ദേശീയപാതയില്‍ ടോള്‍പിരിവ്‌ താല്‍കാലികമായി നിര്‍ത്തിവെയ്ക്കും

Sunday 11 December 2011 10:53 am IST

കൊച്ചി: അങ്കമാലി-മണ്ണുത്തി ദേശീയ പാതയിലുള്ള ടോള്‍ പിരിവ്‌ താല്‍കാലികമായി നിര്‍ത്തി വെയ്ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബന്ധപ്പെട്ട അധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. എറണാകുളം ഗവ.ഗസ്റ്റ്‌ ഹൗസില്‍ ഇതു സംബന്ധിച്ചു വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ്‌ ഈ തീരുമാനം കൈക്കൊണ്ടത്‌.
കേരളത്തില്‍ ചേര്‍ത്തല മുതല്‍ അങ്കമാലി വരെ മാത്രമായിരുന്നു അടുത്ത കാലം വരെ നാലു വരി പാത ഉണ്ടായിരുന്നത്‌. രാജ്യത്താകമാനം ദേശീയ പാതകളുടെ വികസനത്തിന്‌ സംസ്ഥാന പങ്കാളിത്തം ഉറപ്പാക്കി ടോള്‍ വ്യവസ്ഥ സഹിതമാണ്‌ കഴിഞ്ഞ ഒരു ദശകത്തിലധികമായി റോഡു നിര്‍മ്മാണം നടന്നു വരുന്നത്‌. അതിന്റെ ഭാഗമായാണ്‌ നാല്‍പത്‌ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അങ്കമാലി-മണ്ണുത്തി നാലു വരി പാതയും നിര്‍മ്മിച്ചത്‌. 2004ന്‌ മുന്‍പ്‌ ഒപ്പിട്ട ഇതു സംബന്ധിച്ച കരാറില്‍ നിന്ന്‌ പുറകോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാരിന്‌ നിയമപരമായി കഴയില്ലെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം 55,000 കിലോമീറ്റര്‍ ദേശീയപാതകളുടെ വികസന പ്രവൃത്തി നടന്നു വരികയാണ്‌. അതില്‍ 33,000 കിലോമീറ്റര്‍ റോഡുകള്‍ക്കും ടോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ടോള്‍ വ്യവസ്ഥയില്‍ നിന്നും പൂര്‍ണമായും പിറകോട്ട്‌ പോകാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. ഗതാഗത സൗകര്യ വികസനത്തിനത്‌ തിരിച്ചടിയാകും. ഈ സാഹചര്യത്തിലും പുതുക്കാട്‌ ടോള്‍ പിരിവുമായി ബന്ധപ്പെട്ട്‌ ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട്‌ കഴിയുന്നത്ര ലഘൂകരിക്കാന്‍ ശ്രമിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം മാതൃകയില്‍ പുതുക്കാട്‌ ടോളിലും എന്തൊക്കെ സൗജന്യങ്ങള്‍ ചെയ്യാമെന്ന്‌ പരിശോധിക്കും.
കരാര്‍ പ്രകാരം നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍ദ്ദേശിച്ച പ്രവൃത്തികള്‍ മുഴുവന്‍ നാലു വരി പാതയില്‍ നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ എന്‍.എച്ച്‌.വിഭാഗം ചീഫ്‌ എഞ്ചിനിയര്‍ സി.ജോസഫ്‌ മാത്യുവിനോട്‌ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സര്‍വ്വീസ്‌ റോഡ്‌, സിഗ്നലുകള്‍, അണ്ടര്‍ പാസ്‌ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതോടൊപ്പം പരിശോധിച്ച്‌ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട്‌ നല്‍കണം. അതു വരെ ടോള്‍ പിരിവ്‌ താല്‍കാലികമായി നിര്‍ത്തി വെയ്ക്കാന്‍ യോഗത്തില്‍ തീരുമാനമായി.
പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌, എം.എല്‍.എമാരായ പ്രൊഫ.സി.രവീന്ദ്രനാഥ്‌, ബി.ഡി.ദേവസി, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി.ദാസന്‍ ജില്ലാ കളക്ടര്‍ പി.എം.ഫ്രാന്‍സിസ്‌, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, സമരസമിതി നേതാക്കള്‍, നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.