കൊച്ചി: റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിന്റെ ആഡംബര കപ്പലായ എക്സ്പ്ലോറര്‍ ഓഫ് ദ സീസ് കൊച്ചിയിലെത്തി. ഇന്ത്യയില്‍ ആദ്യമായെത്തുന്ന ഈ ഉല്ലാസക്കപ്പല്‍ കഴിഞ്ഞ ദിവസം ഗോവയിലെത്തിയിരുന്നു. അതിനു ശേഷമാണ് കൊച്ചിയിലെത്തിയത്.
ദുബായിയില്നിന്നാരംഭിച്ച 11 ദിവസത്തെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ഏഷ്യാ ക്രൂസിന്റെ ഭാഗമായാണു കപ്പല്‍ ഇന്ത്യയിലെത്തിയത്. മൂവായിരത്തി ഇരുന്നൂറോളം അന്താരാഷ്ട്ര സഞ്ചാരികളുണ്ട്. യാത്ര സിംഗപ്പൂരില്‍ അവസാനിക്കും.
കൊച്ചി തുറമുഖത്തു നടന്ന സ്വീകരണ ചടങ്ങില്‍ ക്യാപ്റ്റന്‍ ജെറ്റില്‍ ജെര്സ്റ്റാഡും കൊച്ചി തുറമുഖ ട്രസ്റ്റ് വൈസ് ചെയര്മാന് സെന്തിവേലും പങ്കെടുത്തു.
റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിന്റെ ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന മൂന്നാമത്തെ കപ്പലാണിത്. ഇത്തരത്തിലുള്ള കപ്പലുകള്‍ എത്തുന്നത് ഇന്ത്യന്‍ തുറമുഖങ്ങളില്‍ ക്രൂസ് ഷിപ്പുകള്‍ക്കായുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ത്വരിതപ്പെടുത്തുമെന്നു റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ പ്രതിനിധി രത്ന ചന്ദ്ര പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: