ജീവിതം നന്നാവണമെങ്കില്‍ ജീവിതകാലത്തെ വേണ്ടവണ്ണം വിനിയോഗിക്കണം. പരോപകാരപ്രവൃത്തികള്‍ ചെയ്യലാണ്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ജീവിതം എത്രനാളുണ്ടാവുമെന്ന് ആര്‍ക്കും അറിയില്ല. അതുകൊണ്ട് അനുനിമിഷം ഈശ്വരസ്മരണയോടുകൂടി കര്‍ത്തവ്യകര്‍മ്മങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്.
നല്ല പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്ക്കു മാത്രമെ മനുഷ്യജന്മം സഫലമാകുന്നുള്ളു. അതുകൊണ്ട് എപ്പോഴും സ്വധര്മ്മപ്രവൃത്തികളില് ശ്രദ്ധയുള്ളവരായിരിക്കേണ്ടതാണ്. ധര്‍മ്മമാണ് ഒരു മനുഷ്യനെ യഥാര്‍ത്ഥത്തില്‍ നിലനിര്‍ത്തുന്നത്. അതുകൊണ്ട് ജീവിതകാലം പാഴാക്കാതെ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ പ്രവൃത്തികളില്‍ മുഴുകിയിരിക്കണം. ഏതുപ്രവൃത്തി ചെയ്യുമ്പോഴും പ്രവൃത്തിയെ ഈശ്വരനു സമര്‍പ്പിച്ച് ചെയ്യാന്‍ കഴിയണം. ഒരു പ്രവൃത്തി ഈശ്വരനു സമര്‍പ്പിച്ചു ചെയ്യുമ്പോള്‍ ചെയ്യുന്ന ആളിന് ചെയ്യുന്ന പ്രവൃത്തി നല്ലരീതിയില്‍ ചെയ്യാന്‍ കഴിയും.
മഹാത്മാക്കള്‍ ഏതുകാലത്തും അവരുടെ പ്രവൃത്തികളെ ലോകനന്മക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്നവരാണ്. അന്യര്‍ക്കു സഹായം ചെയ്യുന്നവരുമാത്രമെ ജീവിതകാലം വേണ്ടവണ്ണം വിനിയോഗിക്കുന്നുള്ളൂ. മറ്റുള്ളവരില്‍നിന്ന് നമ്മളെന്താണോ പ്രതീക്ഷിക്കുന്നത് അതുപോലെ നമ്മുടെ കര്മ്മങ്ങളത്രയും അന്യരുടെ നല്ല ജീവിതത്തിന് ഉതകുന്ന രീതിയിലാക്കി ചെയ്തുകൊണ്ടിരിക്കണം.
ഏതുപ്രവൃത്തി ചെയ്യുന്നതും ആ പ്രവൃത്തിയില്‍ മനസ്സിനെ പൂര്‍ണ്ണമായും ഏകാഗ്രമാക്കിവേണം ചെയ്യാന്‍. അങ്ങനെ ശ്രദ്ധയോടെ കര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരാള്‍ക്ക് മനസ്സിലെ വൃത്തികളെ നിയന്ത്രിക്കാനുള്ള കഴിവ് നിമിഷംപ്രതി വളര്‍ന്നുകൊണ്ടിരിക്കും. മനുഷ്യ ജീവിതം നന്നാവുന്നത് ലോകഹിതത്തിനു വേണ്ടി ജീവിക്കുമ്പോഴാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: