മധ്യവയസ്‌ക്കന് ജീവിതാന്ത്യം വരെ തടവും ഒരു ലക്ഷം രൂപ പിഴയും.

Friday 30 October 2015 10:33 pm IST

കല്‍പ്പറ്റ: പത്താം തരം വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നകേസില്‍ മധ്യവയസ്‌ക്കന് ജീവിതാന്ത്യം വരെ തടവും ഒരു ലക്ഷം രൂപ പിഴയും. കല്‍പ്പറ്റ എമിലി കല്ലുപറമ്പില്‍ കെ.സി. രാജനെ (55)നെയാണ്, കുട്ടികള്‍ക്കെതിരേയുള്ള ലൈംഗീകാതിക്രമണ സംരക്ഷണ നിയമപ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ( അഡീഷണല്‍ സെഷന്‍സ് കോടതി -1) ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍ ശിക്ഷിച്ചത്. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രാജന്‍ അഞ്ചുവര്‍ഷം കഠിന തടവും അനുഭവിക്കണം. സ്‌കൂള്‍ വിട്ടു വരുന്ന സമയത്ത് കുട്ടിയെ പ്രലോഭിപ്പിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പ്രോസിക്യൂക്ഷന്‍ കേസ്. കുട്ടി ഗര്‍ഭിണിയാവുകയും ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും പ്രതിയുടെയും ഡി.എന്‍.എ. പരിശോധന നടത്തിയതില്‍ നിന്ന് കുഞ്ഞിന്റെ പിതാവ് പ്രതി തന്നെയാണെന്ന് പ്രോസിക്യുഷന്‍ തെളിയിച്ചിരുന്നു. ടി. സംഖ്യ പ്രതിയുടെ വസ്തുവില്‍ നിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു. പീഡനത്തിനിരയായ കുട്ടികള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്ന നിയപ്രകാരം മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാനും കോടതി ഉത്തരവായിട്ടുണ്ട്. കേസില്‍ 12 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.എന്‍. സജീവ്, കെ.സി.സുഭാഷ്ബാബു, എ.പി. ചന്ദ്രന്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യുഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ ജോസഫ് സഖഹിയാസ് ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.