രണ്ടാംപാല വാദികള്‍ക്ക് ഇരുട്ടടി കുറ്റപ്പുഴ പഴയ മേല്‍പ്പാലം ഉടന്‍ പൊളിച്ചുനീക്കും

Friday 30 October 2015 9:29 pm IST

തിരുവല്ല: കുറ്റപ്പുഴ പുതിയ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തിയതോടെ പഴയമേല്‍പ്പാലം പൊളിച്ചുനീക്കുവാനുള്ള റയില്‍വേയുടെ തീരുമാനം രണ്ടാംപാല വാദികള്‍ക്ക് ഇരുട്ടടിയാകുന്നു. നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിച്ചുള്ള അപ്രോച്ച്‌റോഡ് നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തിയതോടെയാണ് പഴയപാലം പൊളിച്ചുനീക്കുവാനുള്ള നടപടികള്‍ ആരംഭിച്ചത്. പുതിയ പാലത്തിന്റെ അശാസ്ത്രീയ നിര്‍മ്മാണം അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇത് ഒഴിവാക്കാനായി പഴയപാലം പുനര്‍ നിര്‍മ്മിക്കണം എന്നുമായിരുന്നു രണ്ടാംപാല വാദികളുടെ ആവശ്യം. വ്യക്തി താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്ഥാനചലനം വരുത്തി നിര്‍മ്മിച്ച പാലത്തിലേക്ക് പ്രവേശിക്കാന്‍ വാഹനങ്ങള്‍ 90 ഡിഗ്രിയോളം വളക്കേണ്ടിവരുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കും എന്നതായിരുന്നു തുടക്കത്തില്‍ ഉയര്‍ന്നുവന്ന ആരോപണം. ഇതിന് പരിഹാരം എന്നോണമാണ് രണ്ടാംപാല വാദവുമായി ഒരുവിഭാഗം മുന്നോട്ട് വന്നത്. പുതിയ പാലത്തിലേക്കുള്ള അപ്രോച്ച് റോഡുകള്‍ വീതികൂട്ടി പാലത്തിനൊപ്പം ഉയര്‍ത്തുകയും ചെയ്യുന്നതോടെ അപകടാവസ്ഥ ഒഴിവാകുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ആശയത്തിന് എംപിയും റയില്‍വേയും പച്ചക്കൊടി കാട്ടിയതോടെ രണ്ടാംപാല വാദികള്‍ പിന്മാറുകയായിരുന്നു. മല്ലപ്പള്ളി, മുത്തൂര്‍ റോഡുകള്‍ മുത്തൂര്‍ റോഡില്‍നിന്നും പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഉണ്ടായേക്കാവുന്ന അപകടസാദ്ധ്യത ഇല്ലാതാക്കാന്‍ റോഡുകള്‍ ചേരുന്ന ഭാഗം പാലത്തിനൊപ്പം ഉയര്‍ത്തി ലാന്റിംഗ് സ്‌പേസ് നിര്‍മ്മിക്കുവാനും 35 മീറ്റര്‍ നീളത്തില്‍ മുത്തൂര്‍ റോഡ് ഉയര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ സ്വകാര്യ വ്യക്തിയെ സംരക്ഷിക്കാനായി അപ്രോച്ച് റോഡിന്റെ നീളം 15 മീറ്ററില്‍ ഒതുക്കുകയായിരുന്നു. ഇതോടൊപ്പംതന്നെ ലാന്റിംഗ് സ്‌പേസിന് മദ്ധ്യത്തില്‍ ട്രാഫിക് ഐലന്റ് നിര്‍മ്മിക്കുക എന്ന ആശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ റോഡ് വികസനത്തിന് ഭൂമി വിട്ടുനല്‍കേണ്ട സ്വാകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ ഇക്കാര്യത്തില്‍ വിമുഖത കാട്ടിയതോടെ ട്രാഫിക് ഐലന്റ് എന്ന ആശയം ഒഴിവാക്കി റോഡ് നിര്‍മ്മാണവുമായി റയില്‍വേ മുന്നോട്ട് പോകുകയായിരുന്നു. പഴയപാലം പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി പാലത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ജലവിതരണ കുഴലുകളും കേബിളുകളും അതാത് വകുപ്പുകള്‍ നീക്കംചെയ്ത് കഴിഞ്ഞു. വരും ദിവസങ്ങളില്‍ പാലം പൊളിച്ച് നീക്കി പാതയിരട്ടിപ്പിക്കല്‍ സംബന്ധിച്ച പ്രവര്‍ത്തനത്തോടൊപ്പം റോഡ് നിര്‍മ്മാണവും പൂര്‍ത്തിയാക്കാനാണ് നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.