മാനമുണ്ടെങ്കില്‍ മാണി രാജിവയ്ക്കണം

Thursday 29 October 2015 10:39 pm IST

ധനമന്ത്രി കെ.എം. മാണി 2014 ല്‍ 470 ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍, മാണിക്കെതിരെ തെളിവുകളില്ലെന്ന് പറഞ്ഞ് കുറ്റവിമുക്തനാക്കിയ നടപടി വിജിലന്‍സ് കോടതി തള്ളിയിരിക്കുന്നു. മാണിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നു കണ്ടെത്തിയ എസ്പി സുകേശന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി സുകേശനോട് അന്വേഷണം തുടരാനും ഉത്തരവിട്ടിരിക്കുകയാണ്. ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്നായിരുന്നു എസ്പി സുകേശന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന യുഡിഎഫിന് കനത്ത തിരിച്ചടിയാണെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ മന്ത്രിസഭാംഗമായ മാണിയെ രക്ഷിക്കാന്‍ ഉറച്ചിരിക്കുകയാണ്. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി തുടരന്വേഷണം ആവശ്യപ്പെട്ടിട്ടും മാണിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറല്ല. രാജിവയ്ക്കില്ലെന്ന് മാണിയും പ്രഖ്യാപിച്ചിരിക്കുകയാണ്. വകുപ്പ് 123 പ്രകാരം വസ്തുതാപരമായ തെളിവുകള്‍ നല്‍കിയ സുകേശന്റെ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വിജിലന്‍സിന്റെ വിശ്വാസ്യത നഷ്ടപ്പെടാതെ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ വിജിലന്‍സ് എസ്പി സുകേശന്‍ തുടരന്വേഷണം നടത്തും. കേസ് വെറും വാമൊഴി കേസാണ് എന്ന് ഉമ്മന്‍ചാണ്ടി പുച്ഛിക്കുമ്പോഴും നിരവധി സാക്ഷികളെ വിസ്തരിച്ച് തെളിവ് ശേഖരിച്ചാണ് അന്വേഷണം നടത്തിയത്. ബാര്‍ കോഴ കേസില്‍ ബിജു രമേശ് ആരോപിച്ചത് പാലായിലെ മാണിയുടെ വീട്ടില്‍വച്ച് 85 ലക്ഷം രൂപയും തിരുവനന്തപുരത്തെ വീട്ടില്‍വച്ച് 15 ലക്ഷവും നല്‍കി എന്നാണ്. സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് വിജിലന്‍സ് മാണിക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.   ജോണ്‍ കെ. ഇല്ലിക്കാടന്‍ ആണ് ഈ കേസിലെ പ്രത്യേക ജഡ്ജ്. അദ്ദേഹമാണ് മാണിയെ കുറ്റവിമുക്തനാക്കി വിന്‍സന്‍ എം.പോള്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മാണിക്കെതിരെയുള്ള തെളിവുകള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടാണ് കോടതി വിന്‍സന്‍ പോളിന്റെ റിപ്പോര്‍ട്ട് തള്ളിയത്. മാണിയെ അഴിമതിവിരുദ്ധ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് വിസ്തരിക്കണമെന്നാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. മാണിക്കെതിരെ ആരോപണങ്ങള്‍ ആദ്യം ഉയര്‍ത്തിയ ബിജുരമേശാണ് കേസ് വിജിലന്‍സ് കോടതിയിലെത്തിച്ചത്. അദ്ദേഹം കേസ് അവസാനിപ്പിക്കുന്നതിനെതിരെ അപ്പീല്‍ പോകും എന്ന് വ്യക്തമാക്കിയിരുന്നു. ബാറുടമകളില്‍ ഒരാളുടെ കാര്‍ മാണിയുടെ വീട്ടുപടിയ്ക്കല്‍ എത്തിയത് അവിടെ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ബാര്‍ ഉടമകള്‍ മാണിയെ സന്ദര്‍ശിച്ചു എന്നതിന് തെളിവാണ്. മാണി മാത്രമല്ല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്.  പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദന്‍ മാണിയുടെ രാജി ആവശ്യപ്പെട്ടുകഴിഞ്ഞു. പക്ഷേ മാണി പറയുന്നത് ഉത്തരവ് തുടരന്വേഷണത്തിനാണെന്നും അത് നടക്കട്ടേയെന്നും താന്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ്. കണ്ടെത്തിയ തെളിവുകള്‍പ്രകാരം  അഴിമതി വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് വിസ്തരിക്കണമെന്ന ആവശ്യത്തേയും മാണി നിരാകരിക്കുകയാണ്. തുടരന്വേഷണമെന്നാല്‍ കുറ്റക്കാരനെന്നല്ല അര്‍ത്ഥമെന്ന തൊടുന്യായവും മാണി  പറയുന്നുണ്ട്. തുടരന്വേഷണം 101 തവണ ആവര്‍ത്തിക്കട്ടെ എന്ന മാണിയുടെ പുച്ഛം നിറഞ്ഞ മറുപടി ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിക്കുന്നതാണ്. ഈ കേസന്വേഷണത്തില്‍ നഷ്ടമായത് വിന്‍സന്‍ പോള്‍ എന്ന പോലീസ് ഉദേ്യാഗസ്ഥന്റെ വിശ്വാസ്യത കൂടിയാണ്. മാണിയെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയ പോള്‍, സുകേശന്റെ തെളിവുകള്‍ ബോധപൂര്‍വം തള്ളുകയാണ് ചെയ്തത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് സുകേശനോട് അന്വേഷണം ഇന്ന രീതിയില്‍ നടത്തണം എന്നു പറയാനോ റിപ്പോര്‍ട്ട് തള്ളി മാണിയെ കുറ്റവിമുക്തനാക്കാനോ അവകാശമില്ല. ഇപ്പോള്‍ വെട്ടിലായ വിന്‍സന്‍ പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. എന്നാലിത് പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഒരു അടവുനയം മാത്രമാണ്.  അഴിമതി നടന്നുവെന്നതിന്റെ തെളിവുകള്‍ യാതൊരു മടിയുമില്ലാതെ തള്ളിക്കളഞ്ഞ് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ധനമന്ത്രി മാണിയെയും ഈ വരുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാഠംപഠിപ്പിക്കുമെന്ന് ഉറപ്പാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.