മലബാറില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസ്സിനെ വിഴുങ്ങി: കെ. സുരേന്ദ്രന്‍

Friday 30 October 2015 10:01 pm IST

കോഴിക്കോട്: മലബാര്‍ മേഖലയിലെ അഞ്ച് ജില്ലകളില്‍ യുഡിഎഫ് സംവിധാനത്തെ ദുര്‍ബലപ്പെടുത്തി മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി കോഴിക്കോട് കോര്‍പ്പറേഷന്‍ വികസന രേഖ പ്രകാശനം ചെയ്തു കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ വ്യാപകമായി മുസ്ലീംലീഗ് സിപിഎമ്മുമായി ധാരണയിലെത്തിയിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനില്‍  വിജയ സാദ്ധ്യതയുള്ള സീറ്റുകളിലെല്ലാം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളാണുള്ളത്. ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍  കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള ഒരുസീറ്റുപോലും നല്‍കിയിട്ടില്ല. കണ്ണൂരിലും തളിപ്പറമ്പിലും ലീഗ് സിപിഎം ധാരണയാണ്. തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി ലീഗിനും ആന്തൂര്‍ മുന്‍സിപ്പാലിറ്റി സിപിഎമ്മിനുമായി പങ്കുവെച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ ആന്തൂരിലെ എല്ലാ സീറ്റുകളിലും മത്സരിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ എവിടെ പോയെന്ന് ലീഗ് വ്യക്തമാക്കണം. കാസര്‍കോഡ് ജില്ലയില്‍ കോണ്‍ഗ്രസ്സിന് ഒരു ഗ്രാമപഞ്ചായത്തില്‍ പോലും ഭരണം ലഭിക്കാത്ത അവസ്ഥയാണ്. ബിജെപിക്കെതിരെ ലീഗും സിപിഎമ്മും പൊതു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുകയാണ്. ഈ തെരഞ്ഞെടുപ്പോടെ മലബാറില്‍ കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കാനാണ് മുസ്ലിംലീഗ് തീരുമാനിച്ചിരിക്കുന്നത്. ലീഗിലെ മന്ത്രി കുഞ്ഞാലിക്കുട്ടിയും സിപിഎമ്മിലെ എളമരം കരീമും രാഷ്ട്രീയത്തില്‍ ഇരട്ടക്കുട്ടികളാണ്. ഇവര്‍ തമ്മിലാണ് രഹസ്യധാരണ രൂപപ്പെട്ടിരിക്കുന്നത് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റും  മലാപ്പറമ്പ് ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുമായ പി. രമണിബായി വികസന രേഖ ഏറ്റുവാങ്ങി. പി. രഘുനാഥ് , പി.കെ. അജിത്കുമാര്‍, ശ്യാം അശോക്, പി.പീതാംബരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.