗസാണ്. നിങ്ങള്‍ ദയവായി ഗതിമാറ്റി സ്വയം രക്ഷപ്പെടൂ. അപ്പോഴാണ് കപ്പിത്താന് തനിക്കു പറ്റിയ അബദ്ധം മനസ്സിലായത്.
അയാള്‍ പിന്നെ ഒട്ടും അമാന്തിക്കാതെ ഗതമാറ്റി. തലമുടിനാരിഴക്ക് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു.
ഈ കപ്പിത്താന് പറ്റിയ അബദ്ധം നമുക്കും ജീവിതമാകുന്ന കപ്പല്‍ ഓടിക്കുമ്പോള്‍ പറ്റാറുള്ളതാണ്. മറ്റുള്ളവര്‍ ഗതിമാറ്റി നമുക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കണമെന്ന് പലപ്പോഴും നാം ആഗ്രഹിക്കുന്നു. പക്ഷേ അത് മിക്കവാറും അസാധ്യമായിരിക്കും. നാം ഗതിമാറി ഒഴുകാന്‍ ആദ്യം തന്നെ തയ്യാറായാല്‍ പ്രശ്നങ്ങള്‍ എത്ര സുഗമമായി പരിഹരിക്കാന്‍ കഴിയും.
വാശിയും വൈരാഗ്യവും ദുരഭിമാനവും ദുശാഠ്യവും ഉപേക്ഷിച്ച് സഹകരണത്തിനും ഒഴിഞ്ഞു മാറലിനും നാം തയ്യാറായാല്‍ മുന്‍ കൈ എടുത്താല്‍ കൊടിയ ശത്രു എന്ന് നാം കരുതിയവര്‍ പോലും നമുക്ക് എളുപ്പം വഴിപ്പെടുന്നതുകാണാം. അതോടൊപ്പം അവാച്യമായ ഒരു ശാന്തിയും സന്തോഷവും നമ്മില്‍ നിറയുകയും ചെയ്യും. ഗതിമാറി ഒഴുകാന്‍ തയ്യാറായില്ലെങ്കിലോ…? നാം അവിടെ ചെന്ന് ഇടിച്ചു തകരും.
കൂട്ടിയിടിയില്‍ ഇരുകൂട്ടര്‍ക്കും ക്ഷതം സംഭവിക്കുമെന്നതും ഓര്‍ക്കണം. ഇനി ചിന്തിച്ച് തീരുമാനിക്കൂ നമ്മുടെ ജീവിതനൗക സുരക്ഷിതമായ വഴികളിലൂടെ ഓടിക്കണോ അതോ അപകടവഴികളിലേക്ക് എടുത്തു ചാടണോ എന്ന്. നമ്മളാകുന്ന കപ്പിത്താന്റെ മനസുപോലെയായിരിക്കും ഫലം നല്ലതോ കെട്ടതോ എന്നതും. ഇത് മറക്കാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: