സര്‍ക്കാരിനെ വെല്ലുവിളിച്ച് ഡോക്ടര്‍മാരുടെ സമരം

Saturday 31 October 2015 12:21 am IST

തിരുവനന്തപുരം: ചികിത്സാപ്പിഴവിനെത്തെുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഡോക്ടറെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ വെല്ലുവിളിച്ച് ഡോക്ടര്‍മാരുടെ സമരം. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കൂട്ട അവധിക്കെതിരെ  ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് അവഗണിച്ചായിരുന്നു സമരം. ജനങ്ങളെ ദുരിതത്തിലാക്കി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും താളം തെറ്റിയത്. അത്യാഹിത വിഭാഗം, ഒപി എന്നിവയുടെ പ്രവര്‍ത്തനം തടസപ്പെടില്ലെന്ന് അറിയിച്ചിരുന്നെങ്കിലും ഒപികളിലെത്തിയ രോഗികള്‍ പലരും ചികിത്സകിട്ടാതെ മടങ്ങി. ജില്ലയിലെ താലൂക്ക്  ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും കൂട്ട അവധി  ബാധിച്ചു. മറ്റ് ജില്ലകളില്‍ ഒരു മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുകയും ചെയ്തു. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെജിഎംഒഎ) നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ ഡോ. അയിഷയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ചാനല്‍ ക്യാമറാമാന്‍ റജിമോന്റെ മരണവുമായി ബന്ധപ്പെട്ടാണ് അയിഷയെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഒപി ഒഴികെ മറ്റ് ഒപി കളുടെ പ്രവര്‍ത്തനം ഡോക്ടര്‍മാരുടെ സമരംകാരണം തടസപ്പെട്ടു. ഡോക്ടര്‍മാരുടെ സമരം പരിഗണിച്ച് എന്‍ആര്‍എച്ച്എമ്മിലെ ഡോക്ടര്‍മാരുടെ സേവനം അത്യാഹിത വിഭാഗത്തിലും മെഡിക്കല്‍ ഒപിയിലും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വാര്‍ഡുകളിലെ പരിശോധന ഒന്നും കാര്യമായി നടന്നില്ല. ഗുരുതരാവസ്ഥയിലെത്തിയവര്‍ അത്യാഹിത വിഭാഗത്തെയാണ് ആശ്രയിച്ചത്. ഡോക്ടര്‍മാരുടെ സമരം അറിയാതെ ആശുപത്രികളിലെത്തിയവര്‍ കഷ്ടപ്പെട്ടു. സമരത്തെ തുടര്‍ന്ന് ഇഎന്‍ടി, സ്‌കിന്‍, ദന്തല്‍, സൈക്യാട്രി, അലര്‍ജി, കാര്‍ഡിയോളജി, ഓര്‍ത്തോ, പിഡിയാട്രിസ് തുടങ്ങി സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുടെ പ്രവര്‍ത്തനവും തടസപ്പെട്ടു. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയിലും അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. പേരൂര്‍ക്കട, നെയ്യാറ്റിന്‍കര, ചിറയിന്‍കീഴ്, വര്‍ക്കല, നെടുമങ്ങാട് തുടങ്ങി ജില്ലാ താലൂക്ക് ആശുപത്രികളുടെ പ്രവര്‍ത്തനവും താറുമാറായി. ഡോക്ടര്‍മാരുടെ ആവശ്യത്തോട് സര്‍ക്കാര്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കാത്ത പക്ഷം തിങ്കളാഴ്ച തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കാനും വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നുമാണ് കെജിഎംഒഎയുടെ ഭീഷണി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.