ബോട്ട് ദുരന്തം: ഫിഷറീസ് വകുപ്പിന്റെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

Wednesday 28 October 2015 11:37 pm IST

കൊച്ചി: മല്‍സ്യബന്ധന ബോട്ടുകള്‍ ശരിയായ രീതിയില്‍ പരിശോധിക്കാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പിന് സൗകര്യമില്ലാത്തത് ഫോര്‍ട്ടുകൊച്ചി ബോട്ടു ദുരന്തത്തിന് കാരണമായതായി കൊച്ചി തുറമുഖം അസി. കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്. ഫിഷിങ് ബോട്ടുകളും മറ്റ് മല്‍സ്യബന്ധന യാനങ്ങളും പരിശോധിക്കാന്‍ ഫിഷറീസ് വകുപ്പ് ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും. പതിനൊന്നു പേരുടെ മരണത്തിന് ഇടയാക്കിയ ഫോര്‍ട്ടുകൊച്ചി ബോട്ടു ദുരന്തം ആഗസ്റ്റ് 26 നാണ് നടന്നത്. യാത്രാബോട്ടില്‍ മീന്‍പിടിത്ത വള്ളം ഇടിച്ചായിരുന്നു അപകടം. അപകടം കൊച്ചി തുറമുഖത്തിന്റെ പരിധിയിലുള്ള പ്രദേശത്തായതിനാലാണ് സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയത്. അപകടത്തിനു കാരണമായ മീന്‍പിടിത്ത വള്ളത്തിന്റെ രൂപ കല്‍പ്പനയില്‍ തന്നെ തകരാറുണ്ടായിരുന്നു. പിന്നിലിരുന്ന് ഇത് ഓടിക്കുന്നയാള്‍ക്ക് മുന്‍വശം കാണാന്‍ കഴിയില്ല. മുന്‍പിലുള്ളയാള്‍ക്ക് മാത്രമേ മുന്‍വശം കാണാനാവൂ. ബോട്ടുകളില്‍ സാധാരണ ഉപയോഗിക്കാവുന്നതിലുമധികം ശക്തിയുള്ള എന്‍ജിനുകളാണ് ഘടിപ്പിക്കുന്നത്. ബോട്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ തന്നെ തകരാറുണ്ട്. നിയമം പാലിക്കാത്ത മല്‍സ്യബന്ധന യാനങ്ങള്‍ക്ക് പലതിനും ലൈസന്‍സ് ലഭിക്കുന്നത് ഫിഷറീസ് വകുപ്പിന്റെ പരിശോധനയിലെ അലംഭാവം മൂലമാണ്.കൃത്യമായി പരിശോധിച്ചിരുന്നെങ്കില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താനാവുമായിരുന്നു.  ഇത്തരം നൂറു കണക്കിന് യാനങ്ങളാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈപ്പിനില്‍ നിന്ന് നാല്‍പ്പതോളം പേരുമായി പുറപ്പെട്ട യാത്രാ ബോട്ട് കമാലക്കടവില്‍ അടുപ്പിക്കാനായി തിരിക്കുന്നതിനിടെ തൊട്ടപ്പുറത്തെ പമ്പില്‍ നിന്ന് ഡീസല്‍ അടിച്ച ശേഷം അമിതവേഗത്തില്‍ വന്ന ബസലേല്‍ എന്ന വള്ളമാണ് ഇടിച്ചത്. ഇതേ തുടര്‍ന്ന് ബോട്ട് തകര്‍ന്ന് ആടിയുലഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കായലിന്റെ ഇരുഭാഗത്തേക്കും ചിതറി വീഴുകയായിരുന്നു. 32 വര്‍ഷം പഴക്കമുള്ള തടിബോട്ടാണ് മല്‍സ്യബന്ധന വള്ളം ഇടിച്ച് തകര്‍ന്നത്. കാലപ്പഴക്കം മൂലമാണ് ബോട്ട് ഒറ്റയിടിയില്‍ നെടുകെ പിളര്‍ന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.