ബ്രഹ്മഹത്യക്കാരന് ഗോഹത്യക്കാരന്‍ സാക്ഷി

Saturday 31 October 2015 12:19 am IST

തിരുവനന്തപുരം : മൂന്നാം മുന്നണി എന്നൊന്ന് കേരളത്തിലില്ലെന്ന് ചെന്നിത്തല. അതിനു മുമ്പെ എ.കെ. ആന്റണി. ആദ്യം ഇതൊക്കെ കേട്ടപ്പോള്‍ അമ്പരന്നു. വന്ന് വന്ന് സ്ഥിതിഗതികള്‍ നിരീക്ഷിക്കുമ്പോഴല്ലെ അവര്‍ പറഞ്ഞതാണ് നിജമെന്ന് ബോധ്യമായത്. ഫലത്തില്‍ രണ്ടു മുന്നണിയേയുള്ളൂ. ബിജെപി നയിക്കുന്ന മുന്നണിയും ബിജെപിക്കെതിരായ മുന്നണിയുമാണ്. ഇടത്-വലത് മുന്നണികള്‍ പ്രചാരണത്തിലേയുള്ളു. പ്രവര്‍ത്തിയില്‍ അവര്‍ രണ്ടും ഒന്നാണ്. കോണ്‍ഗ്രസ് സ്വാധീനമുള്ള മേഖലയില്‍ ബിജെപിക്കെതിരെ മാത്രമാണ് പ്രചാരണം. സിപിഎം സ്വാധീനമുള്ള സ്ഥലങ്ങളിലും ബിജെപിക്കെതിരെ. സൗകര്യപൂര്‍വ്വം കോണ്‍ഗ്രസ്സുകാര്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസ്സുകാര്‍ക്കും വോട്ടു ചെയ്യും. ബ്രഹ്മഹത്യക്കാരന് ഗോഹത്യക്കാരന്‍ സാക്ഷി എന്നതുപോലെയായി. ന്യൂദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാഹുലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ ജയറാം രമേശ് പറഞ്ഞത് കേട്ടില്ലേ ? പിണറായി വിജയനെ കോണ്‍ഗ്രസ്സുകാരനായ ജയറാം മുക്തകണ്ഠം പ്രശംസിച്ചുവത്രെ. കേരളത്തില്‍ ഫലപ്രദമായി ബിജെപി നേരിടുന്നതിനാണ് മാര്‍ക്‌സിസ്റ്റുകാരന് പ്രശംസ. നോക്കണേ കോണ്‍ഗ്രസ്സുകാരന്റെ ഗതികേട്. കേരളത്തില്‍ ഫലപ്രദമായി മാര്‍ക്‌സിസ്റ്റുകാരന്‍ ബിജെപിയെ നേരിടുകയാണുപോലും. ബിജെപി കേരളത്തില്‍ അത്ര വലിയ ശക്തിയൊന്നുമല്ലെന്ന് പിണറായി വിജയന്‍ കോണ്‍ഗ്രസ് നേതാവിനെ അറിയിച്ചെന്നും വാര്‍ത്ത. അത്ര വലിയ ശക്തിയൊന്നുമല്ലാത്ത ബിജെപിയെ എതിര്‍ക്കാന്‍ എന്തിനാണാവോ മുന്നണി ബന്ധങ്ങള്‍ മറന്ന് യോജിച്ചു നില്‍ക്കാന്‍ അണിയറ നീക്കം നടത്തുന്നത് ? കോണ്‍ഗ്രസ്സിനെ വീട്ട് ബിജെപിക്കെതിരെ പ്രചാരണം നടത്തുന്നത് ? കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ കൊടി നാട്ടുന്ന കമ്മ്യൂണിസ്റ്റുകാരനും കമ്മ്യൂണിസത്തെ എതിര്‍ത്ത് അടികൊള്ളുന്ന കോണ്‍ഗ്രസ്സുകാരനും ഇരുന്നു ചിന്തിക്കേണ്ട വിഷയമാണിത്. കോണ്‍ഗ്രസിന് ബദല്‍ സിപിഎം അല്ല. സിപിഎമ്മിന് ബദല്‍ കോണ്‍ഗ്രസുമല്ല. ജയറാംരമേശിന്റെ പ്രശംസയും അത് അംഗീകരിച്ച് തലയാട്ടിയ പിണറായി വിജയനും.ഒന്നും ഒന്നും രണ്ടല്ല എന്നാണ് വ്യക്തമാക്കിയത്. അവര്‍ ഒന്നാണ്. ഒന്നായപ്പോഴാണല്ലൊ ഒന്നാം യുപിഎ ഭരണം വന്നത്. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായത് അങ്ങനെയല്ലെ ? ലക്ഷക്കണക്കിന് കോടികള്‍ വെട്ടിവിഴുങ്ങിയ കഥ മറക്കാനാകുമോ ? കൂട്ടായ്മ കവര്‍ച്ച നടത്താനാണ് ഇരുകൂട്ടരും ബിജെപിയെ എതിര്‍ക്കുന്നത്. ബിജെപി ഉണ്ടെങ്കില്‍ കക്കാന്‍ പറ്റില്ല. ഒന്നര വര്‍ഷമായിട്ടും അഴിമതിക്കാരെ പിടികൂടിയതല്ലാതെ മന്ത്രിമാരാരെങ്കിലും അഴിമതി നടത്തിയെന്ന പരാതിയുണ്ടോ ? സിപിഎം മാത്രം ഭരിച്ച മലപ്പട്ടം പഞ്ചായത്തില്‍ എട്ടുകോടിയുടെ മണല്‍ കച്ചവടത്തിന്റെ കണക്ക് പഞ്ചായത്തിന്റെ പുസ്തകത്തിലില്ല. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം പരിശോധിച്ചപ്പോള്‍ 3500 രൂപയ്ക്ക് ഒരു ലോഡ് മണല്‍ വിറ്റെങ്കിലും പുസ്തകത്തില്‍ ചേര്‍ത്തത് 950 രൂപ മാത്രം. ആയിരക്കണക്കിന് ലോഡ് മണലാണ് കടത്തിയത്. മണല്‍ വിഴുങ്ങുന്ന ഭരണം അവിടെ മാത്രം ഒതുങ്ങന്നതല്ല. കോണ്‍ഗ്രസ്സുകാരും ചില്ലറക്കാരല്ല. ഒരു മല മുഴുവന്‍ ക്വാറിക്കാര്‍ക്ക് നല്‍കിയ പള്ളിച്ചല്‍ പഞ്ചായത്ത് ഭരിച്ചത് കോണ്‍ഗ്രസ്സാണ്. എത്ര കോടി കീശയിലാക്കി എന്നതിന് കയ്യും കണക്കുമില്ല. ആയിരം പഞ്ചായത്തില്‍ ഉദാഹരണമാണ് ഇവരണ്ടും. ഒരു കലം നിറയെയുള്ള ചോറിന്റെ വേവ് നോക്കാന്‍ ഒന്നോരണ്ടോ വറ്റ് ഞെക്കി നോക്കിയാല്‍ മതിയല്ലോ. ബിജെപി ഭരിക്കുന്ന പഞ്ചായത്താണ് കാസര്‍ഗോഡ് ജില്ലയിലെ മഥൂര്‍ പഞ്ചായത്ത്. രൂപംകൊണ്ടതുമുതല്‍ ഈ പഞ്ചായത്ത് ഭരിക്കുന്നത് ബിജെപിയാണ്. 15 വര്‍ഷത്തിനിടയില്‍ ഒരഴിമതിയും അവിടെ നിന്നുയര്‍ന്നിട്ടില്ല. മാത്രമല്ല ഏറ്റവും നല്ല ഭരണം കാഴ്ച വയ്ക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന്റെ ബഹുമതിയും മഥൂര്‍ പഞ്ചായത്തിനായിരുന്നു. ഇതില്‍ നിന്നും വ്യക്തമാകുന്നത്. അഴിമതിയില്ലാത്ത ഭരണത്തിന് ബിജെപിയെ തെരഞ്ഞെടുക്കണം. മാതൃകാഭരണത്തിന് ബിജെപി തെരഞ്ഞെടുക്കണം. അടി മുതല്‍ മുടിവരെയാണ് ഇരു മുന്നണിക്കാരുടെയും അഴിമതി. പഞ്ചായത്തില്‍ അഴിമതി. നഗരസഭകളില്‍ അഴിമതി. സംസ്ഥാന ഭരണത്തിലും മത്സരിച്ച് അഴിമതി. ബാര്‍കോഴക്കേസില്‍ ധനകാര്യമന്ത്രി കെ.എം. മാണി ഇന്ന് പ്രതിക്കൂട്ടിലാണ്. കഴിഞ്ഞ ഭരണത്തിലും അഴിമതിക്കഥയ്ക്ക് പഞ്ഞമില്ല. ലാവ്‌ലിന്‍ കേസ് ഏറെ ഒച്ചപ്പാടുണ്ടാക്കിയതായിരുന്നു. അതെങ്ങോട്ട് പോയി എന്ന് അത് ഉയര്‍ത്തിക്കാട്ടിയ വി.എസ്. അച്യുതാനന്ദന്‍ ഇപ്പോള്‍ പറയുന്നില്ല. അതന്വേഷിക്കാന്‍ കോണ്‍ഗ്രസ് ഭരണത്തിന് താല്‍പര്യമില്ല. സോളാര്‍ കേസിന്റെ തീയും പുകയും കാണാനില്ല. പരസ്പരം പുറം ചൊറിഞ്ഞ് ആശ്വസിക്കുകയാണ് ഇരു മുന്നണികളും. കൂട്ടായ്മകവര്‍ച്ച നടത്തുന്നത് ചൂണ്ടിക്കാട്ടാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ബിജെപി വേണമെന്ന് മാത്രമല്ല ഭരണത്തിലെത്തണമെന്നും ജനങ്ങളാഗ്രഹിക്കുന്നു. അതിന്റെ ഫലം ഈ തെരഞ്ഞെടുപ്പിലുണ്ടാവാതിരിക്കില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.