ബാര്‍കോഴ: ഒത്തുകളി പൊളിഞ്ഞു- എം.ടി. രമേശ്

Friday 30 October 2015 11:42 pm IST

ആലപ്പുഴ: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി വിധിയോടെ ഇടതു- വലതു മുന്നണികളുടെ ഒത്തുകളി പൊളിഞ്ഞതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്. തെരഞ്ഞെടുപ്പില്‍ ബാര്‍കോഴ അടക്കമുള്ള അഴിമതി വിഷയങ്ങള്‍ ഉയര്‍ന്നുവരാതിരിക്കാന്‍ ഇടതു- വലതു മുന്നണികള്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടത്തിയത്. അഴിമതി ചര്‍ച്ചയാകാതിരിക്കാന്‍ ഇവരൊത്തുകളിച്ചു. ജനകീയ വിഷയങ്ങള്‍ തമസ്‌കരിച്ച് വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മുന്നണികളുടെ പ്രചാരണം. എന്നാല്‍ കോടതി വിധിയോടെ അഴിമതി വ#ോീണ്ടും പ്രധാന പ്രചരണവിഷയമായി മാറിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മാഭിമാനമുണ്ടെങ്കില്‍ മന്ത്രി കെ.എം. മാണി രാജിവച്ച് പുറത്തുപോകണം. അല്ലെങ്കില്‍  പുറത്താക്കാന്‍ മുഖ്യമന്ത്രി ആര്‍ജ്ജവം കാട്ടണം. കേസന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍തന്നെ ഇടപെട്ടതായി കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ഇതാര്‍ക്കുവേണ്ടിയാണെന്ന് വെളിപ്പെടുത്തണം. തനിക്കു സമ്മര്‍ദ്ദമുണ്ടായിരുന്നതായി വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രിസ്ഥാനത്തിരിക്കാന്‍ രമേശ് ചെന്നിത്തല യോഗ്യനല്ല. സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണ് കോടതിവിധി. ഈ വിധിയോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ വലിയ വില യുഡിഎഫിന് നല്‍കേണ്ടിവരും. പ്രതിപക്ഷവും ഇത്തരം അഴിമതികളെല്ലാം മൂടിവയ്ക്കാന്‍ ഭരണപക്ഷത്തിന് ഒത്താശ ചെയ്യുകയാണ്. തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടുമെന്നും എം.ടി. രമേശ് പറഞ്ഞു.ബിജെപി ജില്ലാ സെക്രട്ടറി കെ. സോമനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.