കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബോധവത്കരണ പരിപാടികള്‍ വഴി വിദ്യാര്‍ത്ഥി സമൂഹം ക്യാന്‍സറിനെതിരെ പോരാടണമെന്നും അതുവഴി സംസ്ഥാനത്തുനിന്നും രാജ്യത്തുനിന്നും കാന്‍സറിനെ തുടച്ചുനീക്കാന്‍ അവര്‍ക്ക് കഴിയണമെന്നും നടി മഞ്ജു വാര്യര്‍.
ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയുള്ള കാന്‍സര്‍ ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇടപ്പള്ളി അല്‍ അമീന് സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍.
വിദ്യാര്‍ഥി സമൂഹം കാന്‍സറിനെതിരെ പോരാടുക എന്നെഴുതിയ പ്ലക്കാര്‍ഡ് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കാന്‍സര്‍ സെന്ററുകളല്ല, കാന്‍സര്‍ ഇല്ലാതാക്കുന്ന സെന്ററുകളാണു വേണ്ടതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. അര്‍ബുദരോഗ ചികിത്സാവിദഗ്ധ ഡോ. ചിത്രതാര കാന്‍സര്‍രോഗ ബോധവത്കരണ ക്ലാസിനു നേതൃത്വം നല്കി.
മഹാവ്യാധിയില്‍ നിന്നു മനുഷ്യനെ രക്ഷിക്കാനുള്ള യജ്ഞത്തില്‍ വിദ്യാര്‍ഥികളും പങ്കുചേരണമെന്നു ചടങ്ങില്‍ സംസാരിച്ച പ്രഫ. എം.കെ. സാനു പറഞ്ഞു.
മുന്‍ ജില്ലാ കളക്ടര്‍ ഡോ. കെ.ആര്. വിശ്വംഭരന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അല്‍ അമീന് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്, വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി.അശോക്, ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്, ഡോ. സനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: