ബാര്‍ കോഴ: മുന്നണിയില്‍ വെടിപൊട്ടി

Saturday 31 October 2015 12:52 am IST

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ. എം മാണിക്കെതിരായ വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്ന് യുഡിഎഫിലും കേരളകോണ്‍ഗ്രസിലും വന്‍പൊട്ടിത്തെറി. വരും ദിവസങ്ങളില്‍ ഇത് വലിയ കലാപത്തിന് വഴിയൊരുക്കുമെന്നും തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് ഇടയാക്കുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇന്നലെ മാധ്യമങ്ങളെ കണ്ട എ.കെ. ആന്റണിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും മാണിയോടുള്ള കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചത്. ധാര്‍മ്മികത വ്യക്തിപരമാണെന്നും അത് കണക്കിലെടുത്ത് രാജിവയ്ക്കാന്‍ മാണി താന്‍ അല്ലല്ലോയെന്നുമായിരുന്നു ആന്റണിയുടെ വാക്കുകള്‍. കേസില്‍ തുടരന്വേഷണം നടത്താനാണ് വിജിലന്‍സ് കോടതി പറഞ്ഞത്. തുടരന്വേഷണം നടക്കട്ടെ. മാണിയുടെ കാര്യത്തില്‍ ഇനി എന്തു വേണമെന്ന് യുഡിഎഫ് തീരുമാനിക്കും.ആന്റണി പറഞ്ഞു. കേസ് ഇനി ജനകീയ കോടതിയിലാണെന്നായിരുന്നു സുധീരന്റെ പ്രതികരണം. മിക്ക നേതാക്കളും മാണി നേരത്തെ തന്നെ രാജിവയ്‌ക്കേണ്ടതായിരുന്നു എന്ന നിലപാടിലാണ്. പലരും പുറത്തു പറയുന്നില്ല എന്നുമാത്രം. ബാര്‍കോഴക്കേസില്‍ മാണി 25 ലക്ഷം രൂപ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും വിജിലന്‍സ് എസ് പി സുകേശന്‍ തന്നെ ഇക്കാര്യം തുടര്‍ന്ന് അന്വേഷിക്കണമെന്നുമാണ് കോടതി ഉത്തരവിട്ടത്. കോടതി ഇക്കാര്യം വ്യക്തമാക്കിയ സാഹചര്യത്തില്‍ മാണി രാജിവയ്ക്കണമെന്നാണ് മിക്കവരുടേയും നിലപാടും. മാണിയെ ഇങ്ങനെ ചുമന്നു നടന്ന് സ്വയം എന്തിന് നാറണം എന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും ചോദിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൂട്ടരും മാണിയെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്നതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് വലിയ എതിര്‍പ്പുമുണ്ട്. കേരളാകോണ്‍ഗ്രസിലും ഭിന്നത രൂക്ഷമാണ്. മാണിക്കെതിരെ വിധി വന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഉന്നതാധികാര സമിതി വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് പാര്‍ട്ടിനേതാവ് പി.സി. ജോസഫ് ആവശ്യപ്പെട്ടു. മാണി നിയമവകുപ്പ് എങ്കിലും ഒഴിയണമെന്നാണ് മുന്‍ എംഎല്‍എയും ജനറല്‍ സെക്രട്ടറിയുമായ ജോസഫിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പാര്‍ട്ടി ചെയര്‍മാന് കത്തു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ ജോസഫ് വിഭാഗത്തിന് ഈ നിലപാടാണ് ഉള്ളത്. നേതൃയോഗം വിളിച്ചാല്‍ മാണിക്കെതിരെ പലരും പ്രതികരിക്കുമെന്ന് ഉറപ്പാണ്. അതിനാല്‍ ഇപ്പോള്‍ നേതൃയോഗം വിളിക്കേണ്ടതില്ലെന്നാണ് മാണി പറയുന്നത്. ഇപ്പോഴതിന്റെ ആവശ്യമില്ല. മാണി പറഞ്ഞു. ജേക്കബ്ബ് ഗ്രൂപ്പ്, മുസ്ലിം ലീഗ്, ആര്‍എസ്പി എന്നിവയടക്കം യുഡിഎഫിലെ മിക്ക ഘടകകക്ഷികള്‍ക്കും ശക്തമായ എതിര്‍പ്പാണുള്ളത്. ആരും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെന്നു മാത്രം. വരും ദിവസങ്ങളില്‍ ഇവര്‍ ഒളിഞ്ഞുതെളിഞ്ഞും പ്രതികരിച്ചേക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലക്കേുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ചയാണ്. അഞ്ചിന് രണ്ടാം ഘട്ടവും. കോടതി വിധി തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്നാണ് മുന്നണിയിലെ വിലയിരുത്തല്‍. മാണിയുടെ പരിപാടികള്‍ തടയുമെന്ന് സിപിഎം ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് ഇന്നലെ ഇടുക്കി ജില്ലയില്‍ നടക്കേണ്ടിയിരുന്ന പരിപാടികള്‍ റദ്ദാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.