അമ്പലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മത്സ്യത്തൊഴിലാളി കുടുംബത്തെ കുടിയിറക്കാന്‍ ശ്രമം. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക സ്കൂളില്‍ കഴിയുന്ന നീര്‍ക്കുന്നം പുതുവല്‍ അനിരുദ്ധന്റെ കുടുംബത്തെയാണ് ഇവിടെനിന്നും കുടിയിറക്കാന്‍ ശ്രമം നടക്കുന്നത്. ഇതിന്റെ മുന്നോടിയായി കഴിഞ്ഞദിവസം ഇവരെ താമസിപ്പിച്ചിരുന്ന മുറിയിലെ വൈദ്യുതി ലൈനുകള്‍ വിച്ഛേദിക്കുകയും കുടുംബത്തെ ഉള്‍പ്പെടെ ഇരുട്ടില്‍ കിടത്തുകയും ചെയ്തു. കഴിഞ്ഞ കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും പൂര്‍ണമായും നഷ്ടപ്പെട്ട വികലാംഗന്കൂടിയായ അനിരുദ്ധനെയും ഭാര്യയെയും രണ്ടു പെണ്‍കുട്ടികളെയും ഇവരുടെ ഒരു കൈക്കുഞ്ഞിനെയുമാണ് ഇവിടേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. നാലുമാസം കഴിഞ്ഞിട്ടും കുടുംബത്തെ പുനരധിവസിപ്പിക്കാനുള്ള ഒരുശ്രമവും നടത്താതിരിക്കെയാണ് വൈദ്യുതിബന്ധം പോലും വിച്ഛേദിപ്പിച്ചശേഷം ഇവരെ ഇറക്കിവിടാന്‍ ശ്രമം നടത്തിയത്. ഇതോടൊപ്പം ഇവിടേക്കുള്ള കുടിവെള്ള വിതരണവും മുടക്കിയിരുന്നു. അനിരുദ്ധനും കുടുംബവും വില്ലേജ് ഓഫീസിലേക്ക് താമസം മാറ്റുമെന്ന് തീരുമാനിച്ചു. പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഇന്നലെ വൈകിട്ടോടെ വില്ലേജാഫീസര്‍ ഇടപെട്ട് വൈദ്യുതിബന്ധം പുനസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: