ഇടത് - വലത് മുന്നണികള്‍ കേരളത്തെ വൃദ്ധസദനമാക്കി: ശോഭ കരന്തലജെ

Wednesday 28 October 2015 10:52 pm IST

കണ്ണൂര്‍: കഴിഞ്ഞ 67 വര്‍ഷത്തെ ഭരണം കൊണ്ട് ഇടത്-വലത് മുന്നണികള്‍ കേരളത്തെ വൃദ്ധസദനമാക്കി മാറ്റിയെന്ന് ശോഭകരന്തലജെ എംപി പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതുതലമുറ കേരളത്തില്‍ നില്‍ക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. അടിസ്ഥാന സൗകര്യ വികസനത്തിനോ വ്യാവസായിക വികസനത്തിന് വേണ്ടിയോ കേരളം ഭരിച്ച സര്‍ക്കാരുകള്‍ ഒന്നും ചെയ്യാത്തതുകൊണ്ടാണ് യുവജനത കേരളം വിടുന്നത്. പുതിയ വ്യവസായ സംരംഭകര്‍ കേരളത്തില്‍ വരാന്‍ വിമുഖത കാട്ടുകയാണ്. ഇതിനുള്ള കാരണം ആരാഞ്ഞാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സഹകരണം ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. കേരളത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇടത് വലത് മുന്നണികള്‍ പരസ്പര ധാരണയിലാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കേരളത്തില്‍ സിപിഎം തയ്യാറാകാത്തത് പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ്. ഇടത്-വലത് മുന്നണികള്‍ കേരളത്തിന് നല്‍കിയത് വികസന മുരടിപ്പ് മത്രമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേരള രാഷ്ട്രീയവും മാറുകയാണ്. ബിജെപിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നിരവധിയാളുകളാണ് ദിനംപ്രതി ഒഴുകിയെത്തുന്നത്. മോദി സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും വികസനത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായ വേര്‍തിരിവ് കാണിക്കുന്നില്ല. ഗ്രാമങ്ങളുടെ വികസനത്തിന് മോദിസര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം തുല്യ പരിഗണനയാണ് നല്‍കുന്നത്. രാജ്യത്തിന്റെ സുരക്ഷയും വികസനവുമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും ശോഭകരന്തലജെ പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ കെ.രഞ്ജിത്ത്, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.വേലായുധന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.