സിപിഎം ആക്രമണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം-ഒ. രാജഗോപാല്‍

Wednesday 28 October 2015 11:08 pm IST

തിരുവനന്തപുരം: ബിജെപിയുടെ വനിതാ സ്ഥാനാര്‍ഥിയെ സിപിഎം ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു. പരാജയഭീതി പൂണ്ട സിപിഎമ്മും കോണ്‍ഗ്രസ്സും തിരുവനന്തപുരത്ത് ബിജെപിയുടെ വനിതാ സ്ഥാനാര്‍ഥികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ആഭ്യന്തരവകുപ്പിന് കീഴിലുള്ള കേരള പോലീസ് ഏകപക്ഷീയമായ ആക്രമണങ്ങള്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കളിപ്പാന്‍കുളം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി ജെ.ആര്‍. ആതിര(23)യെ കഴിഞ്ഞരാത്രിയില്‍ സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചതിനെതിരെ സംഘടിപ്പിച്ച വായ്മൂടിക്കെട്ടി പ്രതിഷേധ ധര്‍ണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാധാനപരമായും നിഷ്പക്ഷമായും തെരഞ്ഞെടുപ്പ് നടക്കണം. എങ്കിലേ സമ്മതിദായകര്‍ക്ക് സ്വതന്ത്രമായി ഭയം കൂടാതെ വോട്ടു ചെയ്യാനാകൂ. അതിനാല്‍ ബിജെപി ഒരക്രമത്തിനും പ്രകോപനത്തിനും തയ്യാറല്ല. തെരഞ്ഞെടുപ്പ് സമയത്തെങ്കിലും സിപിഎമ്മും കോണ്‍ഗ്രസ്സും അക്രമത്തില്‍ നിന്ന് പിന്തിരിയുമെന്ന് എല്ലാവരും വിശ്വസിച്ചു. എന്നാല്‍ 40 വര്‍ഷം ഭരിച്ചു മുടിച്ച കോര്‍പ്പറേഷന്‍ തങ്ങളുടെ കയ്യില്‍ നിന്ന് നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ സിപിഎം നേതാക്കളും അണികളും ബിജെപിയുടെ വനിതാ സ്ഥാനാര്‍ഥികളെ ആക്രമിക്കുകയാണ്. സി. ശിവന്‍കുട്ടി എംഎല്‍എയെ പോലുള്ളവരാണ് ഈ ഗൂഢാലോചനയ്ക്കു പുറകില്‍. സ്ത്രീകളെ ആക്രമിക്കുന്നത് വീരതയല്ല. അത് സിപിഎമ്മിന്റെ കഴിവുകേടാണ് തുറന്നു കാണിക്കുന്നത്. വോട്ടര്‍മാരെ ഭയപ്പെടുത്തി പിന്തിരിപ്പിച്ച് തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പരസ്പരം സഹകരിച്ച് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.